ശശീന്ദ്രന്റെ ശുഭചിന്തയ്ക്ക് തടസ്സം പിണറായി

Wednesday 22 November 2017 2:50 am IST

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് എന്‍സിപി. ഉറപ്പിക്കുന്നു. അശുഭ ചിന്തകളില്ലെന്ന് ശശീന്ദ്രനും പറയുന്നു. പക്ഷേ എളുപ്പമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമില്ല എന്നതു തന്നെ കാരണം. ശശീന്ദ്രന്‍ രാജിവച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്. വനിതാ മാധ്യമ പ്രവര്‍ത്തകയുമായി അശ്ലീലം സംസാരിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ ശശീന്ദ്രന്‍ രാജിവയ്ക്കുകയല്ലേ എന്നു വിളിച്ചു ചോദിക്കുകയായിരുന്നു പിണറായി. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ മന്ത്രി ഉടന്‍ രാജിയും നല്‍കി. മുന്നണി മര്യാദയുടെയോ ദേശീയ നേതൃത്വത്തോടുള്ള അഭിപ്രായം ആരായലോ വേണ്ടി വന്നില്ല.

എന്‍സിപിയുടെ പ്രതിനിധിയായി തോമസ് ചാണ്ടി മന്ത്രി ആകണമെന്നായിരുന്നു പിണറായി ആഗ്രഹിച്ചിരുന്നത്. എന്‍സിപി തീരുമാനിച്ചത് ശശീന്ദ്രനെ ആയതിനാല്‍ മനസ്സില്ലാമനസ്സോടെ മന്ത്രി ആക്കി. പുറത്താക്കാന്‍ കിട്ടിയ ആദ്യ അവസരം മുതലാക്കി. ഉടന്‍ തോമസ് ചാണ്ടിയെ മന്ത്രിയുമാക്കി. കായല്‍ കയ്യേറ്റകേസില്‍പെട്ട ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. കോടതിയില്‍നിന്ന് അനുകൂല പരാമര്‍ശമുണ്ടായാല്‍ ചാണ്ടിയെ വീണ്ടും മന്ത്രി ആക്കാമെന്നാഗ്രഹിച്ച് സ്ഥാനം ഒഴിച്ചിട്ടു. ചാണ്ടിക്കുവേണ്ടി ഇത്രയും ചെയ്ത പിണറായി മന്ത്രി സ്ഥാനത്തേക്ക് ശശീന്ദ്രന്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല തന്നെ മോശക്കാരനാക്കിയ സിപിഐക്കാര്‍ക്കുള്ള മറുപടിയായും ചാണ്ടിയുടെ വീണ്ടുമുളള മന്ത്രി സ്ഥാനത്തെ മുഖ്യമന്ത്രി കാണും.

ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആദ്യം കുറ്റവിമുക്തനാകുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം വേണമെന്നത് എന്‍സിപിയുടെ ആവശ്യം മാത്രമാണ്. ഇത് മുഖ്യമന്ത്രി അംഗീകരിച്ചതായി അവര്‍ പോലും പറയുന്നില്ല. ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന് കമ്മീഷന്‍ പറയുന്നില്ല. പരാതിക്കാരി മൊഴി നല്‍കാത്തതിനാലും ഫോണ്‍വിളിയുടെ സമ്പൂര്‍ണ ശബ്ദരേഖ ചാനല്‍ കൈമാറാത്തതിനാലും കൂടുതല്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയാണുള്ളത്.

ഇക്കാര്യം പറഞ്ഞ് വിഷയം നീട്ടികൊണ്ടുപോകാനാകും. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണം, കേസ് പൂര്‍ണമായി തീരട്ടെ തുടങ്ങി പല കാര്യങ്ങളും പറയാനുമാകും. നിയമപരമായ തീര്‍പ്പ് അനുകൂലമായാലും മന്ത്രിപദത്തിലേക്കുള്ള എ.കെ ശശീന്ദ്രന്റെ മടങ്ങിവരവിലെ ധാര്‍മികത വിശദമായി പരിശോധിക്കേണ്ടി വരും. എന്‍സിപിക്ക് മന്ത്രിസ്ഥാനം മടക്കി കൊടുക്കാന്‍ സ്വീകരിക്കുന്ന വഴികളെ ചൊല്ലി ഇടതുമുന്നണിയില്‍ മുറുമുറുപ്പുമുണ്ട്. കുറ്റവിമുക്തനായി എന്ന പേരില്‍ ശശീന്ദ്രനെ മന്ത്രിയാക്കിയാല്‍ കുറ്റമുക്തനായ ഇ. പി. ജയരാജനെ മന്ത്രി ആക്കാതിരിക്കുന്നതും ചോദ്യം ചെയ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.