വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; അഞ്ചുപേര്‍ പിടിയില്‍

Wednesday 22 November 2017 2:30 am IST

വിസ തട്ടിപ്പില്‍ പിടിയിലായ അരുണ്‍, അഷറഫ്, ബിജു, ബിനു, നോബി

അടിമാലി: കാനഡയിലും മക്കാവുദ്വീപിലും ജോലി വാഗ്ദാനം ചെയ്ത് ഒരുകോടിയിലധികം തട്ടിയെടുത്ത അഞ്ച് പേരെ അടിമാലി എസ്‌ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ് (42), കമ്പിളികണ്ടം തെള്ളിത്തോട് ചേലമലയില്‍ ബിജു കുര്യാക്കോസ് (44), ആലുവ സ്വദേശിയും ഇപ്പോള്‍ അടിമാലിയില്‍ താമസക്കാരനുമായ മുന്‍ പാതിരി പറമ്പില്‍ നോബിപോള്‍ (41), തോപ്രാംകുടി മുളപ്പുറത്ത് ബിനു പോള്‍ (36), കമ്പിളികണ്ടം ഓലാനിക്കല്‍ അരുണ്‍ സോമന്‍ (34) എന്നിവരാണ് പിടിയിലായത്.

ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍നിന്ന് 119 പേരില്‍നിന്നായി ഒരു കോടിയിലധികമാണ് ഇവര്‍ തട്ടിയത്. അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് വാങ്ങിയത്. ഒരാള്‍ക്ക് പോലും ജോലി ലഭിച്ചിട്ടില്ല. അടിമാലിയില്‍ ലൈബ്രറി റോഡില്‍ അക്‌സല്‍ അലയന്‍സ് എന്നപേരില്‍ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പരാതിയുമായി വരുന്നവര്‍ക്ക് ചെറിയ തുക നല്‍കി മടക്കി അയക്കുകയായിരുന്നു പതിവ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു.

അടിമാലി, സുല്‍ത്താന്‍ബത്തേരി, കഞ്ഞിക്കുഴി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടത്. തട്ടിപ്പിനിരയായ അടിമാലി, പാലക്കാട് സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം അടിമാലി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അറസ്റ്റിലായ ബിജു ജനതാദള്‍ (യു) ജില്ലാകമ്മിറ്റിയംഗമാണ്. അഷ്‌റഫ് ഇരുമ്പുപാലത്ത് ആശുപത്രി നടത്തുകയാണ്. പാതിരിയായിരുന്ന നോബിപോളിനെ സഭയില്‍നിന്നും പുറത്താക്കിയിരുന്നു. പുരോഹിത വേഷത്തില്‍ എത്തി വിശ്വാസ്യത മുതലെടുത്താണ് പലരേയും കുടുക്കിയത്. ബിനുപോള്‍ അടിമാലി റൂറല്‍ സഹകരണസംഘം സെക്രട്ടറിയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഇവിടെ ദുരൂഹ സാഹചര്യത്തില്‍ തീപ്പിടുത്തമുണ്ടായി രേഖകള്‍ കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലിക്കായി ഏഴ് പേരെ മക്കാവു ദീപില്‍ എത്തിച്ചെങ്കിലും ഇവര്‍ ജോലി ലഭിക്കാതെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.