അന്ന് നിയമസഭയില്‍ ഇന്ന് നഗരസഭകളിലേക്ക്

Wednesday 22 November 2017 2:30 am IST

തിരുവനന്തപുരം നഗരസഭയില്‍ ശനിയാഴ്ച ഉണ്ടായ സംഭവം കേരളത്തില്‍ ആദ്യത്തേതല്ല. ആലപ്പുഴ ഉള്‍പ്പെടെ നിരവധി നഗരസഭകളിലും കേരള നിയമസഭയിലും മുദ്രാവാക്യം വിളിയും മുഷ്ടിചുരുട്ടലും അധ്യക്ഷവേദിയിലേക്ക് പാഞ്ഞടുക്കലും നടക്കാറുണ്ട്. നിയമസഭയുടെ അധ്യക്ഷവേദിയില്‍ ഓടിക്കയറി കസേരകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ വലിച്ചെറിയലുമൊക്കെ നടന്നത് മറക്കാറായില്ല.

അന്ന് സ്പീക്കര്‍ എന്നെ പ്രതിപക്ഷം വധിക്കാന്‍ ശ്രമിച്ചു എന്നു വിളിച്ചലറിയില്ല. തന്നെ കയ്യേറ്റം ചെയ്യാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു എന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടില്ല. എന്നാല്‍ തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷ പ്രതിഷേധം കയ്യേറ്റം ചെയ്യലായി പ്രചരിപ്പിച്ചു. വധിക്കാനായിരുന്നു ശ്രമമെന്ന് കുറെക്കഴിഞ്ഞ് മേയര്‍ പറയുകയും ബിജെപി അംഗങ്ങള്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.

ഈ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആശുപത്രിയില്‍ മേയര്‍ വി.കെ. പ്രശാന്തിനെ കണ്ടശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒന്നുകൂടി കടത്തി പറഞ്ഞു. ബിജെപിക്കാരും പുറത്തുനിന്നുവന്ന ആര്‍എസ്എസുകാരും ചേര്‍ന്ന് മേയറെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കോടിയേരി പറഞ്ഞത്. മാത്രമല്ല, പോലീസിന് വീഴ്ച പറ്റിയെന്നും ആവലാതിപ്പെട്ടു. എന്താണ് വീഴ്ച? സിപിഎം പറഞ്ഞപോലെ വധശ്രമത്തിനുള്ള വകുപ്പിട്ട് കേസ്സെടുക്കാന്‍ വൈകുന്നുവത്രെ.

വധശ്രമം നടന്നെങ്കിലല്ലേ പോലീസിന് വധശ്രമത്തിന് കേസ്സെടുക്കാനാകൂ. ഏതായാലും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയും, ഏഴ് മറ്റുള്ളവര്‍ക്കെതിരെയും കേസ്സെടുക്കാനാണ് തീരുമാനം. എന്നാല്‍ വനിതകളടക്കമുള്ള ബിജെപി കൗണ്‍സലര്‍മാരെ ചവിട്ടിയിട്ട മേയര്‍ക്കും മറ്റുമെതിരെ കേസ്സെടുക്കാന്‍ പോലീസ് മടിക്കുന്നു. നഗരസഭാ പ്രതിപക്ഷനേതാവ് ഗിരികുമാര്‍, വലിയശാല സംവരണസീറ്റില്‍ ജയിച്ച ലക്ഷ്മി എന്നിവരെ തല്ലിച്ചതച്ചതില്‍ മേയറുമുണ്ടെന്നാണ് മൊഴി.

ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ അഡ്വ. മുരുഗന്‍ ആശുപത്രിയിലെത്തി ലക്ഷ്മിയെ കണ്ടു. കഴുത്തിനും അടിവയറ്റിലും മര്‍ദ്ദനമേറ്റ ലക്ഷ്മിയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചുകൊണ്ടായിരുന്നു മേയറെ ആക്രമിച്ചതായി വന്‍പ്രചാരണം നടത്തിയത്. യഥാര്‍ഥത്തില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമാണ് സിപിഎം നടത്തിയത്. അണികളെ ഇളക്കിവിടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിതപദ്ധതി. അതാണ് സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത്. പക്ഷേ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നതാണ് സത്യം.

നഗരസഭയില്‍ ഉന്തും തള്ളുമുണ്ടാകുമെന്ന് നേരത്തെ മാധ്യമങ്ങളെ അറിയിച്ചത് സിപിഎമ്മാണ്. തുടര്‍ന്ന് ‘കൈരളി’ ചാനലടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ സംഭവം നടക്കുമ്പോള്‍ നഗരസഭാ കാര്യാലയത്തിലുണ്ടായിരുന്നു. ഉന്തും തള്ളും, മേയര്‍ കോണിപ്പടിയില്‍ നിന്നു വീഴുന്നതുമെല്ലാം ദൃശ്യമാധ്യമങ്ങള്‍ ഒന്നൊഴിയാതെ പകര്‍ത്തി. ഒരാളുപോലും മറ്റൊരാളെ മര്‍ദ്ദിക്കുന്ന ചിത്രമില്ല.

മേയര്‍ വീഴുമ്പോള്‍ തൊട്ടടുത്ത് എഴുന്നേല്‍ക്കാതെ കാലില്‍ പിടിച്ചുനിര്‍ത്തിയത് മെഡിക്കല്‍കോളേജ് വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ സിന്ധുവാണ്. നിമിഷങ്ങള്‍ക്കകം കൈവരി ചാടിക്കടന്ന് മേയറെ പിടിച്ചുവലിച്ചത് കുന്നുകുഴി കൗണ്‍സിലര്‍ ഐ.പി. ബിനുവാണ്. ഇയാളാണ് രണ്ടുതവണ ബിജെപി സംസ്ഥാന കാര്യാലയത്തിനുനേരെ അക്രമം നടത്തിയത്. രണ്ടാമത്തെ തവണ പോലീസിനെ ചവിട്ടിയോടിച്ച് ഓഫീസിലെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ബിനുവിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ട് റിമാന്‍ഡില്‍ കിടന്നയാളാണ്. അയാള്‍ നഗരസഭയില്‍ മേയറെയും കൂട്ടി നടന്നുപോകുന്ന ദൃശ്യവും ക്യാമറയിലുണ്ട്.

വീഴ്ചമൂലം മേയര്‍ക്കുണ്ടായ എന്തെങ്കിലും ആഘാതമോ, നടക്കാന്‍ പ്രയാസമോ തലയ്‌ക്കോ കഴുത്തിനോ ക്ഷതമേറ്റതായോ കണ്ടില്ല. ചേംബറിലേക്കു പോകുമ്പോള്‍ മേയറുടെ പോക്കറ്റില്‍ മൊബൈല്‍ ഫോണും രണ്ട് പേനയും ഉണ്ടായിരുന്നു. തിരിച്ച് പുറത്തേക്കു വന്നപ്പോള്‍ പോക്കറ്റ് കീറി തൂങ്ങിക്കിടക്കുന്നതും കാണാനായി. എന്താണിതില്‍ നിന്നു മനസ്സിലാക്കേണ്ടത്? ചേംബറില്‍ ഒരു ഗൂഢാലോചന നടത്തിയിരിക്കുന്നു. പോക്കറ്റ് കീറിയത് മേയര്‍ തന്നെയാണോ? ചേംബറില്‍വച്ച് മറ്റാരെങ്കിലും അത് ചെയ്‌തോ? നെറ്റിക്ക് പരുക്കുണ്ടെങ്കില്‍ ചേംബറില്‍ ആരെങ്കിലുമായി കയ്യാങ്കളിയുണ്ടായോ? ഇതൊക്കെ വ്യക്തമാകേണ്ടതല്ലേ?

(തുടരും)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.