അയര്‍ക്കുന്നം പഞ്ചായത്ത് ആഫീസ് അയര്‍ക്കുന്നം പഞ്ചായത്ത് ആഫീസ് നവീകരണത്തില്‍ അഴിമതിയെന്ന് പരാതി

Tuesday 21 November 2017 9:20 pm IST

 

അയര്‍ക്കുന്നം: അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ആഫീസ് നവീകരണത്തില്‍  ക്രമക്കേടെന്ന് ആക്ഷേപം. പഞ്ചായത്ത് ഓഫീസ് നവീകരണ പദ്ധതിക്കെതിരെയാണ് അഴിമതി ആരോപണം.  ലോക ബാങ്ക് സഹായത്തോടെ പഞ്ചായത്ത് ഓഫീസ് നവീകരിക്കാന്‍ 16 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഓഫീസില്‍ വിവിധ സംവിധാനം ഒരുക്കുന്നതിനും ആധുനികവല്‍ക്കരണത്തിനുമാണ് തുക അനുവദിച്ചത്. എന്നാല്‍ തുക പൂര്‍ണ്ണമായും ചെലവഴിക്കാതെ ബില്ലു മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. ബില്ലു മാറാനുള്ള ശ്രമത്തിനെതിരെ ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങള്‍ രംഗത്തു വന്നതോടെ സംഭവം വിവാദമായി. പഞ്ചായത്ത് കെട്ടിടത്തിന്റ മൂന്നാം നില അടച്ചുകെട്ടുകയും തറ ടൈല്‍ പാകുകയും ചെയ്തു. മതില്‍ പൊളിച്ചു നിര്‍മ്മിക്കുകയും കെട്ടിടം പെയിന്റ് അടിച്ചു മോടിയാക്കുകയും പ്രസിഡന്റിന്റെ ഓഫീസ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 16 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ബില്ലു മാറാന്‍ അനുവദിക്കരുതെന്നും ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രശ്‌നം ചര്‍ച്ചക്ക് വരികയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഒരു ഉപസമിതിക്ക് രൂപം നല്‍കുകയും ചെയ്തു. ഇതിനിടയില്‍ പിന്‍വാതിലിലൂടെ ബില്ല് മാറ്റിയെടുക്കാന്‍ കരാറുകരനും ചില ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണ സമിതിയും ശ്രമം തുടങ്ങി.  പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനും പഞ്ചായത്തിലെ ബിജെപി അംഗവുമായ പ്രകാശ് ഞള്ളങ്ങാട്ടിലും ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ അംഗവുമായ തോമാച്ചന്‍ പേഴുംങ്കാട്ടിലും ഒപ്പിടാന്‍ തയ്യാറായില്ല. ഇരുവരും ഒപ്പിടാന്‍ തയ്യാറാകാത്തതോടെ ബില്ലു മാറാനുള്ള ശ്രമം പരാജയപ്പെട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മാത്രമായി പഞ്ചായത്ത് കമ്മറ്റി വിളിക്കാന്‍ ഭരണ സമിതി ആലോചിക്കുന്നതായി പറയപ്പെടുന്നു. ബില്ലു മാറാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമത്തെ എതിര്‍ക്കുമെന്ന് ബിജെപി പ്രതിനിധി അനീഷ്.കെ.നായര്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.