ഏറ്റുമാനൂര്‍: കുമരകത്ത് റസോര്‍ട്ട് മാഫിയയും മറ്റു സ്വകാര്യ വ്യക്തികളും പുറമ്പോക്കും കായലും വ്യാപകമായി കൈയേറി സ്വന്തമാക്കി വച്ചിരിക്കുന്നത് എത്രയും വേഗം ഒഴിപ്പിച്ചെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു. ഇക്കാര്യം ബിജെപി മുന്‍പ് പല പ്രാവശ്യവും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതും കൈയേറ്റങ്ങളുടെ പട്ടിക റവന്യൂ അധികാരികളുടെ കൈവശം ഉള്ളതുമാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തക്ക സമയത്ത് നടപടി എടുക്കാത്തതു മൂലം കൈയേറ്റത്തിന്റെ തോത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ റിസോര്‍ട്ടുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒടുക്കേണ്ട നികുതിയില്‍ സര്‍ക്കാര്‍ വന്‍ ഇളവ് നല്കിയിരിക്കുന്നു. അത് കൂട്ടാതെ നികുതി വെട്ടിപ്പും നടന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യം വിജിലന്‍സ് വകുപ്പ് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമരകത്തു സ്വകാര്യ വ്യക്തികള്‍ നടത്തിയിട്ടുള്ള വ്യാപക കൈയേറ്റം പരസ്യമായ രഹസ്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തയ്യാറാകണം. ഈ കൈയേറ്റങ്ങള്‍ക്കും നികുതി വെട്ടിപ്പിനും എതിരായി സര്‍ക്കാര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ഹരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: