പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വാടക മുപ്പതിനായിരത്തില്‍ നിന്ന് അയ്യായിരമായി കുറച്ചു

Tuesday 21 November 2017 9:25 pm IST

പാലാ: നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പ്രതിദിന വാടക മുപ്പതിനായിരം രൂപയില്‍ നിന്ന് അയ്യായിരം രൂപയായി കുറയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒരുലക്ഷം രൂപ സെക്യൂരിറ്റി ഈടാക്കിയിരുന്നതും അയ്യായിരം രൂപയായി കുറച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് പി.കെ. മധു പാറയില്‍ ചെയര്‍മാനായി രൂപീകരിച്ച സബ്ബ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കാര്യമായ ഭേദഗതികളൊന്നുമില്ലാതെ കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു.
ഭീമമായ വാടകയാണ് ആദ്യം നഗരസഭ തീരുമാനിച്ചത് എന്ന് ചൂണ്ടിക്കാട്ടി വിവിധ കായിക സംഘടനകളും കായിക താരങ്ങളും നഗരസഭയ്ക്കും കെ.എം. മാണി എംഎല്‍എ, ജോസ്.കെ മാണി എംപി എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കെ.എം.മാണിയും ജോസ് കെ. മാണി എംപിയും നഗരസഭാ ജനപ്രതിനിധികളെ വിളിച്ചുചേര്‍ത്ത് വാടക കുറയ്ക്കാന്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുതവണ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം നടത്തിയെങ്കിലും കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
ആദ്യദിവസം അയ്യായിരം രൂപ വാടകയും രണ്ടാംദിവസം മൂവായിരം രൂപ വാടകയും മൂന്നാംദിവസം രണ്ടായിരം രൂപ വാടകയും ഈടാക്കും. ഇതോടൊപ്പം ദിവസവും ആയിരം രൂപ ക്ലീനിംഗ് ചാര്‍ജ്ജും, കറന്റിനും വെള്ളത്തിനുമായി അഞ്ഞൂറ് രൂപയും ഈടാക്കും.
പാലാ നഗരസഭാ പരിധിയിലെ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളിലെ കായികതാരങ്ങള്‍ക്ക് സൗജന്യമായി സ്റ്റേഡിയം ഉപയോഗിക്കാം. എന്നാല്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും നഗരത്തിന് പുറത്തുള്ള ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകള്‍ക്കും ഒരുവര്‍ഷം പരിശീലനം നടത്താന്‍ അയ്യായിരം രൂപ ഈടാക്കും. കോളേജുകള്‍ക്ക് ഇത് പതിനായിരം രൂപയാണ്.
ട്രാക്കിലൂടെ നടപ്പ് വ്യായാമം ചെയ്യുന്നവര്‍ക്കായി ഒരുവര്‍ഷം 1200 രൂപ ഈടാക്കും. ഇവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഗരസഭ നല്കും. ട്രാക്കിനു പുറത്തെ ടൈല്‍ പതിപ്പിച്ച വാക്ക്-വേയിലൂടെ ആര്‍ക്കും സൗജന്യമായി നടക്കാം. കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍മാര്‍ക്കും പാലാ പ്രസ് ക്ലബ്ബ് അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും തികച്ചും സൗജന്യമായി ട്രാക്കിലൂടെ നടക്കാം. ഇവര്‍ക്കായി പ്രത്യേകം തംബ് കോഡ് ഉണ്ടാകും.
ഫുട്‌ബോള്‍ ടര്‍ഫ് കായികാവശ്യങ്ങള്‍ക്കു മാത്രമേ വിട്ടു നല്‍കൂ. സ്റ്റേഡിയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ മുകള്‍ നിലകള്‍ 1500 രൂപ വാടകയ്ക്ക് നല്കും. ട്രാക്കിന് പുറത്തുള്ള തുറസ്സായ സ്ഥലം പ്രതിദിനം 2000 രൂപ വാടകയ്ക്ക് നല്കും.
നിരവധി ദേശീയ കായിക താരങ്ങളെ സൃഷ്ടിച്ച പാലാ ജംപ്‌സ് അക്കാദമിക്ക് സ്റ്റേഡിയത്തില്‍ സൗജന്യ പരിശീലനത്തിന് കുട്ടികളെ അയയ്ക്കാം. സ്റ്റേഡിയത്തില്‍ മദ്യം, പുകവലി എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പാലാ നഗരസഭയിലെ ജീവനക്കാര്‍ക്കും സ്റ്റേഡിയത്തില്‍ സൗജന്യമായി നടക്കാവുന്നതാണ്. ഗ്രൗണ്ടിനുള്ളിലേക്ക് ലഗേജ് അനുവദിക്കുന്നതല്ല. ഉടന്‍ വിവിധ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മറ്റിയും രൂപീകരിക്കുന്നുണ്ട്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പത്ത് പുതിയ ടോയ്‌ലറ്റുകള്‍ ഉടന്‍ നിര്‍മ്മിക്കും.
സ്റ്റേഡിയത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനം നടത്തുന്നതിനായി ബൈലോ തയ്യാറാക്കാന്‍ പി.കെ മധുവിനെ അദ്ധ്യക്ഷനാക്കി സബ്ബ് കമ്മറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. അഡ്വ. ബിനു പുളിക്കക്കണ്ടം, ടോണി തോട്ടം, ബിജി ജോജോ കുടക്കച്ചിറ, റോയി ഫ്രാന്‍സിസ്, ടോമി ജോസഫ്, അഡ്വ. ബെറ്റി ഷാജു എന്നിവരാണ് സബ്ബ് കമ്മറ്റിയിലെ ഇതര അംഗങ്ങള്‍. സ്റ്റേഡിയത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.