കയ്യേറ്റക്കാര്‍ക്കായി ഒരു ഹര്‍ത്താല്‍

Wednesday 22 November 2017 2:30 am IST

ഇടതുമുന്നണിയിലെ തര്‍ക്കത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ നാടുനീളെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎം. തിരുവനന്തപുരത്ത് നഗരസഭാ മേയറെ ആക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കി ജില്ലയിലുടനീളം അവര്‍ ആക്രമണം നടത്തി. മൂന്നാറില്‍ നടക്കുന്നത് ഇതിലും അപ്പുറമാണ്. സിപിഎം-സിപിഐ അടിയുടെ തുടര്‍ച്ചയാണ് അവിടെ നടന്ന ഹര്‍ത്താല്‍ എന്നു തോന്നാം. എന്നാല്‍ അങ്ങനെ ചുരുക്കിക്കാണാന്‍ സാധ്യമല്ലെന്ന് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

വ്യാപകമായ അക്രമങ്ങളാണ് മൂന്നാറില്‍ അരങ്ങേറിയത്. സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. പോലീസിനേയും വെറുതെ വിട്ടില്ല. പട്ടാളത്തേയും കൈകാര്യം ചെയ്തു. സൂര്യനെല്ലിയില്‍ ക്യാമ്പു ചെയ്ത ഇന്ത്യന്‍ നാവികസേവനയുടെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പതിനാലു ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ഇവര്‍ക്ക് അകമ്പടിപോയ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. കശ്മീരിലേയും വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലേയും സാഹചര്യം കേരളത്തിലും സൃഷ്ടിക്കുകയാണെന്നു വേണം കരുതാന്‍. ഇതിനൊക്കെ നേതൃത്വം നല്‍കിയത് ഭരണകക്ഷിയാണെന്നുള്ളതാണ് പ്രധാനം. കശ്മീരില്‍ ഭരണത്തിനൊപ്പം ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ച ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പതിപ്പായി സിപിഎം അധഃപതിച്ചതിന്റെ ദയനീയ കാഴ്ചയാണിത്. ഇതിന് തടയിട്ടേ പറ്റൂ.

സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലുള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് പലപ്പോഴും ചൂണ്ടിക്കാണിക്കാന്‍ ന്യായയുക്തമായ ഒരു കാരണമുണ്ടാകും. എന്നാല്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് മൂന്നാറിലെ ഹര്‍ത്താലും അക്രമങ്ങളും. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഭരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും. സര്‍ക്കാര്‍ നടപടി തെറ്റാണെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തിരുത്തിക്കാം. അതിനൊന്നും ശ്രമിക്കാതെ ജനങ്ങളെയും യാത്രക്കാരെയുമെല്ലാം ബന്ദികളാക്കി വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന് ന്യായീകരണമില്ല.

മൂന്നാറില്‍ എംപി ഉള്‍പ്പെടെ വ്യാപകമായ കയ്യേറ്റം നടത്തിയെന്നതിനുള്ള തെളിവുകള്‍ ഒന്നിനുപുറകെ ഒന്നായി വരുന്നു. എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കയ്യേറ്റക്കാരുടെ കൈതാങ്ങികളാണെന്നും തെളിയുന്നു. പള്ളിയുടെയും പട്ടക്കാരുടെയും പേരില്‍ മലകള്‍ കയ്യേറി കുരിശു നാട്ടി ഭൂമാഫിയ സ്വന്തമാക്കുന്നു. ഇതിനൊക്കെ ഓശാന പാടുകയാണ് പണക്കാരുടെ പാര്‍ട്ടിയായിരിക്കുന്ന സിപിഎം. ഇതെല്ലാം നടന്നിട്ടും ജനങ്ങളെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തിയതിന് പിന്നില്‍ രാഷ്ട്രീയത്തിനപ്പുറം മറ്റു ചിലതുണ്ട്.

ഇടുക്കി കേന്ദ്രീകരിച്ച് രാജ്യദ്രോഹ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് സാധൂകരിക്കുന്ന ചില അറസ്റ്റുകളും നടന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ഇത്തരം ശക്തികളാണെന്ന് സൂചനയുമുണ്ടായിരുന്നു. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെതന്നെ മര്‍മ്മപ്രധാനമായ സ്ഥലങ്ങളിലൊന്നായ ഇടുക്കിയെ സംഘര്‍ഷമേഖലയാക്കുക എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യദ്രോഹമാണ്. ഇതിന് കൂട്ടുനില്‍ക്കുകയാണ് നിര്‍ഭാഗ്യവശാല്‍ സിപിഎം. ആദര്‍ശത്തിന്റെയോ ജനപക്ഷ നിലപാടിന്റെയോ പിന്‍ബലമില്ലെന്ന് ഉറപ്പായിട്ടും കയ്യേറ്റക്കാര്‍ക്കായി ഈ പാര്‍ട്ടി കൈമെയ് മറന്ന് പോരാടുന്നതിന്റെ സത്യം വെളിച്ചത്തുവരേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.