സഞ്ചാരികളുടെ സ്വര്‍ഗം, പക്ഷേ...

Wednesday 22 November 2017 2:45 am IST

കേരളം ലോകത്തിലെ 13 സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണത്രെ. ഇവിടേക്ക് വിനോദസഞ്ചാരം കൊണ്ടുവരുന്ന വിദേശ മൂലധനം 7749.51 കോടിയാണ്. 2016 ല്‍ 29658 കോടിയായിരുന്നു വിനോദസഞ്ചാരികളുടെ സംഭാവന. അതായത് 11.51 ശതമാനം വര്‍ധന. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായിട്ടാണ് കേരളം അറിയപ്പെടുന്നത്. ഭൂമിയിലെ 13 സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാവാന്‍ പ്രധാന കാരണം ഇവിടത്തെ കാലാവസ്ഥയാണ്.

ശാന്തസുന്ദരമായ ബീച്ചുകളും തടാകങ്ങളും നിബിഡവനങ്ങളും വൈവിധ്യമുള്ള വന്യമൃഗങ്ങളും ഇതിന് മാറ്റുകൂട്ടുന്നു. ടൂറിസ്റ്റ് സങ്കേതങ്ങള്‍ തമ്മില്‍ അധിക ദൂരമില്ല. ഇവിടത്തെ ക്ലാസിക്കല്‍ കലകളും തൃശൂര്‍പൂരംപോലുള്ള വര്‍ണശബളമായ ക്ഷേത്രോത്സവങ്ങളുമെല്ലാമാണ് വിദേശികളെ ആകര്‍ഷിക്കുന്നത്. നമ്മുടെ സവിശേഷമായ ആഹാരരീതിയും അവര്‍ക്ക് ഏറെ ഇഷ്ടമാണ്. ടൂറിസ്റ്റ് രംഗത്തുള്ള എന്റെ സുഹൃത്ത് രഞ്ജിനി മേനോന്‍ പറയുന്നത് കഞ്ഞി പ്ലാവിലകൊണ്ട് കോരിക്കുടിക്കുന്നത് വിദേശികള്‍ക്ക് സന്തോഷം നല്‍കുന്നുവെന്നാണ്.

കേരളത്തിന്റെ പ്രത്യേകത ഇവിടത്തെ വിനോദസഞ്ചാരത്തിന് കൃത്യമായ ‘സീസണ്‍’ ഇല്ല എന്നതാണ്. കാലാവസ്ഥാ വ്യതിയാനം ഇവിടെ അത്ര പ്രകടമല്ലല്ലോ. കോവളം, വര്‍ക്കല, ശംഖുംമുഖം പോലത്തെ ശാന്തസുന്ദര ബീച്ചുകളും, സുഖപ്രദമായ സൂര്യപ്രകാശവും,മനോഹരമായ മണല്‍പ്പരപ്പുകളും വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. മറ്റൊരു ആകര്‍ഷണം ഇവിടത്തെ ടൂറിസംകേന്ദ്രങ്ങള്‍ വിമാനത്താവളങ്ങള്‍ക്കടുത്താകുന്നു എന്നതാണ്. കേരളത്തിന്റെ ആയുര്‍വേദവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള കാലടിയിലെ നാഗാര്‍ജ്ജുന പോലുള്ള ആയുര്‍വേദകേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. പുഴയുടെ സാമീപ്യവും മറ്റും അവര്‍ക്ക് ആഹ്ലാദകരമാണ്. സോമതീരവും ടൂറിസ്റ്റ് കേന്ദ്രമാണ്.

മീന്‍പിടുത്തം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ വിഴിഞ്ഞവും പൂവാറും മറ്റും തിരഞ്ഞെടുക്കുന്നു. വേളി, കൊച്ചുവേളി, വര്‍ക്കലയിലെ ശിവഗിരി മഠം, കുട്ടനാട് എന്നിവിടങ്ങളെല്ലാം അവരില്‍ ആഹ്ലാദം ജനിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ ഇവിടെനിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രയും, ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശനവും ലഹരി പകരുന്നു. 2006 ല്‍നിന്ന് 2008 ആയപ്പോള്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനയാണുണ്ടായത്. 1999 ല്‍ 48,88,287 വിനോദസഞ്ചാരികളാണ് കേരളത്തില്‍ വന്നതെങ്കില്‍ 2008 ല്‍ അത് 75,91,250 ആയി ഉയര്‍ന്നു. 14.28 ശതമാനം വര്‍ധന. ആഗസ്റ്റു മുതല്‍ മെയ് മാസംവരെ ഏറ്റവും ആകര്‍ഷകമായ ടൂറിസ്റ്റ് സീസണ്‍ ആണ്. അതില്‍തന്നെ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പീക്ക് സീസണ്‍.

ഇന്ന് കേരളം ലക്ഷ്യമിടുന്നത് 365 ദിന ടൂറിസം മേഖലയാക്കി ഉയര്‍ത്താനാണ്. പ്രത്യേകിച്ച് തിരുവനന്തപുരവും എറണാകുളവും തൃശൂരും. തൃശൂര്‍ പൂരം കാണാനെത്തുന്ന വിദേശികള്‍ എത്രയധികമാണെന്ന് ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അമ്പലങ്ങളിലെ ഉത്സവങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രിയമാണ്. തിരുവോണ ദിനത്തില്‍ തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ മലയാളികള്‍ മാത്രമല്ല, ഒരുപാട് വിനോദ സഞ്ചാരികളും എത്തുന്നു. തിക്കിലും തിരക്കിലും അവര്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കനുസരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധം കേരളത്തിന്റെ കലകളും ഉത്സവങ്ങളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഇതെല്ലാം പറയുമ്പോഴും ദൈവം അനുഗ്രഹിച്ചു തന്ന പ്രകൃതി സൗന്ദര്യവും വൈവിധ്യവും വന്യമൃഗസമ്പത്തും സുരക്ഷിതമാക്കി വയ്ക്കുന്നതില്‍ മലയാളികള്‍ അശ്രദ്ധരാണ്. സ്വന്തം ലാഭത്തിനുവേണ്ടി വൃക്ഷങ്ങളെ വെട്ടി വീഴ്ത്തി വനം ശോഷിപ്പിക്കാനും, മൃഗങ്ങളെ വേട്ടയാടാനും മലയാളി ഉത്സുകരാണ്. എന്തും സ്വന്തമാക്കി വിറ്റ് കാശാക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. അത് സംരക്ഷിച്ച് സമ്പത്താക്കി മാറ്റാന്‍ ശ്രദ്ധയില്ല.

ഞാന്‍ കോട്ടയത്ത് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ലേഖികയായിരുന്നപ്പോള്‍ ഒരുപാട് ലേഖനങ്ങള്‍ വിനോദ സഞ്ചാരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. കോട്ടയം പ്രകൃതി സുന്ദരമാണ്. രാജാറാവു എന്ന പ്രസിദ്ധ എഴുത്തുകാരന്‍ ആത്മീയ വെളിച്ചം തേടി ചെങ്ങന്നൂരുള്ള ഗുരുവിന്റെ അടുത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു. കേരളത്തില്‍ ആത്മീയ ടൂറിസവും വളരുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു. വിനോദസഞ്ചാരികളുടെ അഭിമുഖം എടുക്കുമ്പോള്‍ അവര്‍ കൗതുകകരമായ പലതും ചോദിക്കാറുണ്ട്. പ്രഭാതത്തില്‍ ചായക്കടയില്‍ വന്നിരുന്ന് പത്രം വായിച്ച് അറിവുനേടുന്ന, ശാരീരികശുചിത്വം പാലിക്കുന്ന മലയാളിക്ക് എന്തുകൊണ്ട് പരിസരശുചിത്വ സാക്ഷരത ഇല്ലെന്നാണ് പലരും ചോദിക്കാറുള്ളത്. ബസ്സില്‍ യാത്രചെയ്യുന്ന പാശ്ചാത്യര്‍, യാത്രക്കാര്‍ ബസ്സിലിരുന്ന് പുറത്തേക്ക് തുപ്പുന്നതുകണ്ട് നെറ്റിചുളിക്കുന്നു. പക്ഷേ മറ്റുള്ളവര്‍ എന്തുവിചാരിച്ചാലും ‘പുല്ലാണേ പുല്ലാണേ’ എന്നതാണ് മലയാളിയുടെ മുദ്രാവാക്യം.

ഇന്ന് കേരളം മയക്കുമരുന്നിന്റെയും കേന്ദ്രം കൂടിയാണല്ലോ. ദിനപത്രങ്ങള്‍ നിവര്‍ത്തിയാല്‍ മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ചയാളെ പിടിച്ചുവെന്ന വാര്‍ത്തകള്‍ കാണാം. മയക്കുമരുന്നുപയോഗം സ്‌കൂള്‍ കുട്ടികളില്‍പ്പോലും വ്യാപകമാണ്. മദ്യപാനിയായ പിതാവോ, സീരിയല്‍ അടിമയായ അമ്മയോ അത് അറിയുന്നുപോലുമില്ല. ഇന്ന് പല സ്ത്രീകളും അമ്മയല്ല, മകളല്ല, സഹോദരിയല്ല, മരുമകളല്ല, വെറും ലൈംഗിക ഉല്‍പ്പന്നം മാത്രം. മലയാളി എത്ര അധഃപതിച്ചുവെന്നതിന്റെ തെളിവാണിത്. ഇപ്പോള്‍ വ്യഭിചാരവും മയക്കുമരുന്നും മദ്യപാനവും പരിസരശുചിത്വമില്ലായ്മയും കേരളത്തിന്റെ മുഖമുദ്രയായി മാറുകയാണ്. ജീവിതശൈലീ രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നു. ഡോക്ടര്‍മാര്‍ക്കുവരെ ജീവിതശൈലീ രോഗങ്ങള്‍ക്കടിപ്പെട്ട് ജീവന്‍ വെടിയേണ്ടിവരുന്നു.

പത്തുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മലയാളി ഡോക്ടര്‍മാരില്‍ പലരും ഹൃദയസംബന്ധമായ രോഗികളും, കാന്‍സര്‍ ബാധിച്ചവരും വൃക്ക രോഗം ബാധിച്ചവരുമാണത്രെ. റോഡപകടങ്ങളുടേയും സ്വന്തം നാടായി കേരളം മാറിക്കഴിഞ്ഞല്ലോ. റോഡ് സെന്‍സ് മലയാളിക്കില്ല. ഡോക്ടര്‍മാരുടെ ശരാശരി വയസ്സ് 67.9 ശതമാനമാണ്. മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം 74.9 വയസ്സും. ആരോഗ്യപരിപാലകര്‍പോലും ആരോഗ്യഭീഷണിയിലായ ഒരു നാട്ടില്‍ മലയാളി നാണിച്ച് തലകുനിയ്ക്കണ്ടേ? മറ്റൊരു കാര്യം വര്‍ധിച്ചുവരുന്ന പ്രമേഹ രോഗ മരണനിരക്കാണ്. പണ്ട് പ്രമേഹം ധനവാന്റെ രോഗമായിട്ടാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്
അത് സര്‍വ്വസാധാരണമാണ്. സ്ത്രീകള്‍ പ്രത്യേകിച്ച് പ്രമേഹരോഗ ഭീഷണിയിലാണത്രെ. ഇന്ന് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള മരുന്നുകളില്‍ ഒന്ന് ഇന്‍സുലിന്‍ ആണ്.
ചുരുക്കത്തില്‍ കേരളത്തിലെ ജനങ്ങളുടെ ശാരീരിക-മാനസികാരോഗ്യം പിന്തള്ളപ്പെട്ടിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ കാര്യത്തില്‍ ഒരു പുനരാലോചന വേണ്ടിയിരിക്കുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.