ഐഎസ്എല്‍: പൂനെ-ദല്‍ഹി അങ്കം ഇന്ന്

Wednesday 22 November 2017 2:45 am IST

പൂനെ: ഐഎസ്എല്‍ നാലാം പതിപ്പിലെ ആദ്യ പോരാട്ടത്തിനായി പൂനെ സിറ്റി എഫ്‌സിയും ദല്‍ഹി ഡൈനാമോസും ഇന്ന് അങ്കത്തട്ടില്‍. ശ്രീ ശിവ്ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാത്രി എട്ടിന് കിക്കോഫ്. കഴിഞ്ഞ മൂന്ന് സീസണുകളിലും സ്ഥിരത പുലര്‍ത്തിയ ടീമായിട്ടും ഇതുവരെ ഡൈനാമോസിന് ഫൈനല്‍ കളിക്കാനോ കിരീടമുയര്‍ത്താനോ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും സെമി കളിച്ചു. ആദ്യ സീസണില്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു ഡൈനാമോസ്.

ഇത്തവണ കിരീടം നേടാനുറച്ചാണ് ദല്‍ഹി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ടീമിന്റെ ഘടനയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്തി. കഴിഞ്ഞ സീസണില്‍ ടീമില്‍ കളിച്ച ഒരു താരത്തെയും അവര്‍ നിലനിര്‍ത്തിയില്ല. പ്രതിരോധത്തിലെ കരുത്തനായ മലയാളി താരം അനസ് എടത്തൊടിക, ഗോള്‍ഡന്‍ ബൂട്ട് ജേതാവായ മാര്‍സലീഞ്ഞോ, ഫ്‌ളോറന്റ് മലൂദ അടക്കമുള്ള താരങ്ങളെ ഉപേക്ഷിച്ച ടീം പുത്തന്‍ താരങ്ങളെയാണ് പുതിയ സീസണിനായി തെരഞ്ഞെടുത്തത്.
ഓരോ സീസണിലും പുതിയ കോച്ചിനെ നിയമിക്കുന്ന പതിവ് ഇത്തവണയും ഡല്‍ഹി ടീം മാനേജ്‌മെന്റ് തെറ്റിച്ചില്ല. റോബര്‍ട്ട് കാര്‍ലോസും ജിയാന്‍ലുക്ക സാംബ്രോട്ടയും പരിശീലിച്ച ടീമിനായി ഇത്തവണ തന്ത്രമോതുന്നത് പഴയ റയല്‍ താരം മിഗുവേല്‍ ഏഞ്ചല്‍ വികാരിയോ.

യുവ താരങ്ങളുടെ പ്രതിഭ തേച്ചുമിനുക്കിയെടുക്കാനും കളിക്കാരെ വിന്യസിക്കാനുമുള്ള രീതിയില്‍ പ്രത്യേക മികവുണ്ട് ഏഞ്ചലിന്. വിങിലാണ് അദ്ദേഹം പരമാവധി ശ്രദ്ധ ചെലുത്തുന്നത്. വേഗതയേറിയ വിങര്‍മാരെ പരമാവധി തെരഞ്ഞെടുക്കാനാണ് ടീം അധികൃതരോട് കോച്ച് ആദ്യം തന്നെ നിര്‍ദ്ദേശിച്ചത്. മധ്യനിരയില്‍ പരിചയസമ്പന്നരായ രണ്ട് ലാറ്റിനമേരിക്കന്‍ താരങ്ങളിലാണ് ഏറെ പ്രതീക്ഷ. ഉറുഗ്വേയില്‍ നിന്നുള്ള മത്യാസ് ബിര്‍ബാജെയും ബ്രസീലിന്റെ പൗളീഞ്ഞ്യോ ഡയസുമാണ് ഈ താരങ്ങള്‍. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന് പുറമെ പ്രീതം കോട്ടാല്‍, സെന റാള്‍ട്ടെ, പ്രതിക് ചൗധരി, സെയ്ത്യാസെന്‍ സിങ്, റോമിയോ ഫെര്‍ണാണ്ടസ്, ലാലിയന്‍സുവാല ഛങ്‌തെ തുടങ്ങിയ നിരവധി പ്രതിഭാശാലികളായ ആഭ്യന്തര താരങ്ങളും നിരയിലുണ്ട്.

സ്‌ട്രൈക്കര്‍മാരായി നൈജീരിയയില്‍ നിന്നുള്ള കാലു ഉച്ചെ, കുര്‍കാവോയില്‍ നിന്നുള്ള ഗുയോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍. ഒപ്പം ഇന്ത്യന്‍ താരം റോമിയോ ഫെര്‍ണാണ്ടസും, ലാലിയന്‍സുവാല ചാങ്‌തെയും. പ്രതിരോധത്തില്‍ വെനസ്വേലയുടെ ഗബ്രിയേല്‍ ഗിച്ചേറോ, സ്പാനിഷ് താരം എഡു മോയ എന്നിവരാണ് വിദേശികള്‍.

പൂനെക്കെതിരായി നടക്കുന്ന ആദ്യ മത്സരത്തിനെ വളരെ ഗൗരവത്തോടെയാണ്—മിഗുവേല്‍ ഏഞ്ചല്‍ എടുത്തിരിക്കുന്നത്. പൂനെ മികച്ച ടീം ആണെന്ന സര്‍ട്ടിഫിക്കറ്റും അദ്ദഹം നല്‍കി മാഴ്‌സീലിഞ്ഞോയും അല്‍ഫാരോയെയും പോലുള്ള വളരെ നല്ല കളിക്കാര്‍ അവരുടെ പക്കലുണ്ട്. എന്നാലും ഞങ്ങള്‍ തന്നെ ജയിക്കും. എന്നെ സംബന്ധിച്ചും ജയം വളരെ പ്രധാനമാണ്. പക്ഷേ ഇത് ആദ്യ മത്സരം ആയതിനാല്‍ എങ്ങനേയായിരിക്കുമെന്നു കണ്ടറിയേണ്ടതുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

മറുവശത്ത് സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് പൂനെ സിറ്റി എഫ്‌സി. കഴിഞ്ഞ മൂന്ന് സീസണിലും സെമിയില്‍ കടക്കാന്‍ കഴിയാതിരുന്ന അവരുടെ ആദ്യ ലക്ഷ്യവും അതുതന്നെയാണ്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് പുതുപുത്തന്‍ താരനിരയുമായാണ് അവര്‍ വരുന്നത്. ആദ്യപടിയായി കഴിഞ്ഞ സീസണിലെ പരിശീലകന്‍ അന്റോണിയോ ഹബ്ബാസിന് പകരം സെര്‍ബിയന്‍ കോച്ച് റാങ്കോ പോപോവിച്ചിനെ നിയമിച്ചു.

പോയ സീസണിലെ ടോപ് സ്‌കോറര്‍ ദല്‍ഹിയുടെ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയെ സ്വന്തം പാളയത്തിലെത്തിച്ചു. മറ്റൊരു ബ്രസീലിയന്‍ താരം ഡീഗോ കാര്‍ലോസ്, ഉറുഗ്വെ താരം എമിലിയാനോ അല്‍ഫാരോ എന്നിവര്‍ ടീമിലെ മറ്റ് വിദേശ സ്‌ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ സ്പാനിഷ് താരം മാര്‍ക്കോസ് ടെബാറും ബ്രസീലില്‍നിന്നുള്ള ജോനാഥന്‍ ലൂക്ക, അര്‍ജന്റീനയില്‍ നിന്നുള്ള റോബര്‍ട്ടീഞ്ഞോ എന്നിവരാണ് പ്രമുഖര്‍. പ്രതിരോധത്തില്‍ റാഫ ലോപ്പസ്, ദാമിര്‍ ഗ്രിക് എന്നിവരുമാണ് വിദേശികള്‍. ഒപ്പം മികച്ച ഒരുപിടി ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്.

ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്ന് മത്സരത്തലേന്ന് നടന്ന പത്രസമ്മേളനത്തില്‍ കോച്ച് പോപോവിച്ച്—പറഞ്ഞു. മത്സരത്തിനു തയ്യാറെടുക്കാന്‍ ആവശ്യത്തിനു സമയം ലഭിച്ചു. കളിക്കാരും ആവേശത്തിമര്‍പ്പിലാണ്. ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കുമെന്നും” അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടില്‍ കളിക്കുവാന്‍ കഴിയുന്നതിന്റെ ആനുകൂല്യം ലഭിക്കുമോ എന്ന ചോദ്യത്തിനു ഹോം ഗ്രൗണ്ടില്‍ കളിക്കാനാവുന്നത്—ഒരു ആനുകൂല്യമല്ലെന്നായിരുന്നു കോച്ചിന്റെ മറുപടി. മറിച്ച് ജയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എവിടെയാണെങ്കിലും നന്നായി കളിച്ചേ മതിയാകൂ. അതേസമയം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യത്തെയും അദ്ദേഹം തള്ളിക്കളയുന്നില്ല. ആദ്യം തന്നെ മൂന്നു പോയിന്റ് നേടാന്‍ വേണ്ട പിന്തുണ ലഭിക്കുന്നത്—നല്ല കാര്യമാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

അതേസമയം കണക്കുകളുടെ കളിയില്‍ മുന്‍തൂക്കം ദല്‍ഹി ഡൈനാമോസിനാണ്. ഇതിനു മുന്‍പ്— കളിച്ച ആറ്—മത്സരങ്ങളില്‍ പൂനെ സിറ്റി ഒരു മത്സരത്തില്‍ മാത്രമാണ്—ജയിച്ചത്. ദല്‍ഹി മൂന്നെണ്ണത്തില്‍ ജയിച്ചു. രണ്ടു മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.