സൈനബയെയും സത്യസരണി ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും ആവശ്യം

Wednesday 22 November 2017 2:50 am IST

ന്യൂദല്‍ഹി: വിവാദ മതംമാറ്റ വിവാഹം സംബന്ധിച്ച കേസില്‍ വൈക്കം സ്വദേശിനി അഖിലയുടെ മൊഴി അടച്ചിട്ട കോടതി മുറിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. പോപ്പുലര്‍ഫ്രണ്ട് വനിതാ നേതാവ് സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയുടെ ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ ആവശ്യപ്പെടുന്നു.

തിങ്കളാഴ്ച 3മണിക്കാണ് അഖിലയുടെ മൊഴി സുപ്രീംകോടതി രേഖപ്പെടുത്തുക.
കേസിന്റെ സാഹചര്യവും അഖിലയുടെ സ്വകാര്യതയും പരിഗണിച്ച് വാദം കേള്‍ക്കുന്നത് അടച്ചിട്ട കോടതി മുറിയിലാവുന്നതാണ് ഉചിതം. തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് സുരക്ഷാ ഭീഷണി വര്‍ദ്ധിപ്പിക്കും.അശോകന്‍ ചൂണ്ടിക്കാട്ടി.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനങ്ങളും വെളിച്ചത്തു കൊണ്ടുവന്ന ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അശോകന്റെ അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്. അഖിലയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബ ഇത്തരത്തില്‍ നിരവധി മതംമാറ്റ വിവാഹങ്ങള്‍ നടത്തിയ വ്യക്തിയാണ്. ദേശീയ മാധ്യമം നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ സൈനബ തന്നെ ഇത്തരം കാര്യങ്ങള്‍ സമ്മതിക്കുന്നുണ്ട്.

ഐഎസ് ഏജന്റായ മന്‍സി ബുറാഖിയുമായി ഷെഫിന്‍ ജഹാന്‍ നടത്തിയ വിവിധ സംഭാഷണങ്ങളുടെ രേഖകളും അശോകന്റെ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തവുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന അജണ്ട. ഇന്ത്യയുടെ ഇസ്ലാമികവല്‍ക്കരണമാണ് പ്രധാന അജണ്ടയെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് തന്നെ ഒളിക്യാമറാ ഓപ്പറേഷനില്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് ഷെഫിന്‍ ജഹാന്‍.

കണ്ണൂര്‍ കനകമലയില്‍ നിന്നും എന്‍ഐഎ പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ റിക്രൂട്ടിംഗ് ഏജന്റ് മന്‍സി ബുറാഖിയുമായുള്ള ഷെഫിന്‍ ജഹാന്റെ ഫേസ്ബുക്ക് ചാറ്റിംഗില്‍ ഐഎസ് റിക്രൂട്ടിംഗ് ഏജന്റായാല്‍ തനിക്ക് എത്ര രൂപ ലഭിക്കുമെന്ന് ഷെഫിന്‍ ചോദിക്കുന്നുണ്ട്. രൂപയല്ല. ഡോളറുകളായി പണം ലഭിക്കുമെന്ന് ബുറാഖി പറയുന്നുമുണ്ട്. അതിനാല്‍ തന്നെ മകളെ ഇത്തരത്തിലുള്ള ആള്‍ക്കൊപ്പം അയക്കരുതെന്നും അശോകന്റെ അപേക്ഷയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.