മേയര്‍ക്കെതിരെ പട്ടികജാതി പീഡനത്തിന് കേസെടുക്കണം: ദേശീയ പട്ടികജാതി കമ്മീഷന്‍

Wednesday 22 November 2017 2:30 am IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ.പ്രശാന്തിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രാകരം കേസെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശം. ദേശീയ ഉപാധ്യക്ഷന്‍ എല്‍. മുരുകനാണ് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന് നിര്‍ദ്ദേശം നല്‍കിയത്. വലിയശാലയിലെ ബിജെപി കൗണ്‍സിലര്‍ ലക്ഷ്മിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി.ബിനു, മേയറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജിന്‍ രാജ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. മേയറുടെ ചികിത്സാ രേഖകള്‍ ഹാജരാക്കാനും മേയര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്ത നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാനും കമ്മീഷണറോട് ആവശ്യപ്പെട്ടു. ലക്ഷ്മിയുടെ മകനെ നിരന്തരം കള്ളക്കേസില്‍ കുടുക്കി നാട്ടില്‍ നിന്ന് പോകണമെന്ന് ഭീഷണിപ്പെടുത്തിയ തമ്പാനൂര്‍ സിഐ പൃഥ്വിരാജിനെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കും.

കൗണ്‍സില്‍ ഹാളിലെ ബഹളത്തിനിടയില്‍ ഉണ്ടായ സംഭവത്തില്‍ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നതെന്ന് ഡിജിപിയോട് അന്വേഷിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
ഇന്നലെ രാവിലെ ആറ്റുകാല്‍ ആശുപത്രിയിലെത്തി ലക്ഷ്മിയുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. കൗണ്‍സിലില്‍ ബഹളത്തിനിടെ ലക്ഷ്മിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ബോധ്യമായെന്നും കമ്മീഷന്‍ പറഞ്ഞു. അതിനാലാണ് പട്ടികജാതി പീഡന നിരോധന നിയമത്തിലെ 3(1) ആര്‍, 3(1)എം വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളതെന്ന ഒറ്റക്കാരണത്താല്‍ കൗണ്‍സില്‍ കൂടുമ്പോള്‍ ലക്ഷ്മിക്ക് മൈക്ക്‌പോലും നല്‍കാറില്ല. ഒന്നരവര്‍ഷമായി കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല. കൗണ്‍സിലറുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍പോലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. കളക്ടര്‍ ഡോ.കെ. വാസുകി, എസ്‌സി-എസ്ടി വകുപ്പ് ജോയിന്റ് സെക്രട്ടറി ബി.വി.എസ്. മണി, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ് ബാബു, നഗരസഭാ സെക്രട്ടറി ദീപ എല്‍.എസ് എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് കമ്മീഷന്റെ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.