ഇന്ത്യക്ക് ആഗോള ജയം

Wednesday 22 November 2017 2:55 am IST

ന്യൂദല്‍ഹി: യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ വന്‍ ശക്തികള്‍ ഒന്നിച്ച് എതിര്‍ചേരിയില്‍ അണിനിരന്നിട്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജി നിയമനത്തില്‍ ഇന്ത്യക്ക് വന്‍ വിജയം. ആഗോള തലത്തില്‍ അധികാരത്തിന്റെ പുനര്‍നിര്‍ണയം എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്ന വിജയത്തിലൂടെ ഇന്ത്യയുടെ പ്രതിനിധി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയെ പതിനൊന്നംഗ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയായി വീണ്ടും തെരഞ്ഞെടുത്തു.

ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു കുറച്ചു ദിവസങ്ങളായി തുടര്‍ന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പതിനൊന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെതിരെ ഉജ്വലവിജയമാണ് സുപ്രീംകോടതി മുന്‍ ജഡ്ജി, എഴുപതു വയസുകാരനായ ജസ്റ്റിസ് ഭണ്ഡാരി നേടിയത്. 1945നു ശേഷം ഇതാദ്യമാണ് ബ്രിട്ടിഷ് ജഡ്ജി അംഗമല്ലാത്ത അന്താരാഷ്ട്ര നീതിന്യായ കോടതി വരുന്നത്. 2018 ഫെബ്രുവരി മുതല്‍ ഒന്‍പതു വര്‍ഷമാണ് ഭണ്ഡാരിയുടെ കാലാവധി.

പതിനൊന്നു റൗണ്ടുകളുടെ അവസാനം പൊതുസഭയിലെ 193ല്‍ 183 വോട്ടുകളും ഇന്ത്യ നേടി. സുരക്ഷാ സമിതിയില്‍ ഒരു ഘട്ടത്തില്‍ അഞ്ചിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് ഗ്രീന്‍വുഡ് മുന്നിലായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ പതിനഞ്ചു വോട്ടുകളും ഭണ്ഡാരിക്കു കിട്ടിയ ഘട്ടം വന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രക്ഷാസമിതികളിലെ നാലു സ്ഥിരാംഗങ്ങളും ബ്രിട്ടനു പിന്നില്‍ പിന്തുണയുമായി അണിനിരന്നിരുന്നു.

ഇന്ത്യയുടെ മുന്നേറ്റത്തില്‍ പതറിയ ബ്രിട്ടന്‍ കുറുക്കുവഴികള്‍ തേടി. പൊതുസഭയിലേയും രക്ഷാസമിതിയിലേയും മൂന്ന് അംഗങ്ങള്‍ വീതമുള്ള പ്രത്യേക സമിതി രൂപീകരിച്ച് ജഡ്ജിയെ തെരഞ്ഞെടുക്കാം എന്ന നിര്‍ദേശം ബ്രിട്ടന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ ഇത് വൃത്തികെട്ട നീക്കമാണെന്ന് ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനെ ഉപദേശിച്ചു. പന്ത്രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിന് ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നു മണിക്ക് പൊതുസഭയും രക്ഷാസമിതിയും ചേരാനിരിക്കെയാണ് നാടകീയമായി ബ്രിട്ടന്‍ പിന്മാറിയത്.

പൊതുസഭയിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യു റിക്രോഫ്റ്റ് പൊതുസഭയ്ക്കും രക്ഷസമിതിക്കും നല്‍കിയ കത്തിലാണ് പിന്മാറ്റം അറിയിച്ചത്. പതിനൊന്നു റൗണ്ടുകള്‍ പൂര്‍ത്തിയപ്പോള്‍ ഭണ്ഡാരി മൂന്നില്‍ രണ്ട് വോട്ടുകള്‍ നേടിയതോടെ പരാജയം ഉറപ്പിച്ചാണ് ബ്രിട്ടന്‍ പിന്മാറിയത്. വോട്ടെടുപ്പിലൂടെ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. ബ്രിട്ടന്റെ എക്കാലത്തെയും മികച്ച സുഹൃത്തായ ഇന്ത്യയുടെ വിജയത്തില്‍ സന്തോഷം തുടങ്ങി മുഖം രക്ഷിക്കാനുള്ള വാചകങ്ങള്‍ റിക്രോഫ്റ്റ് നല്‍കിയ കത്തിലുണ്ടായിരുന്നു.

ഇന്ത്യയിലെ നൂറുകോടി ജനങ്ങളുടെ പ്രതിനിധി ജസ്റ്റിസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ് യുഎന്നിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധി സെയ്യദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തത്.
വന്‍ശക്തികള്‍ എന്ന് കരുതപ്പെടുന്നവര്‍ക്ക് ഇഷ്ടപ്പെടാത്ത വിജയം എന്നാണ് ഇന്ത്യയുടെ ഈ വിജയത്തെ വിദേശമാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

അഭിമാന നിമിഷം, സുഷമയുടെ വിജയം

ജസ്റ്റിസ് ഭണ്ഡാരിക്ക് അഭിനന്ദനം. അദ്ദേഹത്തിന്റെ വിജയം നമ്മുടെ അഭിമാന നിമിഷമാണ്. വിജയത്തിനായി പ്രയത്‌നിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍. അവരുടെ അശ്രാന്തമായ പരിശ്രമമവും നയതന്ത്രദൗത്യങ്ങളുമാണ് വിജയത്തിനുപിന്നില്‍. ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ച യുഎന്‍ പൊതുസഭയിലേയും രക്ഷാസമിതിയിലേയും മുഴുവന്‍ അംഗങ്ങള്‍ക്കും നന്ദി.

വന്ദേമാതരം

വന്ദേമാതരം…അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിജയിച്ചിരിക്കുന്നു. ജയ് ഹിന്ദ്…

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.