തീരദേശ ഹരിതപാത: മത്സ്യത്തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തന്ത്രം

Wednesday 22 November 2017 2:50 am IST

കൊച്ചി: തീരദേശ ഹരിതപാതയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ മത്സ്യത്തൊഴിലാളികളില്‍ ആശങ്കയൊഴിയുന്നില്ല. ടൂറിസം വികസനം ലക്ഷ്യമിട്ട് തീരപ്രദേശത്ത് പുതിയ പാത നിര്‍മ്മിക്കുന്നത് അമ്പതിനായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ്.

സംഘടിത ശക്തിയായ മത്സ്യത്തൊഴിലാളികളെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റി താമസിപ്പിച്ച് അവരെ ഭിന്നിപ്പിക്കാനുള്ള നീക്കം ഇതിനുപിന്നിലുണ്ടെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. മത്സ്യബന്ധനം മാത്രം അറിയാവുന്ന ഇവരുടെ ജീവിതം കടലിനെ ആശ്രയിച്ചാണ്. തീരത്തു നിന്ന് കുടിയിറക്കപ്പെടുന്നതോടെ ഇവര്‍ക്ക് നേരിടേണ്ടിവരിക വലിയ പ്രതിസന്ധികളായിരിക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 590 കിലോമീറ്റര്‍ റോഡു നിര്‍മ്മിക്കാനാണ് പദ്ധതി. തീരത്തോട് ചേര്‍ന്ന് അന്‍പതു മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിച്ചാണ് നിര്‍മ്മാണം. ടൂറിസം വികസനത്തിന്റെ പേരില്‍ കടലോരവാസികളെ പൂര്‍ണ്ണമായി കുടിയൊഴിപ്പിച്ച് ഫ്‌ളാറ്റ് മാഫിയക്കും ടൂറിസം മാഫിയക്കും തീരഭൂമി തീറെഴുതാനുള്ള നീക്കമാണിതെന്നാണ് വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്.

7900 കോടി രൂപയുടെ ഹരിതപാത പദ്ധതിയില്‍ പൂന്തോട്ടവും വനവല്‍ക്കരണവും ഫുട്പാത്തുമുള്ള റോഡാണ് നിര്‍മ്മിക്കുന്നത്. കുഴിയൊഴിപ്പിക്കുന്നവരെ തീരത്തിനു സമീപം തന്നെ സ്ഥലം കണ്ടെത്തി താമസിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അത് നടക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കാരണം തീരത്തിനു അന്‍പതു മീറ്റര്‍ ചുറ്റളവിനു വെളിയില്‍ രണ്ടു കിലോമീറ്ററിനുള്ളില്‍ ആവശ്യത്തിനു സ്ഥലം ലഭ്യമല്ല. ഒഴിപ്പിക്കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും വീടും നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ വീടുവെക്കാന്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ തീരത്തു നിന്ന് ഏറെ ദൂരെയാണ്.

കാസര്‍കോട്ട് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ കണ്ടെത്തിയ സ്ഥലം ഉദുമ പഞ്ചായത്തിലെ കുണ്ടുകുഴിയാണ്. കടലില്‍ നിന്ന് ഏറെ അകലെയാണിവിടം. മത്സ്യത്തൊഴിലാളികളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുന്നതോടെ തോഴില്‍ നഷ്ടപ്പെടുന്നതടക്കം വലിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹരിതപാത നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. നിലവിലുള്ള തീരദേശ റോഡുകള്‍ ചേര്‍ത്ത് വലിയപാത നിര്‍മ്മിച്ചാല്‍ മതിയെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാട്. അങ്ങനെയായാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയും. എന്നാല്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്ക് ഹരിതപാത വന്നേതീരൂ എന്ന വാശിയാണ്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി ഉള്‍പ്പടെയുള്ള മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പണം കണ്ടെത്തിയാകും പാത നിര്‍മ്മിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പറയുന്നതിന് ഈ രംഗത്തെ സംഘടനകളും സര്‍ക്കാരും ചേര്‍ന്നുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടെങ്കിലും അതിപ്പോള്‍ കൂടാറെയില്ല. ദിനകരന്‍ ചെയര്‍മാനും അഡ്വ. ശശീന്ദ്രന്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി കൂടിയാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാകുമെന്ന ഭയമാണ് കൂടാത്തതിനു കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.