ഡോ.രുക്മാബായിയ്ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

Wednesday 22 November 2017 9:49 am IST

 

ന്യൂദല്‍ഹി: പ്രശസ്ത ഡോ.രുക്മാബായിയ്ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ ആദരം. അവരുടെ 153-ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരവ് അര്‍പ്പിച്ചത്.

നിരത്തിയിട്ട ആശുപത്രി കിടക്കകളില്‍ വിശ്രമിക്കുന്ന വനിതാ രോഗികള്‍, അവരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ അവര്‍ക്ക് മധ്യത്തിലായി സാരിത്തലപ്പുകൊണ്ട് ചുമല്‍ മറച്ച് കഴുത്തില്‍ സ്റ്റെതസ്‌കോപ്പണിഞ്ഞ് മുടി ഒതുക്കികെട്ടിയ കുലീനയായ ഡോ.രുക്മാബായി ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഗൂഗിളിന്റെ ആദരം

ജനാര്‍ദന്‍ പാണ്ഡുരംഗ്ജയന്തി ബായി ദമ്പതികളുടെ മകളായി 1864 നവംബര്‍ 22-ന് ബോംബെയിലാണ് ഡോ.രുക്മാബായിയുടെ ജനനം.പിന്നീട് സ്‌കൂള്‍ പഠനകാലത്ത് വെച്ച് തന്നെ വിവാഹവും. 1875 ല്‍ തന്റെ പതിനൊന്നാം വയസ്സിലാണ് ദാദാജി ബികാജി എന്ന പത്തൊന്‍പതുകാരനുമായി രുക്മാബായിയുടെ വിവാഹം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹശേഷവും രുക്മാബായി ഭര്‍ത്തൃഗൃഹത്തിലേക്കു പോവുകയുണ്ടായില്ല. സ്വന്തം ഭവനത്തില്‍ നിന്നുകൊണ്ടുതന്നെ അക്കാലത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനായി. വിദ്യാഭ്യാസം തുടര്‍ന്ന രുക്മാ ബായി, മെഡിസിന്‍ പഠനത്തിനായി താത്പര്യം കാണിച്ചു.

1889 ല്‍ രുക്മാ ബായിക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രവേശനം ലഭിച്ചു. എഡിന്‍ബറ, ഗ്ലാസ്‌ഗൊ യൂണിവേഴ്‌സിറ്റി എന്നിവയില്‍നിന്ന് ഉപരിപഠനത്തിനു (1894) ശേഷം രുക്മാബായി ഇന്ത്യയിലെക്കുതന്നെ മടങ്ങി. ആദ്യനിയമനം ബോംബയിലെ മാഡം കാമ ഹോസ്പിറ്റലില്‍ തന്നെയായിരുന്നു. എങ്കിലും ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു നടക്കുന്ന മരണവും ശിശു പരിചരണത്തില്‍ കാണിക്കുന്ന അലംഭാവവും കുറയ്ക്കണം എന്ന കൃത്യമായ ലക്ഷ്യം രുക്മാബായിക്ക് ഉണ്ടായിരുന്നു.

തത്ഫലമായി തന്റെ സേവനം സാധാരണ ജനങ്ങള്‍ക്കിടയിലാകണമെന്നും അവര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി മെഡിക്കല്‍ കൗണ്‍സിലില്‍ കിട്ടുമായിരുന്ന ഉന്നത സ്ഥാനമാനങ്ങള്‍ പോലും വേണ്ടെന്നുവെച്ച് അവര്‍ 1894ല്‍ ഗുജറാത്തിലെ സൂറത്തിലുള്ള എസ്.എം.വി. ഹോസ്പിറ്റലില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയി സേവനം ആരംഭിച്ചു.

പക്ഷേ, രുക്മാബായിയുടെ ജീവിതം വൈദ്യശാസ്ത്രരംഗത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. സ്വാതന്ത്ര്യം എന്ന വാക്കിന് ജീവിതത്തോളംതന്നെ അര്‍ഥംനല്‍കിയ സാമൂഹികസേവിക കൂടിയായിരുന്നു രുക്മാ ബായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.