ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ല

Wednesday 22 November 2017 11:00 am IST

തിരുവനന്തപുരം: ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ എ.കെ. ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഫേസ്ബുക്കിലാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശശീന്ദ്രന്‍ മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാര്‍മികത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയതായി വാര്‍ത്തകളുണ്ട്. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അതുകൊണ്ട് ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കത്തില്‍നിന്ന് ഇടതുമുന്നണി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് നേരെ നടപടി സ്വീകരിക്കണമെന്ന കമ്മീഷന്‍ നിര്‍ദേശം ഏകപക്ഷീയമായി നടപ്പാക്കരുത്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനാ നേതാക്കളും മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരും എഡിറ്റര്‍മാരുമായി ചര്‍ച്ച നടത്തി പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശം പരിശോധിക്കുന്നതാണ് ഉചിതമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.