ദേരാ മേധാവിയുടെ വീടും ബുള്ളറ്റ് പ്രൂഫ്

Wednesday 22 November 2017 2:45 pm IST

 

പഞ്ചകുല:ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ വീടും ബുള്ളറ്റ് പ്രൂഫായിരുന്നതായി റിപ്പോര്‍ട്ട്. സിര്‍സയിലെ മൂന്ന് നില ആഡംബര കെട്ടിടത്തിലെ വാതിലുകളും ജനാലകളും ശൗചാലയം പോലും ബുള്ളറ്റ് പ്രൂഫില്‍ നിര്‍മ്മിതമായിരുന്നു.മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്തിരുന്ന വീട്ടില്‍ പടുകൂറ്റന്‍ സ്‌ക്രീനിലുള്ള ടെലിവിഷനും വിലകൂടിയ അലങ്കാരപ്പാത്രങ്ങളും ഉണ്ടായിരുന്നു.

ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഇവയ്‌ക്കെല്ലാം പുറമേ ഇറക്കുമതി ചെയ്ത വെള്ളം, മസാജ് ഓയിലുകള്‍, സുഗന്ധ്യദ്രവ്യങ്ങള്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍, നൂറുകണക്കിന് ഷൂസുകള്‍, തൊപ്പികള്‍, വന്‍തോതില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് കാറ്, രണ്ടു ബ്രീഫ് കെയ്‌സുകളിലായി 56 ഹാര്‍ഡ് ഡിസ്‌ക്കുകള്‍, ആറ് പ്രൊജക്ടറുകള്‍, പെന്‍ഡ്രൈവ്, വോക്കിടോക്കി എന്നിവയും കിട്ടി. സാധ്വികളെ ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്ന രാം റഹീമിന് വലിയ ഒരു സ്റ്റുഡിയോയും ഡ്രസ്സിംഗ് റൂമും മ്യൂസിയവും കൂടിക്കാഴ്ചാ മുറിയും ഉണ്ടായിരുന്നു.

കെട്ടിടത്തിന്റെ ആദ്യ നിലയില്‍ രാം റഹീമിന്റെ മുറിയില്‍ നിന്നും വേലക്കാരുടെ മുറിയിലേക്ക് എളുപ്പം പോകാവുന്ന ഒരു ഇടനാഴിയും ഉണ്ടായിരുന്നു. സാധ്വിയുടെ ഹോസ്റ്റലുമായി രാംറഹീമിന്റെ മുറിയെ ഒരു ഭിത്തി കൊണ്ടു വേര്‍ തിരിച്ചിരുന്നു. ഒന്നാം നിലയില്‍ ഒരു പുന്തോട്ടവും ഒരു തുരങ്കവും ഉണ്ടായിരുന്നതായി തെരച്ചിലില്‍ പങ്കെടുത്ത ഒരു  ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.