മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം

Wednesday 22 November 2017 3:14 pm IST

ന്യൂദല്‍ഹി: വാഹന നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമങ്ങള്‍ ലംഘിച്ചു പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്കു സമ്മാനം നല്‍കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഗതാഗത നിയമം ലംഘിക്കുന്ന രീതിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചിത്രങ്ങള്‍ പോലീസിനോ ഗതാഗത വകുപ്പിനോ അയയ്ക്കാനാണു മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

പാര്‍ക്കിങ്ങിനുള്ള സ്ഥലസൗകര്യം കുറഞ്ഞതോടെ പലരും റോഡിനെയാണു പാര്‍ക്കിങ്ങിനായി തിരഞ്ഞെടുക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്നും വലിയ സ്ഥാപനങ്ങള്‍ സ്വന്തമായി പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വന്തം മന്ത്രാലയത്തിനു പുറത്ത് വാഹനം പാര്‍ക്കു ചെയ്യുന്നതിനായി സൗകര്യമില്ലാത്തതുമൂലം  റോഡരുകില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണു ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്താന്‍ 13 കേന്ദ്രങ്ങളില്‍ നിന്നുള്ള അനുമതി ആവശ്യമാണെന്നും മാസങ്ങളോളം നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ആദ്യ പാര്‍ക്കിങ്ങ് സൗകര്യം നിര്‍മിക്കാനായതെന്നും അന്നത്തെ നഗരവികസന മന്ത്രി വെങ്കയ്യ നായിഡു സഹായച്ചതുകൊണ്ടാണു തടസ്സങ്ങള്‍ നീങ്ങിയതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

സ്വന്തം മന്ത്രാലയത്തിനു മുന്‍പില്‍ പാര്‍ക്കിങ്ങ് സൗകര്യം ഇല്ലാത്തതിനാല്‍ ലജ്ജിക്കുന്നുവെന്നും എങ്കിലും പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചനയും മന്ത്രി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.