മേയര്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്ന് ഗിരികുമാര്‍

Thursday 23 November 2017 3:09 am IST

തിരുവനന്തപുരം: മാനുഷക പരിഗണനയില്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചപ്പോള്‍ മേയര്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 40 വര്‍ഷം ആയി എല്‍ഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. മേയര്‍ എന്നത് ബഹുമാനപെട്ട സ്ഥാനമാണ്. ആ സ്ഥാനത്തു നില്‍ക്കുന്ന വ്യക്തി സ്ഥാനത്തിനനുസരിച്ചു നിലവാരം ഉയര്‍ത്തണം. കേരള ലോ അക്കാദമിയില്‍ ഒരേ വര്‍ഷം രണ്ടുബാച്ചുകളിലായി നിയമപഠനം നടത്തിയ സഹപാഠികളാണ് ഞങ്ങള്‍. വി.കെ. പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലാപേര്‍ക്കും തുല്ല്യപരഗണന നല്‍കുമെന്ന് വിചാരിച്ചു.
എന്നാല്‍ മേയറായ അന്ന് മുതല്‍ ഇങ്ങോട്ട് ഉണ്ടായ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നു. ചട്ടലംഘനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ആവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം. ജനപ്രതിനിധികളോട് ഇനി മുതല്‍ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ അനുവദിക്കരുതെന്നും നഗരസഭ നേരിട്ട് നടത്തിക്കൊള്ളാമെന്നും പറയുമ്പോള്‍ ചെലവല്ല രാഷ്ട്രീയമാണ് ലക്ഷ്യമെന്നു വ്യക്താമാകുന്നു.
ലൈറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 16 ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. മേയര്‍ അസുഖബാധിതനായതിനാല്‍ യോഗം 18 ന് മാറ്റിവയ്ക്കണം എന്ന് ആവശ്യപ്പെട്ടു. മാനുഷിക പരിഗണനയില്‍ അനുമതി നല്‍കി. എന്നാല്‍ 18 ന് സാധാരണ കൗണ്‍സില്‍ യോഗത്തിന് മേയര്‍ നോട്ടീസ് നല്‍കുകയായിരുന്നു. യോഗത്തില്‍ ലൈറ്റ് വിഷയത്തില്‍ മേയര്‍ നല്‍കിയ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ നല്‍കിയ പ്രേമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഭൂരിപക്ഷംപേരും പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ അഭിപ്രായം ചോദിക്കാതെ പ്രമേയത്തില്‍ ഭേദഗതി വരുത്തി മേയര്‍ റൂളിംഗ് നടത്തി. ചര്‍ച്ച അനുവദിക്കാതെ മറ്റ് വിഷയങ്ങളിലേക്ക് കടന്നു. ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട ശേഷം മേയര്‍ പിന്നിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ഞാനും മറ്റ് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി നിലകൊണ്ടു. എന്നെ തടയുന്നോ എന്ന് ചോദിച്ച് മേയര്‍ തോളില്‍ ഇടിച്ചു. പിഎ ജിന്‍രാജ് എന്റെ തലയില്‍ പല പ്രാവശ്യം കൈ മുറുക്കി ഇടിച്ചു സിപിഎം കൗണ്‍സിലര്‍മാരായ ആറന്നൂര്‍ ഉണ്ണികൃഷ്ണന്‍, എസ്.എസ.് സിന്ധു, റസിയ ബീഗം, പൂങ്കുളം സത്യന്‍. ഐ.പി. ബിനു എന്നിവര്‍ എന്നെയും ബിജെപി കൗണ്‍സിലര്‍മാരെയും ആക്രമിച്ചു. എന്നെ പടിക്കെട്ടില്‍ തള്ളിയിട്ടു. എന്റെ പുറത്ത് കൂടി മേയറെ മുകളിലേക്ക് തള്ളിക്കയറ്റി. മെഡിക്കല്‍കോളേജ് കൗണ്‍സിലര്‍ സിന്ധു മേയറെ പിന്നില്‍ നിന്നു തള്ളിയപ്പോള്‍ മേയര്‍ നിലത്തുവീണു. താഴത്തു വീണ എന്നെ ഐ.പി. ബിനു പലപ്രവിശ്യം ചവിട്ടി. മേയര്‍ എഴുന്നേറ്റു പോകുന്നതിനിടയില്‍ എന്നെ രണ്ടുതവണ മനഃപൂര്‍വം ചവിട്ടി. ഈ സമയത്ത് മേയര്‍ക്ക് പരിക്കുകള്‍ ഉണ്ടായിരുന്നില്ല എന്ന് ദൃശ്യമാധ്യമങ്ങളില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ സിനിമാരംഗങ്ങളില്‍ അനുസ്മരിമിപ്പിക്കുന്ന തരത്തില്‍ പ്ലാസ്റ്ററും കഴുത്തില്‍ ചില ഉപകരണങ്ങളും പിടിപ്പിച്ചു കാണുന്നു (മുഖ്യമന്ത്രിയുടെ ഭാഷയില്‍ അല്പം മാറിയിരുന്നു എങ്കില്‍ മേയര്‍ക്ക് ചലനശേഷി നഷ്ടപ്പെടുമായിരുന്നു). ഇത്തരത്തില്‍ ചികിത്സയും റിപ്പോര്‍ട്ടും തയാറാക്കിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ യോഗ്യത പരിശോധിക്കപ്പെടണം.
സത്യാവസ്ഥ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചു. പാര്‍ട്ടിയിലെ തമ്മിലടി മറയ്ക്കുന്നതിനാണ് ഇത്തരം പ്രവൃത്തികള്‍ സിപിഎം ചെയ്തതെന്നു വി.ജി. ഗിരികുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.