ഹോമിയോ ചികിത്സയ്ക്ക് വിലക്കില്ല; വ്യാജ പ്രചാരണം തള്ളി

Wednesday 22 November 2017 4:46 pm IST

ന്യൂദല്‍ഹി: ഹോമിയോ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുന്നതിന് നിയന്ത്രണമോ നിരോധനമോ ഇല്ലെന്ന് ആയുഷ് വകുപ്പ്. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സ്വന്തം ക്ലിനിക്കില്‍ നിന്ന് നല്‍കുന്നതിന് വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച ‘ജന്മഭൂമി’യോട് പറഞ്ഞു.

നിലവിലുള്ളതുപോലെ ഹോമിയോ മരുന്നുകള്‍ നല്‍കാം. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് ഭേദഗതി ചൂണ്ടിക്കാട്ടി ഹോമിയോ ഡോക്ടര്‍മാര്‍ക്ക് സ്വന്തം ക്ലിനിക്കില്‍നിന്നും ഇനി മുതല്‍ മരുന്ന് വില്‍പ്പന പറ്റില്ലെന്ന് ‘മനോരമ’ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വലിയ ആശങ്കക്കിടയാക്കിയ സാഹചര്യത്തിലാണ് ആയുഷ് വകുപ്പിന്റെ പ്രതികരണം.

സ്വന്തം ക്ലിനിക്കില്‍ നിന്നും തന്റെ ചികിത്സയിലല്ലാത്ത രോഗികളുടെ മരുന്നുകുറിപ്പടിമേല്‍ മരുന്ന് വില്‍ക്കുന്നതിനും ഹോമിയോ മരുന്ന് ഷോപ്പുകളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ അവിടുത്തെ മരുന്ന് വില്‍പ്പനയില്‍ പങ്കാളിയാകുന്നതിനുമാണ് നിരോധനമുള്ളതെന്നും ഹോമിയോ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.

അലോപ്പതി മരുന്ന് വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ ഹോമിയോ മരുന്നുകള്‍ വില്‍ക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഹോമിയോപ്പതിയിലോ ഫാര്‍മസിയിലോ നിശ്ചിത യോഗ്യതയുള്ളവര്‍ ഇത്തരം മെഡിക്കല്‍ ഷോപ്പുകളില്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഹോമിയോ മെഡിക്കല്‍ ഷോപ്പുകള്‍ കാര്യമായി ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.

കേന്ദ്രസര്‍ക്കാര്‍ നടപടി ഹോമിയോ മരുന്നുകളുടെ ലഭ്യതയും വ്യാപനവും ഉറപ്പാക്കുന്നതാണ്.
വ്യാജവാര്‍ത്തകള്‍ക്കു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് കണക്കാക്കുന്നതായി ഹോമിയോ ചികിത്സ പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.