മലപ്പുറം ജില്ലാ വിഭജന തന്ത്രവുമായി എസ്ഡിപിഐ വീണ്ടും

Thursday 23 November 2017 2:45 am IST

മലപ്പുറം: ജില്ലയെ വിഭജിക്കണമെന്ന ആവശ്യം നേടിയെടുക്കാന്‍ പുതിയതന്ത്രവുമായി എസ്ഡിപിഐ. സാമുദായിക ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് ലക്ഷ്യം. വേങ്ങര തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച കടുത്ത വര്‍ഗ്ഗീയ വികാരം ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനാണ് നീക്കം.

മറ്റു ജില്ലകളിലെ ജനസംഖ്യാ കണക്കുകള്‍ പറഞ്ഞാണ് എസ്ഡിപിഐ വിഭജന വിഷയം ഉന്നയിക്കുന്നത്. ഭൂമിശാസ്ത്രവും ജനസംഖ്യയുടെയും കണക്കുകള്‍ നിരത്തുന്നത് ജില്ലാ വിഭജന വാദത്തിന് ബലം കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. 2011ലെ സെന്‍സസ് പ്രകാരം ഇടുക്കി, പത്തനംതിട്ട, കാസര്‍കോട്, വയനാട് ജില്ലകളിലെ ആകെ ജനസംഖ്യ 44 ലക്ഷം. മലപ്പുറം ജില്ലയില്‍ മാത്രം 41 ലക്ഷം ജനസംഖ്യയുണ്ട്. ഇതാണ് ജില്ലാ വിഭജിക്കണമെന്നതിന് എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന പ്രധാന ന്യായം.

ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും മുമ്പ് വ്യാപകമായി ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണങ്ങള്‍ നടത്തിയിരുന്നു. മുസ്ലീം ലീഗിന്റെ മൗനാനുവാദത്തോടെയായിരുന്നു ഈ പ്രചരണങ്ങളെല്ലാം. ലീഗിന്റെ നിലപാട് സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. യുഡിഎഫ് ഭരണകാലത്തുതന്നെ ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കാനായിരുന്നു ലീഗിന്റെ ശ്രമം. പക്ഷേ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിന്റെ ആവശ്യം തള്ളി.

തിരൂര്‍ കേന്ദ്രീകരിച്ച് തീരദേശ ജില്ലയാണ് എസ്ഡിപിഐ ഉന്നയിക്കുന്നത്. നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി താലൂക്കുകള്‍ മലപ്പുറം ജില്ലയും തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലയും രൂപീകരിക്കണമെന്നാണ് ആവശ്യം.
എസ്ഡിപിഐയുടെ പുതിയ നീക്കത്തിന് മുസ്ലീം ലീഗിന്റെയും പിന്തുണയുണ്ടെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.