ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയെടുത്ത സംഭവം: ഒരാള്‍ അറസ്റ്റില്‍

Wednesday 22 November 2017 8:16 pm IST

കണ്ണൂര്‍: സ്വത്ത് വില്‍ക്കാനുണ്ടെന്നും സ്ഥാപനത്തില്‍ പാര്‍ടണറാക്കാമെന്നും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും രണ്ടുകോടിയിലേറെ രൂപ വാങ്ങി വഞ്ചിച്ച നാറാത്ത് സ്വദേശി അറസ്റ്റിലായി. നാറാത്ത് കോട്ടത്തുവളപ്പ് വീട്ടില്‍ മൂലവളപ്പില്‍ മണ്‍സൂര്‍ ഇബ്രാഹി(47)മിനെയാണ് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കമ്പില്‍ സ്വദേശിനിയുടെ പുതിയതെരുവിലുള്ള ആറ് സെന്റ് സ്ഥലം പുതിയതെരുവിലെ മുസ്തഫക്ക് എഴുപത് ലക്ഷം രൂപക്ക് വില്‍ക്കാന്‍ ധാരണയാക്കുകയും നാല്‍പത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്‌തെങ്കിലും ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കുകയോ വാങ്ങിയതുക തിരിച്ച് കൊടുക്കുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു.
ഈ സ്ഥലം ഉടമയായ സ്ത്രീയില്‍ നിന്നും ന്യായവിലയായ പതിനഞ്ച് ലക്ഷം രൂപ മാത്രം നല്‍കിയാണ് ഇയാള്‍ എഴുതി വാങ്ങിയത്. ബഹറിനില്‍ ജോലിചെയ്തിരുന്ന ഇയാള്‍. ഇതേസ്ഥലം അവിടെവെച്ച് കോടിയേരി സ്വദേശിയായ ഒരാള്‍ക്ക് എണ്‍പത് ലക്ഷം രൂപക്ക് വിറ്റെങ്കിലും രജിസ്റ്റര്‍ ചെയ്ത് നല്‍കാതെ വഞ്ചിച്ചതിനും കേസുണ്ട്. ബഹറിനില്‍വെച്ച് ഉള്ളിയേരിയിലെ മജീദിന്റെ കയ്യില്‍ നിന്നും സ്ഥലം നല്‍കാമെന്നുപറഞ്ഞ് മുപ്പത് ലക്ഷം രൂപ കൈക്കലാക്കിയതായും പരാതിയുണ്ട്.
കണ്ണൂര്‍ സിറ്റിയിലെ തട്ടാന്റവിട വീട്ടില്‍ സമീറയുടെ മകനെ ബഹറിനിലെ ബേക്കറിയില്‍ പാര്‍ട്ണറാക്കാമെന്നുപറഞ്ഞ് പത്ത്‌ലക്ഷം വാങ്ങി വഞ്ചിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കണമന്നാവശ്യപ്പെട്ട് നേരത്തെ സമീറയും കുടുംബവും വളപട്ടണം പോലീസ് സ്റ്റേഷന് മുമ്പില്‍ സത്യഗ്രഹം നടത്തിയിരുന്നെങ്കിലും ഇവര്‍ക്കെതിരെയാണ് അന്ന് പോലീസ് കേസെടുത്തിരുന്നത്. ബേക്കറിയില്‍ പാര്‍ട്ണറാക്കാമെന്നു പറഞ്ഞ് ഇരിണാവിലെ അബ്ദുള്‍ നസീറില്‍ നിന്നും 12 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കിയിരുന്നു. ബഹറിനിലെ എയര്‍ലൈന്‍സ് കമ്പനിയെ വഞ്ചിച്ചതിന് രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ഇയാള്‍. വളപട്ടണത്തെ ഒരു എസ്‌ഐയും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതായി പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.