കുടിവെള്ളം പോലും ലഭ്യമല്ല കുമളിയില്‍ അയ്യപ്പഭക്തര്‍ക്ക് ദുരിതം

Wednesday 22 November 2017 8:20 pm IST

കുമളി: ശബരിമല സീസണുമായി ബന്ധപ്പെട്ട്, പ്രധാന ഇടത്താവളമായ കുമളിയില്‍ സര്‍ക്കാര്‍ വകുപ്പുകളും, പഞ്ചായത്ത് അധികാരികളും ചേര്‍ന്ന് കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ല. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ കുമളി വഴികടന്ന് പോകാറുണ്ട്. കുടിവെള്ളം പോലും കൃത്യമായി ലഭിക്കുന്നതിന് സംവിധാനമില്ല. ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കുളത്തുപാലം വരെയുള്ള ഭാഗത്ത് തീര്‍ത്ഥാടകര്‍ക്കായി കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയുണ്ടായിരുന്നു. കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ ഡ്യൂട്ടി ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം ലഭ്യമല്ല. സീസണുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വ്വം സ്വാമിമാരെ കടയിലേക്ക് കയറ്റാന്‍ തുനിയരുതെന്ന നിര്‍ദ്ദേശവും പ്രാവര്‍ത്തികമായില്ല.
ഒരു സ്ഥാപനത്തിലെ ഒന്നിലധികം ജീവനക്കാര്‍ ഒരേ സമയം സ്ഥാപനത്തോട് ചേര്‍ന്നുള്ള നടപ്പാതയില്‍ കയറി തീര്‍ത്ഥാടകരെ കടയില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഈ വിഷയത്തില്‍ പഞ്ചായത്ത് അധികൃതരും വ്യാപാരി സംഘടന പ്രതിനിധികളും ധാരണയുണ്ടായിരുന്നെങ്കിലും തീരുമാനം നടപ്പാക്കുന്നില്ല . കുമളി വഴി കടന്ന് പോകുന്ന അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ വിനോദ് വല്ലനാട് തോമസ് ചെറിയാന്‍, മനോജ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.