എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് ഇസ്മായേലിനെ ഒഴിവാക്കി

Thursday 23 November 2017 2:45 am IST

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതിനെ ചോദ്യം ചെയ്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായേലിനെതിരെ നടപടി. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവാണ് നടപടി എടുക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇസ്മായേലിനെ ഇനി ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, നിയമസഭ കക്ഷിനേതാവ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരിക്കും ഇനി എല്‍ഡിഎഫിലെ പ്രതിനിധികള്‍.  മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച മന്ത്രിമാരുടെ തീരുമാനം എക്‌സിക്യൂട്ടീവില്‍ റിപ്പോര്‍ട്ടു ചെയ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ ഇസ്മാേയലിനെ ശകാരിച്ചു. ഒരംഗവും ഇസ്മായേലിനെ പിന്തുണച്ചില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരിന്നുവെന്ന് ഇസ്മായേല്‍ എക്‌സിക്യൂട്ടീവില്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ കാര്യമായി കാണുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. 1964-മുതല്‍ തങ്ങളിതു കേള്‍ക്കുകയാണ്. ഇടതുമുന്നണിക്ക് പ്രകടന പത്രികയുണ്ട്. അതനുസരിച്ചാണു സിപിഐ പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്നണി മര്യാദയുടെ ലംഘനമാകൂവെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. എന്‍സിപിയുടെ മന്ത്രിയെ അവരാണ് തീരുമാനിക്കേണ്ടതെന്നും എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകുന്നത് സിപിഐ തടസ്സപ്പെടുത്തില്ലെന്നും കാനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.