പാവയ്ക്ക സല്‍ക്കാരവുമായി പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Wednesday 22 November 2017 9:25 pm IST

ഗുരുവായൂര്‍: നഗരസഭയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പ്രതിപക്ഷത്തിന്റെ വക പാവയ്ക്ക സല്‍ക്കാരം കൗണ്‍സില്‍ യോഗം ബഹളമയമാക്കി.
രണ്ടാം വാര്‍ഷിക ദിനമായ ഇന്നലെ മധുരം വിളമ്പാന്‍ ലഡ്ഡുവുമായെത്തിയ ഭരണപക്ഷത്തിന് ഇത് ഇരുട്ടടിയായി. കയ്പുനിറഞ്ഞ രണ്ടു വര്‍ഷമാണ് കടന്നു പോയതെന്ന് പ്രതിപക്ഷ നേതാവ് ആന്റോ തോമസ് പറഞ്ഞു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ യോഗത്തിനെത്തിയത്.
യോഗം ആരംഭിച്ച ഉടനെ ചെയര്‍പേഴ്‌സണ്‍ പി.കെ.ശാന്തകുമാരി നഗരസഭയുടെ രണ്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ നഗരസഭയ്ക്ക് പ്രതിപക്ഷത്തിന്റെ വക ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് പാവയ്ക്ക കൊണ്ടുണ്ടാക്കിയ പലഹാരം വിതരണം ചെയ്യുകയായിരുന്നു.
പച്ച പാവയ്ക്ക അരിഞ്ഞ് മാവില്‍ മുക്കി വറുത്തെടുത്തതായിരുന്നു പലഹാരം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കയ്‌പേറിയ ഭരണത്തിന്റെ പ്രതീകമാണ് ഇതെന്ന പ്രസ്താവനയുമായി പ്രതിപക്ഷം പലഹാര വിതരണം ആരംഭിച്ചതോടെ ഭരണപക്ഷം പ്രതിരോധം സൃഷ്ടിച്ച് ബഹളം വെച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട്ടൂരിന് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ ചെയര്‍പേഴ്‌സണ്‍ അനുമതി നിഷേധിച്ചത് രംഗം കൂടുതല്‍ വഷളാക്കി.
ഇതേ തുടര്‍ന്ന് അജണ്ടകളൊന്നും അവതരിപ്പിക്കാതെ കൗണ്‍സില്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.