ഇരിട്ടി പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറായി ; മുടങ്ങിക്കിടന്ന പാലം പണി പുനരാരംഭിച്ചു

Wednesday 22 November 2017 10:37 pm IST

ഇരിട്ടി: വിവിധ കാരണങ്ങള്‍കൊണ്ടും വിവാദങ്ങള്‍കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുകയും, ജനങ്ങളില്‍ ആശങ്കക്കിടയാക്കുകയും നിര്‍മ്മാണം തുടങ്ങി പ്രവര്‍ത്തി നിലക്കുകയും ചെയ്ത ഇരിട്ടി പുതിയ പാലത്തിന്റെ പണി പുനരാരംഭിച്ചു. പാലത്തിന്റെ ഡിസൈന്‍ സംബന്ധിച്ച അന്തിമ തീരുമാനമായതോടെയാണ് പ്രവര്‍ത്തി പുനരാരംഭിച്ചത്.
രണ്ടുമാസം മുന്‍പ് കഴിഞ്ഞ കാലവര്‍ഷത്തില്‍ പുഴയിലുണ്ടായ കുത്തൊഴുക്കില്‍ പാലത്തിന്റെ പൈലിംഗ് പ്രവര്‍ത്തികള്‍ തകര്‍ന്നതാണ് ഏറ്റവും ഒടുവില്‍ നിര്‍മ്മാണപ്രവര്‍ത്തി നിലക്കാന്‍ കാരണമായത് . ഇത് വിവാദമായതിനെത്തുടര്‍ന്ന് നാലോളം പാലം നിര്‍മ്മാണ വിദഗ്ധര്‍ സ്ഥലത്തെത്തുകയും പൈലിങ്ങിനെക്കുറിച്ചു വിവിധ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് കാരാര്‍ കമ്പനി നിര്‍മ്മാണം താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ഏറ്റവും ഒടുവിലായി സ്ഥലം സന്ദര്‍ശിച്ച പാലം നിര്‍മ്മാണ വിദഗ്ദനായ ആര്‍.കെ.റെയ്‌ന എട്ട് പൈലിംഗ് നടത്തി പുഴയില്‍ നിര്‍മ്മിക്കേണ്ട രണ്ട് തൂണുകളും നിര്‍മ്മിതിക്കായി അന്തിമ തീരുമാനം എടുത്തതോടെയാണ് ആശങ്കക്ക് വിരാമമായത്.
പുഴയിലെ നീരൊഴുക്കിന്റെ ശക്തി കണക്കാക്കി അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് പൈലിങ്ങിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. പാലത്തിന്റെ പുതിയ രൂപരേഖയിലും പുതിയ ഡിസൈനില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി പദ്ധതിയുടെ ഷട്ടര്‍ അടച്ചാല്‍ പുഴയില്‍ വെള്ളം ഉയരുന്നത് കണക്കാക്കി നിര്‍മ്മാണം തടസ്സപ്പെടാതിരിക്കാന്‍ പുഴനിരപ്പില്‍ നിന്നും പൈലിംഗ് ഏഴുമീറ്ററോളം ഉയര്‍ത്തിയാണ് തൂണ്‍ നിര്‍മ്മിക്കുക.
2018 സെപ്തംബറോടെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നാണ് കരാര്‍ വ്യവസ്ഥ. ഇരിട്ടി ഒഴികെയുള്ള ആറു പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണം അടുത്തവര്‍ഷം പകുതിയോടെ പൂര്‍ത്തിയാക്കാനാവും എന്നാണു കരുതുന്നത്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഒട്ടേറെ മലപ്രദേശം ഇരിട്ടി പുഴയുടെ അധീന മേഖലകളില്‍ ഉണ്ട്. ഈ സാദ്ധ്യത കണക്കിലെടുത്തും പുഴയുടെ ആഴവും, വീതിയും കണക്കിലെടുത്തുമാണ് ഇപ്പോള്‍ പാലത്തിന്റെ പൈലിങ്ങിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കും ഉയരക്കൂടുതലുമാണ് പാലം നിര്‍മ്മാണത്തിന് പ്രതിസന്ധിയായതു.
144 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉയരം 23 മീറ്റര്‍ ആയിരിക്കും. നടപ്പാത അടക്കം 12 മീറ്റര്‍ വീതിയുണ്ടാവും. ലോകബാങ്ക് സഹായത്തോടെ രണ്ടു വര്ഷം മുന്‍പാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. മുബൈ ആസ്ഥാനമായ എസ്ആര്‍ ഗ്രൂപ്പ് ആയിരുന്നു തലശ്ശേരിമുതല്‍ വളവുപാറ വരെ വരുന്ന പാലങ്ങളും റോഡും അടക്കം 235 കോടി രൂപയ്ക്കു അന്ന് കരാര്‍ എടുത്തത്. എന്നാല്‍ പണിതുടങ്ങി വെറും ഇരുപതു ശതമാനം മാത്രമായപ്പോള്‍ ഇവര്‍ കരാര്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കാനായി രണ്ടു റീച്ചായി തിരിച്ചു രണ്ടുപേര്‍ക്കായി കരാര്‍ ചെയ്യുകയായിരുന്നു.
തലശ്ശേരി മുതല്‍ കളറോഡ് വരെ വരുന്ന 30 കിലോമീറ്റര്‍ റോഡും എരഞ്ഞോളി, മെരുവമ്പായി, കരേറ്റ, കളറോഡ് പാലങ്ങള്‍ ഉള്‍പ്പെടെ ദില്ലി ആസ്ഥാനമായ ദിനേഷ് ചന്ദ്ര അഗര്‍വാള്‍ കമ്പനിക്ക് 156 കോടി രൂപയ്ക്കു കരാര്‍ നല്‍കി. 2018 സപ്തംബറോടെ ഇതിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കി നല്‍കണം.
കളറോഡ് മുതല്‍ കൂട്ടുപുഴ വളവുപാറ വരെയുള്ള 25 കിലോമീറ്റര്‍ റോഡും ഇരിട്ടി, കൂട്ടുപുഴ, ഉളിയില്‍ പാലങ്ങളും ഉലപ്പെടുന്ന രണ്ടാം റീച്ച് മുംബൈ ആസ്ഥാനമായ ജിഎച്ച്‌വി ഗ്രൂപ്പും, പെരുമ്പാവൂര്‍ ആസ്ഥാനമായ ഇകെകെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുമാണ് 210 കോടി രൂപയ്ക്കു ഏറ്റെടുത്തിരിക്കുന്നത്. അടുത്തവര്‍ഷം ഡിസംബറോടെയാണ് ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്.
പൈലിങ്ങിനായി പുഴയില്‍ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തി തുടങ്ങിക്കഴിഞ്ഞു. ഇതോടെ ജനങ്ങളില്‍ നിലനിന്നിരുന്ന ആശങ്കയും ഒഴിഞ്ഞ മാറ്റാന്. പുഴയില്‍ അകപ്പെട്ടുകിടക്കുന്ന പൈലിങ്ങിന്റെ ഭാഗങ്ങള്‍ കരക്കെത്തിക്കാനുള്ള പ്രവര്‍ത്തിയും പുരോഗമിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.