പാലിയേക്കര വഴികാട്ടുന്നു

Wednesday 19 September 2012 10:08 pm IST

സ്വതന്ത്രഭാരതത്തിന്‌ 54 വയസ്സ്‌ കഴിഞ്ഞപ്പോള്‍ സമര തീക്ഷ്ണതയുടെ പഴയകാലത്തിന്റെ സ്മരണകളെ ആവര്‍ത്തിക്കുന്ന അനുഭവമാണ്‌ ഇപ്പോള്‍ തൃശ്ശൂരിലെ പാലിയേക്കരയില്‍ വീണ്ടും അനുഭവമാക്കുന്നത്‌. ജാതിമത രാഷ്ട്രീയ ചിന്തകളുടെ പരിമിതികള്‍ ഉല്‍ലംഘിച്ചുകൊണ്ട്‌ ജനകീയ പ്രശ്നങ്ങളില്‍ എല്ലാ ജനപക്ഷ സംഘങ്ങളും ഒന്നിക്കുന്ന കാഴ്ചയാണ്‌ പാലിയേക്കരയിലൂടെ കേരളം ദര്‍ശിക്കുന്നത്‌. ഭാരതീയ ജനതാ പാര്‍ട്ടിയോടൊപ്പം രാഷ്ട്രീയമായി എന്നും എതിര്‍ത്തുപോന്നിട്ടുള്ള സിപിഐ (എംഎല്‍) ഗ്രൂപ്പുകളും ഇടതുപക്ഷ ഏകോപന സമിതിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മറ്റും എല്ലാ രാഷ്്ട്രീയ അഭിപ്രായങ്ങളും മാറ്റിവച്ച്‌ ഏകശിലാരൂപത്തില്‍ പാലിയേക്കര ടോള്‍വിരുദ്ധ സമരസമിതി എന്ന ബാനറിന്റെ കീഴില്‍ സമരരംഗത്ത്‌ നിലയുറപ്പിക്കുമ്പോള്‍ ജനകീയ പ്രശ്നങ്ങളിലുണ്ടാവേണ്ട ഒരു കൂട്ടായ്മയായി പാലിയേക്കര മാറുകയാണ്‌.
തിരുവനന്തപുരം പട്ടണത്തിന്‍ മാലിന്യങ്ങള്‍ പേറുവാന്‍ വിധിക്കപ്പെട്ട വിളപ്പിന്‍ശാല പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരരംഗത്ത്‌ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികള്‍ മാറ്റിവെച്ച്‌ പോരടിക്കുമ്പോള്‍ ; പാലിയേക്കരയിലും തങ്ങളുടെ രാഷ്ട്രീയ പതാകകളും സാമുദായ സംഘടനകളായ എസ്‌എന്‍ഡിപി, എന്‍എസ്സ്‌എസ്സ്‌, ലാറ്റിന്‍ കാത്തലിക്ക്‌ മൂവ്മെന്റ്‌ തുടങ്ങിയ സംഘടനകളുടെ പതാകകളും ചേര്‍ത്തുവച്ചാണ്‌ തീക്ഷ്ണസമരങ്ങളുടെ നാളുകള്‍ പിന്നിടുന്നത്‌. എന്നാല്‍ ഈ ജനകീയ സമരങ്ങളോട്‌ മുഖംതിരിച്ചുനില്‍ക്കുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവും ഈ നാളുകളുടെ ബാക്കിപത്രമായി കേരള ജനതയാല്‍ വായിക്കപ്പെടുന്നുണ്ട്‌. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളെ നയിക്കുന്ന കോണ്‍ഗ്രസ്സും മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്സും കേരളത്തിലെ പ്രതിപക്ഷ മുന്നണിയെ നയിക്കുന്ന സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുമാണ്‌ ആ പ്രസ്ഥാനങ്ങള്‍.
ബിഒടി പദ്ധതിയെക്കുറിച്ചുള്ള ബിജെപി നിലപാട്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ അര്‍ത്ഥശങ്കക്ക്‌ ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്‌. ചുങ്കം റോഡുകള്‍ കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലത്ത്‌ അപ്രായോഗികമാണ്‌ എന്നതാണ്‌ ആ നയം. ഇതേ നയം തന്നെയാണ്‌ ബിജെപി ഗോവയിലും സ്വീകരിച്ചിട്ടുള്ളത്‌. ടോള്‍ ഇല്ലാത്ത റോഡുകളുള്ള സംസ്ഥാനമായി ടൂറിസ്റ്റ്‌ കേന്ദ്രമായ ഗോവ നിലനില്‍ക്കുന്നതും അതേ കാരണംകൊണ്ടുതന്നയാണ്‌.
കേരളത്തില്‍ ടോള്‍ റോഡുകള്‍ വേണ്ട എന്നതായിരുന്നു കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആദ്യം സ്വീകരിച്ച നയം. അന്നത്തെ മുഖ്യമന്ത്രി . വി. എസ്‌. അച്യുതാനന്ദന്‍ 2010 ഏപ്രില്‍ 20 ന്‌ വിളിച്ചുകൂട്ടിയ ആദ്യ സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനവും അതായിരുന്നു. ആ സര്‍വ്വകക്ഷി തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ മറുപടി കിട്ടുന്നതിന്‌ മുമ്പ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും ചേര്‍ന്ന്‌ കേന്ദ്രം ഭരിച്ച യുപിഎയുടെ സഹായത്തോടെ കേരളത്തിന്റെ റോഡുകള്‍ കെഎംസി എന്ന തട്ടിപ്പ്‌ കമ്പനിക്ക്‌ വന്‍ അഴിമതിയുടെ പിന്‍ബലത്തില്‍ വില്‍ക്കുക എന്നതാണ്‌ സംഭവിച്ചത്‌.
ഇന്ത്യയില്‍ ഗുജറാത്ത്‌ അടക്കം പല സംസ്ഥാനങ്ങളിലും ബിഒടി റോഡുകള്‍ക്ക്‌ കിലോമീറ്ററിന്‌ ഒരുകോടി രൂപ ചെലവ്‌ കണക്കാക്കുമ്പോള്‍ കേരളത്തില്‍ ആ ചെലവ്‌ കിലോമീറ്ററിന്‌ ശരാശരി 25 കോടി രൂപ എന്ന്‌ പറയുമ്പോള്‍ തന്നെ ഈ റോഡുപണിയിലെ പിന്നാമ്പുറ അഴിമതികള്‍ വ്യക്തമാകുന്നുണ്ട്‌. ഈ വര്‍ദ്ധിത ചെലവിന്റെ കമ്മീഷന്‍ ആരെല്ലാം കൈപ്പറ്റിയെന്ന്‌ അന്വേഷണവിധേയമാക്കേണ്ടതുണ്ട്‌. കേരളത്തില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ആറുവരി പാത പണിയുവാന്‍ ഏറ്റവും കൂടിയ ചെലവ്‌ ( 30 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ്‌ സഹിതം) ഏഴ്‌ കോടി രൂപ എന്ന്‌ പൊതുമരാമത്ത്‌വകുപ്പ്‌ കണക്കാക്കുകയും കൊടുങ്ങല്ലൂര്‍ ബൈപ്പാസ്‌ റോഡ്‌ ചതുപ്പ്‌ നികത്തി പണിയുകയും ചെയ്യുമ്പോള്‍ ആണ്‌ കേരളത്തില്‍ നിലവിലുള്ള ദേശീയ പാത ആറുവരിയായി വികസിപ്പിക്കുവാന്‍ എന്ന പേരില്‍ 60 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥലമെടുത്ത്‌ കൊടുത്ത്‌ കിലോമീറ്ററിന്‌ ശരാശരി 25 കോടി രൂപ എന്ന നിരക്കില്‍ 17.5 കൊല്ലം മുതല്‍ 30 കൊല്ലം വരെ സ്വന്തം ഇഷ്ടപ്രകാരം ടോള്‍ പിരിക്കുവാനും റോഡരികിലെ സ്ഥലം സ്വകാര്യ ആവശ്യപ്രകാരം ഉപയോഗിക്കുവാനും കുത്തക കമ്പനിക്ക്‌ വിട്ടുകൊടുത്തത്‌. മണ്ണുത്തി മുതല്‍ അങ്കമാലി വരെ 40 കിലോമീറ്റര്‍ റോഡ്‌ കമ്പനി പണിതു എന്ന പേരില്‍ അങ്കമാലി മുതല്‍ ഇടപ്പള്ളി വരെ നാഷണല്‍ ഹൈവേ അതോറിറ്റി പണിത 26 കിലോമീറ്റര്‍ അടക്കം 66 കിലോമീറ്റര്‍ റോഡിലാണ്‌ സ്വകാര്യ കമ്പനിക്ക്‌ ടോള്‍ പിരിക്കുവാന്‍ അനുവാദം കൊടുത്തത്‌.
കിലോമീറ്ററിന്‌ ഏഴ്‌ കോടി രൂപ ചെലവാക്കി ദേശീയപാത പണിയുവാന്‍ പണമില്ലാ എന്ന്‌ പറയുന്നത്‌ കിലോമീറ്റിന്‌ 40 ശതമാനം ഗ്രാന്റ്‌ കമ്പനിക്ക്‌ മുന്‍കൂര്‍ നല്‍കുമ്പോള്‍ അത്‌ കിലോമീറ്ററിന്‌ 10 കോടി രൂപ വരുന്നു എന്നത്‌ പണമില്ല എന്ന വിലാപത്തിന്റെ കള്ളത്തരം വ്യക്തമാക്കുന്നുണ്ട്‌. ഹൈവേ വികസനത്തിന്‌ പെട്രോളില്‍ നിന്ന്‌ മാത്രം ഇന്ധന നികുതി ഇനത്തില്‍ ലിറ്ററിന്‌ മൂന്ന്‌ രൂപ വെച്ച്‌ 10 വര്‍ഷംകൊണ്ട്‌ പിരിച്ച 10,000 കോടി രൂപയ്ക്ക്‌ പുറമെ വാഹന നികുതി, റോഡ്‌ ടാക്സ്‌, രജിസ്ട്രേഷന്‍ ചാര്‍ജ്ജ്‌, ലൈസന്‍സ്‌ ഫീ തുടങ്ങിയ ഇനങ്ങളില്‍ പിരിച്ച 18,000 കോടി രൂപ അടക്കം സര്‍ക്കാര്‍ കണക്കിലെ 28,000 കോടി രൂപ കേരളത്തില്‍ എവിടെ ചെലവാക്കി എന്ന്‌ പറയുവാന്‍ ഭരണാധികാരികള്‍ക്ക്‌ ബാധ്യതയുണ്ട്‌. സര്‍ക്കാര്‍ കൊടുത്ത ഗ്രാന്റ്‌ മാത്രം ഉപയോഗിച്ച്‌ പണിയുന്ന റോഡിന്‌ നികുതിയില്ലാതെ വിദേശങ്ങളില്‍ നിന്ന്‌ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം ടോള്‍ പ്ലാസയോട്‌ ചേര്‍ന്നും ജങ്ങ്ഷനുകളിലും വാണിജ്യ, വിനോദ, വിശ്രമ സമുച്ചയങ്ങള്‍ പണിത്‌ സ്വന്തമാക്കുവാനുള്ള അനുവാദം, ടോള്‍ പിരിവിന്‌ ആദ്യ അഞ്ച്‌ വര്‍ഷം സമ്പൂര്‍ണ്ണ നികുതിയിളവ്‌, ശേഷമുള്ള വര്‍ഷങ്ങളില്‍ 30 ശതമാനം നികുതിയിളവ്‌, കാലാകാലങ്ങളില്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ്‌ ടോള്‍ കാലാവധിയും നിരക്കും വര്‍ദ്ധിപ്പിക്കുവാനുള്ള വ്യവസ്ഥകള്‍, 30 വര്‍ഷ കാലയളവില്‍ ബിഒടി പാതകള്‍ക്ക്‌ സമാന്തരമായി സര്‍ക്കാരിന്‌ മറ്റ്‌ റോഡുകള്‍ പണിയുവാന്‍ അവകാശമില്ല എന്ന്‌ തുടങ്ങി അനേകം ഇളവുകള്‍ ടോള്‍ കുത്തകകള്‍ക്ക്‌ ഇടത്‌ - വലത്‌ ഭരണാധികാരികള്‍ അനുവദിച്ചിട്ടുണ്ട്‌. ഈ ജനവഞ്ചനയ്ക്ക്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക്‌ ബിഒടി പദ്ധതികളില്‍ നിന്നും ബിനാമി ഷെയര്‍ ആയി (വിയപ്പ്‌ ഓഹരി) ശതകോടികള്‍ ലഭ്യമാകുന്നു എന്ന്‌ പറഞ്ഞാല്‍ ജനങ്ങള്‍ എന്തിന്‌ അത്‌ വിശ്വസിക്കാതിരിക്കണം? ദേശീയപാതയിലെ ബിഒടി വികസനം 2ജി സ്പെക്ട്രത്തേക്കാള്‍ ഭീകരമെന്ന്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ വി. എം. സുധീരന്റെ അഭിപ്രായവും ഇതിനോട്‌ കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തമാകും.
മണ്ണുത്തി - അങ്കമാലി ബിഒടി റോഡ്‌ കിലോമീറ്ററിന്‌ 21 കോടി രൂപ എന്ന്‌ കണക്കാക്കി 40 കിലോമീറ്ററിന്‌ 840 കോടി രൂപയുടെ 40 ശതമാനം ഗ്രാന്റ്‌ ആയി 336 കോടി രൂപ കമ്പനിക്ക്‌ കൊടുക്കുമ്പോള്‍ തന്നെ റോഡുപണി അതുകൊണ്ട്‌ പൂര്‍ത്തിയാക്കുവാന്‍ പറ്റുമെന്ന്‌ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെ സര്‍ക്കാര്‍ ചെലവില്‍ പണിയുന്ന റോഡില്‍ നിന്ന്‌ ഒരു ദിവസം ടോള്‍ പിരിച്ചെടുക്കുന്ന തുക 80 ലക്ഷം രൂപ വരുമെന്ന്‌ അവര്‍ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാകുന്നു. (മറ്റ്‌ പഠനങ്ങളില്‍ അത്‌ ശരാശരി 1.25 കോടി രൂപയാണ്‌) അത്‌ സമ്മതിച്ചാല്‍ തന്നെ ഒരു വര്‍ഷം 292 കോടി രൂപ കമ്പനിക്ക്‌ ലഭിക്കുന്നുണ്ട്‌. അങ്ങനെ സര്‍ക്കാര്‍ ചെലവില്‍ റോഡ്‌ പണിത ബിഒടി കമ്പനി 17.5 വര്‍ഷം കൊണ്ട്‌ കേരളത്തില്‍ നിന്ന്‌ കൊള്ളയടിക്കുന്ന തുക കണക്കാക്കിയാല്‍ തലപെരുക്കുക തന്നെ ചെയ്യും. കമ്പനിക്ക്‌ ടോള്‍ പിരിക്കാവുന്ന കാലാവധി സ്വന്തം ഇഷ്ടപ്രകാരം വര്‍ദ്ധിപ്പിക്കാമെന്ന കരാറില്‍ എഴുതിവെയ്ക്കുമ്പോള്‍ ഈ കൊള്ള തലമുറകളും അനുഭവിക്കണമെന്ന നില വന്നപ്പോഴാണ്‌ കേരളജനത ഈ ബിഒടി ക്കെതിരെ അന്തിമ സമരത്തിന്‌ ഇറങ്ങിയത്‌.
ടോള്‍പിരിവ്‌ ആരംഭിക്കുമെന്നുപറഞ്ഞ ഡിസംബര്‍ രണ്ടിന്‌ ടോള്‍വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ബിജെപി അടക്കം വിവിധ പ്രസ്ഥാനങ്ങളുടെ ആയിരകണക്കിന്‌ ആളുകള്‍ തെരുവിലിറങ്ങിയതോടെ തീരുമാനം മാറ്റിവെച്ചു. തുടര്‍ന്ന്‌ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ ടോള്‍ ഫ്രീ സര്‍വ്വീസ്‌ റോഡ്‌ അടക്കമുള്ള പണി തീര്‍ത്തുമാത്രമേ ടോള്‍ പിരിവ്‌ തുടങ്ങൂ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു എങ്കിലും, ടോള്‍ പിരിവ്‌ ഉപേക്ഷിക്കണമെന്ന ആവശ്യത്തില്‍ സമരസമിതി ഉറച്ചുനിന്നു. പാര്‍ട്ടി പത്രം തന്നെ ടോള്‍ പിരിവിനു പിന്നില്‍ വന്‍ അഴിമതി, ഗൂഢാലോചന എന്ന്‌ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎം, കോണ്‍ഗ്രസ്സ്‌ ജനപ്രതിനിധികളുടേയും ബിഒടി കമ്പനിയുടേയും പിഡബ്ല്യൂഡി മന്ത്രിയുടേയും ആലുവ പാലസ്സിലെ യോഗം ചില പ്രാദേശിക ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഡിസംബര്‍ 18 ന്‌ പിരിവ്‌ തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ചു. സര്‍വ്വ സന്നാഹത്തോടുകൂടി പോലീസ്‌ ടോള്‍ പ്ലാസ്സക്കുമുന്നില്‍ കാവല്‍ നിന്നു എങ്കിലും ആയിരകണക്കിന്‌ സമരസമിതി പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ടോള്‍ പ്ലാസ്സ ഉപരോധിച്ചതിനാല്‍ ഡിസംബര്‍ 18 ന്‌ പിരിവ്‌ തുടങ്ങുവാന്‍ സാധ്യമായില്ല. എന്നാല്‍ ഫെബ്രുവരി ഒമ്പതിന്‌ യാതൊരുമുന്നറിയിപ്പുമില്ലാതെ വന്‍ പോലീസ്‌ സന്നാഹത്തോടെ ടോള്‍ പിരിവ്‌ ആരംഭിച്ചപ്പോള്‍ ടോള്‍പ്ലാസ്സക്കുമുന്നില്‍ സമരസമിതി അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കള്‍ സമരപന്തലില്‍ നിരാഹാരം നടത്തുമ്പോള്‍ അത്‌ ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സത്യഗ്രഹികളുടെ ജീവന്‍ രക്ഷിക്കുക, ടോള്‍ കൊള്ള നിര്‍ത്തുക എന്നീ മുദ്രാവാക്യങ്ങളുമായി ഫെബ്രുവരി 24 ന്‌ ബിജെപി നടത്തിയ ടോള്‍ പ്ലാസ്സ മാര്‍ച്ചിനെ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരമര്‍ദ്ദനവുമായാണ്‌ പോലീസ്‌ നേരിട്ടത്‌. അനേകം പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചു. ഈ സംഭവം സമരത്തിന്‌ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്ന്‌ സമരസമിതിയിലെ അംഗങ്ങളായ സംഘടനകള്‍ തമ്മില്‍ കൂടുതല്‍ ഐക്യപ്പെടുവാനും ഇടയാക്കി.
എ. നാഗേഷ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.