കണ്ണൂര്‍: എബിവിപി പ്രവര്ത്തകന് സച്ചിന് ഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമ അറസ്റ്റിലായി. ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കക്കാട് അത്താഴക്കുന്നിലെ കുണ്ടുവളപ്പില്‍ ഹൗസില്‍ മുഹമ്മദ് ഹക്കീം (30) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കെഎല്‍ 13 ഡബ്ല്യു 661 നമ്പര്‍ ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമത്തിനുപയോഗിക്കാനാണെന്നറിഞ്ഞുകൊണ്ട് തന്നെ വാഹനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ബൈക്കിന്റെ പെയിന്റ് മാറ്റിയതായും പോലീസ് കണ്ടെത്തി. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണത്രെ. കഴിഞ്ഞ ജൂലൈ 6ന് വൈകുന്നേരം പള്ളിക്കുന്ന് ഹയര്‍ സെക്കന്ററി സ്കൂളിന് മുന്‍വശത്ത് വെച്ച് ഒരു സംഘം പോപ്പ്. ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എബിവിപി നഗര്‍ സമിതി അംഗമായ സച്ചിന്‍ഗോപാല്‍ കഴിഞ്ഞ 5ന് മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കേസില്‍ പോപ്പ്-ഫ്രണ്ട് സിറ്റി യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: