മോദി ചായക്കടക്കാരന്‍; വീണ്ടും കോണ്‍ഗ്രസ്സിന്റെ പരിഹാസം

Friday 24 November 2017 2:50 am IST

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായക്കടക്കാരനെന്ന് വീണ്ടും അപഹസിച്ച് കോണ്‍ഗ്രസ്.യൂത്ത് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് കാര്‍ട്ടൂണ്‍ രൂപത്തില്‍ മോദിയെ ചായക്കടക്കാരനെന്ന് പരിഹസിച്ചത്.

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എന്നിവര്‍ക്കൊപ്പം മോദി സംഭാഷണത്തിലേര്‍പ്പെട്ടുനില്‍ക്കുന്ന ചിത്രമുപയോഗിച്ചാണ് പരിഹാസം.വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ട്വീറ്റ് ഒഴിവാക്കിയെങ്കിലും കനത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ്സിന് നേരിടേണ്ടി വരുന്നത്.

2014ലെ പൊതുതെരഞ്ഞെടുപ്പിനിടെയാണ് മോദിയെ ചായ്‌വാലയെന്ന് കോണ്‍ഗ്രസ് ആദ്യമായി പരിഹസിച്ചത്. മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരുടെ ആ നാക്കുപിഴ കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പിലുണ്ടാക്കിയ നഷ്ടം ചെറുതല്ല. ചായക്കടക്കാരനെന്ന് അഭിമാനത്തോടെ ഏറ്റുപറഞ്ഞ മോദിയും ബിജെപിയുടെ ചായ് പേ ചര്‍ച്ചകളും പ്രചാരണത്തില്‍ കൊടുങ്കാറ്റുയര്‍ത്തി.

കോണ്‍ഗ്രസ്സിന്റെ സെല്‍ഫ് ഗോളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഗുജറാത്തികളുടെ അഭിമാനത്തെ ചോദ്യം ചെയ്‌തെന്ന പൊതുവികാരവും സംസ്ഥാനത്ത് ഉയര്‍ന്നുവരുന്നുണ്ട്. ഇതിനെതിരായ നിരവധി കാര്‍ട്ടൂണുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പ്രധാനമന്ത്രിയെ നെഹ്‌റു കുടുംബത്തിന്റെ ചായക്കാരനാക്കുന്നവര്‍ക്ക് ചായക്കാരന്‍ പ്രധാനമന്ത്രിയായത് അംഗീകരിക്കാനാകില്ലെന്ന വിമര്‍ശനവും ഉയരുന്നു. പ്രതിഷേധം ശക്തമായതോടെ യൂത്ത് കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

പാവപ്പെട്ടവരോടുള്ള കോണ്‍ഗ്രസ്സിന്റെ മനോഭാവമാണ് പരിഹാസത്തിലൂടെ വ്യക്തമായതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി കുറ്റപ്പെടുത്തി. രാജകുമാരന്‍ രാഹുല്‍ ഇതിനെ പിന്തുണക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്സ് പാഠംപഠിച്ചില്ലെന്നും ജനകീയ വിധിയെ അപമാനിക്കുന്നതാണ് നടപടിയെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

തങ്ങള്‍ക്ക് മാത്രമാണ് രാജ്യം ഭരിക്കാന്‍ അവകാശമുള്ളൂ എന്നാണോ സോണിയയും രാഹുലും ചിന്തിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ യാഥാര്‍ത്ഥ്യമെന്തെന്ന് കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സിന്റേത് രാഷ്ട്രീയ ആത്മഹത്യയെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായം.

പ്രധാനമന്ത്രിയെയും രാഷ്ട്രീയ എതിരാളികളെയും ബഹുമാനിക്കുന്നതായും പരിഹാസത്തെ അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ്സിന്റെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. യൂത്ത കോണ്‍ഗ്രസ് സംഭവത്തില്‍ മാപ്പ് ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.