പത്മാവതി, സിനിമയ്ക്കുമപ്പുറം

Thursday 23 November 2017 4:20 pm IST

രജപുത്രരാജ്ഞിയായ റാണി പദ്മാവതി ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. തങ്ങളുടെ വിശ്വാസങ്ങളോടും ജീവിതത്തോടും എന്നും സത്യസന്ധതയും കൂറും പുലര്‍ത്തുന്നവരാണ് രജപുത്രസമൂഹം. ചരിത്രത്തിലെ പാഠങ്ങളില്‍ നിന്ന് നമുക്കതുമനസ്സിലാക്കാനുമാകും. മുസ്ലിം ഭരണാധികാരി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി ഭാരതത്തിലെ നാട്ടുരാജ്യങ്ങളെ ആക്രമിച്ച് സാമ്രാജ്യത്തിന്റെ വിസ്തൃതിയും ഖജനാവിന്റെ കനവും വര്‍ദ്ധിപ്പിച്ചിരുന്ന ആക്രമണകാരിയായിരുന്നു. നാട്ടുരാജ്യങ്ങളുടെ അളവറ്റ സമ്പത്തിനൊപ്പം അദ്ദേഹം കൊള്ളയടിച്ചത് അവിടുത്തെ സുന്ദരികളായ സ്ത്രീകളെക്കൂടിയാണ്. അനേകായിരം സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞുകൊണ്ടായിരുന്നു സാമ്രാജ്യം സ്ഥാപിക്കാനുള്ള അലാവുദ്ദീന്‍ ഖില്‍ജിയുടെ പടയോട്ടം. മുസ്ലിങ്ങളല്ലാത്തവര്‍ക്ക് അലാവുദ്ദീന്‍ ഖില്‍ജിയുടെ സാമ്രാജ്യത്തില്‍ കൊടിയ പീഡനമേല്‍ക്കെണ്ടിവന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇരട്ടനികുതിയുമടക്കം സഹിക്കേണ്ടി വന്നു.

മുഗള്‍ഭരണത്തിന്റെ ക്രൂരതകളെ എതിര്‍ത്തുനിന്ന ധീരന്മാരുടെ സമൂഹമായിരുന്നു രജപുത്രര്‍. അതില്‍ ചിത്തോറിലെ രാജ്ഞിയായിരുന്ന പദ്മാവതി അഭിമാനത്തിന്റെയും ധൈര്യത്തിന്റെയും വലിയ പ്രതീകമാണ്. ആ ധീരവനിതയെ രജപുത്രര്‍ രാഷ്ട്രമാതാവായാണ് ആദരിക്കുന്നത്. അലാവുദ്ദീന്‍ ഖില്‍ജി ചിത്തോര്‍ഗഢ് ആക്രമിച്ചപ്പോള്‍ രജപുത്രര്‍ ധീരമായി എതിര്‍ത്തു. എന്നാല്‍ ഖില്‍ജിയുടെ ശക്തമായ സൈന്യത്തിനുമുന്നില്‍ രജപുത്രസൈന്യത്തിന് അധികനാള്‍ ചെറുത്തുനില്‍പ്പ് തുടരാനായില്ല. രജപുത്ര പുരുഷന്മാരെല്ലാം ധീരമായി പൊരുതി വീരചരമം പ്രാപിച്ചപ്പോള്‍ ഖില്‍ജിയുടെ നോട്ടം സുന്ദരികളായ രജപുത്ര സ്ത്രീകള്‍ക്കു നേരെയായി. സ്ത്രീകള്‍ കോട്ടയ്ക്കുള്ളിലായിരുന്നു. ആക്രമണകാരിക്കുമുന്നില്‍ കീഴടങ്ങാനും അയാള്‍ക്കു വഴങ്ങാനും രാജ്ഞിയുള്‍പ്പടെയുള്ള സ്ത്രീകള്‍ തയ്യാറല്ലായിരുന്നു. രാജ്ഞിയെയും കൂട്ടരെയും ലക്ഷ്യമിട്ടു നീങ്ങിയ ഖില്‍ജിയുടെ പട കോട്ടയിലെത്തുന്നതിനു മുന്നേ രാജ്ഞി പദ്മാവതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ ചിതയുണ്ടാക്കി ആത്മഹത്യ ചെയ്തു. അഭിമാനം നഷ്ടപ്പെടുത്താത്ത ആ ധീരതയ്ക്കു മുന്നില്‍ ഖില്‍ജിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.

രജപുത്ര വിജയത്തിന്റെയും അഭിമാനത്തിന്റെയും വിലമതിക്കാനാകാത്ത ചരിത്രമാണ് പദ്മാവതിയുടെ ജീവിതം പറഞ്ഞു തരുന്നത്. രജപുത്രര്‍ എന്നും ഈശ്വരനു തുല്യം ആ മഹതിയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. സഞ്ജയ് ലീലാ ബന്‍സാലി 190 കോടി മുടക്കി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന് കച്ചവടത്തിനപ്പുറം മറ്റുചില താല്‍പര്യങ്ങള്‍ കൂടിയുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. ഹൈന്ദവ സമൂഹത്തില്‍പ്പെടുന്ന രജപുത്രരുടെ വിശ്വാസങ്ങളെ ഹനിക്കുക വഴി വിവാദമുണ്ടാക്കി ചിത്രത്തെ വിജയത്തിലെത്തിക്കുക എന്ന കച്ചവട തന്ത്രത്തിനുമപ്പുറം ഹൈന്ദവ മാനബിന്ദുക്കളെ അവഹേളിക്കുക വഴി നേടാനാകുന്ന രാഷ്ട്രീയ നേട്ടങ്ങളെയും അദ്ദേഹം മുന്നില്‍ കാണുന്നുണ്ട്. ആക്രമണകാരിയും സ്ത്രീകളെ ബഹുമാനിക്കാത്തയാളുമായ ഖില്‍ജി, റാണി പദ്മിനിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ കണ്ടെത്തല്‍. സിനിമയില്‍ ഖില്‍ജിയും പദ്മാവതിയുമായുള്ള പ്രണയ രംഗങ്ങള്‍ ഉണ്ട്.

വിവാദ ഭാഗങ്ങള്‍ നീക്കിയശേഷം മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാനനുവദിക്കൂ എന്നാണ് എതിര്‍ക്കുന്നവരും സെന്‍സര്‍ ബോര്‍ഡും സിനിമയുടെ പ്രദര്‍ശനം തടഞ്ഞിട്ടുള്ള സംസ്ഥാന സര്‍ക്കാരുകളുമെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ എന്താണ് തെറ്റ്? ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന രംഗങ്ങള്‍ മാറ്റാന്‍ തയ്യാറല്ല എന്ന വാശിയില്‍ സംവിധായകന്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ഇതിനു പിന്നിലുള്ള മറ്റ് താല്‍പര്യങ്ങള്‍ പുറത്തുവരുന്നത്. മറ്റേതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിലാണ് സിനിമയുണ്ടാകുന്നതെങ്കില്‍ സഞ്ജയ് ലീലാ ബന്‍സാലി താലിബാന്‍ മോഡല്‍ ആക്രമണം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നില്ലെ? അങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇന്നിപ്പോള്‍ ബന്‍സാലിക്കും, പദ്മാവതി സിനിമയ്ക്കും വേണ്ടി സംസാരിക്കുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ തന്നെ ബന്‍സാലിയെ കൊല്ലാന്‍ നില്‍ക്കുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കുമായിരുന്നു.

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി, മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി ഒരുക്കിയ ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയ്ക്ക് മുമ്പ് കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കാത്തവരാണ് കേരളത്തില്‍ ബന്‍സാലിക്കു വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ഉറഞ്ഞു തുള്ളുന്നത്.

മൂന്നു ഭാഗങ്ങളായി പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ ആദ്യഭാഗമാണ് ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’. ചിത്രത്തില്‍ തെറ്റായാണ് പ്രവാചകന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നതെന്ന ആക്ഷേപമുയര്‍ത്തി സൗദിയടക്കമുള്ള രാജ്യങ്ങളിലും പ്രക്ഷോഭമുയര്‍ന്നിരുന്നു. സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മജീദ് മജീദി ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ തെറ്റുതിരുത്തണമെന്നും പുതിയ സത്യവാചകം ചൊല്ലി ഇസ്ലാമായി തിരികെയെത്തണമെന്നും അല്ലെങ്കില്‍ ക്രൂരമായ ആക്രമണത്തിനിരയാകുമെന്നും തീവ്ര മുസ്ലിംസംഘടനകള്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ വിമര്‍ശിക്കുന്നതൊന്നും സിനിമയിലില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അന്ന് ആ സിനിമയ്‌ക്കൊപ്പം നില്‍ക്കാത്ത ആവിഷ്‌കാര സ്വാതന്ത്ര്യവാദികളാണിപ്പോള്‍ ഹൈന്ദവമാനബിന്ദുക്കളെ അവഹേളിക്കുന്ന സിനിമയെ പിന്തുണക്കുന്നത്.

‘വിശ്വരൂപം’ എന്ന തന്റെ സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുസ്ലിം സംഘടനകള്‍ക്കു മുന്നില്‍ കമലഹാസന്‍ നിസ്സഹായനായതെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറവയ്ക്കില്ലെന്ന് പറഞ്ഞ് ഉറച്ചുനിന്ന കമലഹാസന് ഒടുവില്‍ കീഴടങ്ങേണ്ടിവന്നു. സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ‘വിശ്വരൂപം’, സിനിമയെ ഇസ്ലാമിക വിരുദ്ധമായി കാണുന്നവരുടെ മുന്നില്‍ കമല്‍ഹാസന് പ്രത്യേകം പ്രദര്‍ശിപ്പിക്കേണ്ടിവന്നു. വിശ്വരൂപത്തിലെ ഏഴ് സീനുകള്‍ വെട്ടിമാറ്റാന്‍ കമല്‍ഹാസന് സമ്മതിക്കേണ്ടിയും വന്നു. തുടര്‍ന്നാണ് തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയായത്. അന്ന് കമലിനെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ഹൈന്ദവീകതയെ അവഹേളിക്കുന്ന ഒരു സിനിമയെ എതിര്‍ത്താല്‍, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹാലിളകി രംഗത്തു വരുന്നവരാരും അന്ന് ‘വിശ്വരൂപ’ത്തെ പിന്തുണക്കാന്‍ തയ്യാറായില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യവാദം തരംപോലെ എടുത്തുപയോഗിക്കാനുള്ളതുമാത്രമാണിവിടെ പലര്‍ക്കും. ഇന്ദിരാഗാന്ധിയെയും മകന്‍ സഞ്ജയ്ഗാന്ധിയെയും പരിഹസിക്കുന്നു എന്നാരോപിച്ച് ‘കിസ്സാ കുര്‍സി കാ’ എന്ന സിനിമയുടെ മുഴുവന്‍ പ്രിന്റുകളും നശിപ്പിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഇപ്പോള്‍ സഞ്ജയ് ലീലാ ബന്‍സാലിക്കു വേണ്ടി വാദിക്കുന്ന നടി ശബാന ആസ്മിയും പഴയകാലം പെട്ടെന്ന് മറന്നു. ‘കിസ്സാ കുര്‍സി കാ’യില്‍ ശബാന ആസ്മിയായിരുന്നു നായിക. അന്ന് അവര്‍ കാണാത്ത അസഹിഷ്ണുത ഇന്നുണ്ടെന്നാണ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടിയന്തരാവസ്ഥ സമയത്ത് ‘ആന്ധി’ എന്ന സിനിമയ്‌ക്കെതിരെയും കോണ്‍ഗ്രസ് രംഗത്തു വന്നു. 1993ലെ ബോംബെ സ്‌ഫോടനം പ്രമേയമായ അനുരാഗ് കശ്യപ് ചിത്രത്തിന് അനുമതി നിഷേധിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരാണ്.

അടിയന്തരാവസ്ഥ പ്രമേയമാക്കി മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമ പരമ്പരയുണ്ടായതും ചരിത്രമാണ്. രാജീവ് ഗാന്ധിയുടെ വധവും ശ്രീലങ്കയിലെ തമിഴ് കലാപവും പ്രമേയമായ ആര്‍. കെ. സെല്‍വമണിയുടെ ‘കുറ്റപത്രികൈ’ എന്ന തമിഴ്ചിത്രത്തിനും കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് നേരിടേണ്ടി വന്നു. സിപിഎം രാഷ്ട്രീയത്തെ വിമര്‍ശിച്ച രണ്ടു സിനിമകള്‍ക്ക് അടുത്തകാലത്ത് കേരളത്തിലുണ്ടായ ഗതിയും നമുക്കറിയാം. ‘ലെഫ്റ്റ് റൈറ്റ് ലെഫറ്റ്’ എന്ന സിനിമ കണ്ണൂര്‍ ജില്ലയില്‍ പ്രദര്‍ശിപ്പിക്കാന്‍ സിപിഎം അനുവദിച്ചില്ല. ‘ടി.പി 51 വെട്ട് ‘ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ പോലും നല്‍കിയില്ല. ഇങ്ങനെയൊക്കെ ചെയ്തവരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ധീരരും അഭിമാനികളുമായ ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന ‘പദ്മാവതി’ എന്ന സിനിമയ്ക്കു വേണ്ടി വാദിക്കുന്നത്.
ചരിത്രവും വിശ്വാസവും ഭാവനയ്ക്കനുസരിച്ച് തിരുത്തിയെഴുതി വികലമാക്കാനുള്ളതല്ല.

അതിലൂടെ ഏല്‍ക്കുന്ന മുറിവ് വലിയ വേദനകള്‍ക്ക് കാരണമാകും. എം.ടി. വാസുദേവന്‍നായരുടെ എഴുത്തില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് കേരളത്തില്‍ വലിയ പ്രദര്‍ശന വിജയം നേടുകയും പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത ചലച്ചിത്രം ‘വടക്കന്‍വീരഗാഥ’യും സൃഷ്ടിച്ചത് അത്തരം വലിയ മുറിവായിരുന്നു. മനസ്സില്‍ പാടിപ്പതിഞ്ഞ വിശ്വാസങ്ങളെ ഒറ്റയടിക്ക് തിരുത്തിക്കുറിക്കാന്‍ അതിടയാക്കി. ധീരരെന്ന് വാഴ്ത്തുകയും ആരാധിക്കുകയും ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയുടെയും ആരോമലിന്റെയും വിഗ്രഹങ്ങളെ മലയാളികളുടെ മനസ്സില്‍ തച്ചുടയ്ക്കുകയായിരുന്നു. എംടിയുടെ ‘രണ്ടാമൂഴം’ സിനിമയായാല്‍ സംഭവിക്കുന്നതും അതുതന്നെയാണ്. വിശ്വാസത്തിന്റെ വന്‍ഗോപുരം തകര്‍ന്നുവീഴും. അതനുവദിച്ചുകൂടാ. സിനിമ അത്രയധികം സ്വാധീനം സമൂഹത്തില്‍ ചെലുത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.