എംസി റോഡ് നവീകരണം എംസി റോഡ് നവീകരണം കരാര്‍ കാലാവധി ഇന്ന് അവസാനിച്ചു•  ലോകബാങ്കിന്റെ അന്ത്യശാസനം ഫലം കണ്ടില്ല

Friday 24 November 2017 12:00 am IST

കോട്ടയം: ലോകബാങ്ക് അന്ത്യശാസനം നല്‍കിയിട്ടും എംസി റോഡ് നവീകരണം ലക്ഷ്യം കണ്ടില്ല. റോഡിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള നിര്‍മ്മാണ കരാര്‍ ഇന്ന് അവസാനിച്ചു. എം.സി റോഡിലെ സുപ്രധാനഭാഗമായ കോട്ടയം നഗരത്തില്‍ അടക്കം നിര്‍മ്മാണം അവശേഷിക്കുന്നതിനാല്‍ കരാര്‍ കാലാവധി പുതുക്കി കൊടുക്കാന്‍ ഒരുങ്ങുയാണ് കെഎസ്ടിപി. മൂന്ന് മാസത്തേക്ക് കരാര്‍ നീട്ടേണ്ടി വരുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ മാത്രമെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇതോടെ ലോകബാങ്ക് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി  ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ചെങ്ങന്നൂര്‍ – ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍- മൂവാറ്റുപുഴ എന്നീ ഭാഗങ്ങളാണ് കെഎസ്ടിപിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. ഇതില്‍ സുപ്രധാന നിര്‍മാണമായ തിരുവല്ല  ബൈപ്പാസ്, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ നടപ്പാതകളുടെ നിര്‍മാണം, തോണ്ടറ പാലം   തുടങ്ങിയ ഇനിയും അവശേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിലെ നിര്‍മ്മാണം തീരണമെങ്കില്‍ ഒരുമാസം എടുക്കും. ശബരിമല സീസണും ക്രിസ്തുമസ് – പുതുവര്‍ഷ തിരക്കും കൂടിയാകുമ്പോള്‍ നിര്‍മ്മാണം കോട്ടയം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. നഗരത്തിലെ റോഡ് പൂര്‍ണ്ണമായും പൊളിച്ച് പണിയുകയാണ്.ഈ സാഹചര്യത്തില്‍ നിശ്ചയിച്ചതിലും കൂടുതല്‍ സമയമെടുക്കും. മണിപ്പുഴ ഭാഗത്ത് റോഡിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഉള്ളതിനാല്‍ വീണ്ടും പൊളിച്ച് പണിതു. കൂടാതെ ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ചെന്ന് അവകാശപ്പെട്ട് നാല് വരി പാതയും വീണ്ടും പണിയേണ്ടി വന്നു. അതേ സമയം സ്ഥലമെടുപ്പ് വൈകിയതും നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവും നവീകരണ ജോലികളെ ബാധിച്ചെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.   ലോകബാങ്കിന്റെ വിമര്‍ശനം നേരിട്ടതോടെ പദ്ധതിയുടെ വേഗത കെഎസ്ടിപി കൂട്ടിയിട്ടുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കത്തതിനാലും നിര്‍മ്മാണത്തിലെ ക്രമക്കേടും മൂലം പദ്ധതിക്ക് അനുവദിച്ച സാമ്പത്തിക സഹായത്തില്‍ പകുതി പിന്‍വലിക്കാന്‍ ലോക ബാങ്ക് ഒരുങ്ങിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനി്ച്ച് പദ്ധതി പുരോഗതി വിലയിരുത്താന്‍ ലോകബാങ്കിന്റെ പ്രതിനിധി സംഘം എത്തി. ഇതിന് ശേഷമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വേഗത വന്നത്. എന്നാല്‍ റോഡ് സുരക്ഷയ്ക്ക് അനുവദിച്ച തുക വിനിയോഗിക്കാത്തതില്‍ ലോക ബാങ്ക് കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കുമാരനല്ലൂര്‍ നീലിമംഗലം പാലം ഇതുവരെ തുറക്കാത്തത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. പാലത്തിന്റെ ബലപരിശോധന ലോകബാങ്ക് നിര്‍ദ്ദേശ പ്രകാരം ബംഗ്ലൂരുവിലെ സ്വകാര്യ ഏജന്‍സി നടത്തിയെങ്കിലും റിപ്പോര്‍ട്ട് എതിരയായിരുന്നു. അടിഭാഗത്ത് വിള്ളല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പാലം ഗതാഗതത്തിന് യോജിച്ചതാണെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാലത്തില്‍ വീണ്ടുമൊരു പരിശോധന അനിവാര്യമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.