അരിപ്പ സമരഭൂമിയിലെ കൃഷിക്ക് കളക്ടറുടെ വിലക്ക്

Friday 24 November 2017 2:30 am IST

അഞ്ചല്‍: അരിപ്പ സമരഭൂമിയിലെ കൃഷിക്ക് വിലക്കേര്‍പ്പെടുത്തി കൊല്ലം ജില്ലാഭരണകൂടം. സമരം അട്ടിമറിക്കാന്‍ പ്രദേശവാസികളെ ചേര്‍ത്ത് സമാന്തരസമരസമിതി ഉണ്ടാക്കി വനംമന്ത്രി രാജുവിന്റെ ഇടപെടല്‍.

അരിപ്പയില്‍ ആദിവാസികളും ദളിതരും നെല്‍ക്കൃഷി ചെയ്യുന്നത് വിധ്വംസകപ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ ഉത്തരവ്. കുളത്തൂപ്പുഴ അരിപ്പയില്‍ നാലുവര്‍ഷമായി ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തെ തകര്‍ക്കാനാണ് സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തിയത്്. കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആയിരത്തിലധികം കുടുംബങ്ങളാണ് അരിപ്പയിലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ കുടില്‍കെട്ടി കഴിയുന്നത്.

സമരം തുടങ്ങിയശേഷം സമീപത്തെ മുസ്ലീം ജമാഅത്ത് കമ്മറ്റി കയ്യേറി മുള്ളുവേലി കെട്ടിയെടുത്തത് ഒന്നര ഏക്കര്‍ ഭൂമിയാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനും സര്‍ക്കാര്‍ ഭൂമി കയ്യേറി കട നിര്‍മ്മിച്ചു. ഇതൊന്നും വിലക്കാതെയാണ് പുറമ്പോക്കിലെ കാട്ടുപൊന്ത വെട്ടിത്തെളിച്ച് കൃഷിചെയ്യുന്നവര്‍ക്കു നേരെ ഭരണകൂടം ഇറങ്ങിയത്.

വര്‍ഷങ്ങളായി മനുഷ്യരിറങ്ങാത്ത ചതുപ്പ് നെല്‍വയലാക്കിയും 11 കെവി ലൈന്‍ പോകുന്ന, വിഷമുള്ളുകള്‍ നിറഞ്ഞ കാട് തെളിച്ച് മരച്ചീനി നട്ടും വിശപ്പടക്കിയിരുന്നവരെ ഊരുവിലക്കി പട്ടിണിക്കിട്ട് കൊല്ലാനും കല്ലെറിഞ്ഞ് വകവരുത്താനും പദ്ധതിയിട്ടവരാണ് വീണ്ടും കലാപത്തിന് കോപ്പുകൂട്ടുന്നത്.

സമരക്കാര്‍ മാവോയിസ്റ്റുകളാെണന്നാരോപിച്ചവര്‍ സമരത്തിന് പിന്‍തുണയുമായി പാഞ്ഞു നടക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ സമരത്തിന് ഹിന്ദു ഐക്യവേദിയും ബിജെപിയും നല്‍കിയ പിന്തുണ ഇടതു വലതുമുന്നണികള്‍ സമരക്കാരോട് പകതീര്‍ക്കാനുള്ള അവസരമാക്കുകയാണ്. തുടക്കത്തിലേ സമരത്തിന് എതിരുനിന്ന സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.രാജുവാണ് ഇപ്പോള്‍ സമരത്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

പ്രാദേശിക സമരസമിതിയെന്ന പേരില്‍ ഒത്തുകൂടിയവര്‍ക്ക് പത്തുസെന്റ് ഭൂമി നല്‍കി ഭൂസമരക്കാരെ കുടിയൊഴിപ്പിക്കാനാണ് മന്ത്രി രാജുവിന്റെ നേതൃത്വത്തിലുള്ള നീക്കം. നവംബര്‍ 6ന് കളക്‌ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പത്ത് സെന്റ് ഭൂമി വാഗ്ദാനം ചെയ്‌തെങ്കിലും ആദിവാസി ദളിത് മുന്നേറ്റ സമിതി അത് അംഗീകരിച്ചിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.