സാമ്പത്തിക പ്രതിസന്ധി: തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ മുടങ്ങും

Friday 24 November 2017 2:30 am IST

കൊച്ചി: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനും തിരിച്ചടിയാകും. ബില്ലുകള്‍ മാറുന്നതിനുള്ള നിയന്ത്രണം മൂലം ജോലികള്‍ ഏറ്റെടുക്കുന്നതിന് കരാറുകാര്‍ വിമുഖത കാണിക്കുകയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുമാസം മാത്രം ബാക്കിയിരിക്കെ 70 ശതമാനം ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള പണം പോലും കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നാലുമാസം കൊണ്ട് 50 ശതമാനം പദ്ധതികള്‍ മാത്രമേ പൂര്‍ത്തിയാകൂവെന്നാണ് വിലയിരുത്തല്‍.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതം അനുവദിക്കുന്നതിനും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്രവിഹിതം കിട്ടിയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ സംസ്ഥാനത്തിന്റെ വിഹിതം നല്‍കാവൂവെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചു. ഇത് ഗ്രാമീണ റോഡ് വികസന പദ്ധതികളുള്‍പ്പെടെയുള്ളവയെ തടസ്സപ്പെടുത്തും.

നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ 31.30 ശതമാനവും ബ്ലോക് പഞ്ചായത്തുകള്‍ 30.45 ശതമാനവും പദ്ധതി തുകമാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍, ജില്ലാപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതി നടപ്പാക്കല്‍ ഇതിലും താഴെയാണ്. നഗരസഭകള്‍ 28.80 ശതമാനവും കോര്‍പ്പറേഷനുകള്‍ 25 ശതമാനവും പദ്ധതി തുകമാത്രമാണ് ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് 16 ശതമാനവും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ വലിയ പദ്ധതികള്‍ മുടങ്ങും. ജനപ്രതിനിധികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കരാര്‍ ഏറ്റെടുത്തവര്‍ ബില്ല് മാറി കിട്ടാതെ ബുദ്ധിമുട്ടുകയാണ്്.അതിനാല്‍ പുതിയ ജോലികള്‍ അവര്‍ ഏറ്റെടുക്കാനിടയില്ല.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പല സര്‍ക്കാര്‍ ഓഫീസുകളിലും ശമ്പളത്തിനായി പത്താം തീയതിവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഡിസംബര്‍ മാസത്തെ ശമ്പളവും എന്ന് കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ല. പണം കടമെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഈ തുക ഉപയോഗിച്ച് ശമ്പള വിതരണത്തിനും പെന്‍ഷന്‍ വിതരണത്തിനുമാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുക. അതിനാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ പകുതിയോളം പദ്ധതികളും മുടങ്ങുമെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.