കൈയേറ്റക്കാരെ രക്ഷിക്കാന്‍ പിണറായിയുടെ ക്വട്ടേഷന്‍

Friday 24 November 2017 8:43 am IST

തിരുവനന്തപുരം: ഇടുക്കിയിലെ പരിസ്ഥിതി ലോലപ്രദേശങ്ങളും കുറിഞ്ഞി ഉദ്യാനത്തിനുള്ള സ്ഥലങ്ങളും കൈയേറിയ, ഇടത് എംപി ജോയിസ് ജോര്‍ജ്ജ് അടക്കമുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതിനുള്ള തീരുമാനങ്ങളെടുത്തത്.

കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ വ്യാജ പട്ടയ വിവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ഒരു തീരുമാനം. വിശാലമായ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനും തീരുമാനം. അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുകയെന്നാല്‍ കൈയേറ്റ ഭൂമി തുടര്‍ന്നും കൈവശം വയ്ക്കാന്‍ അനുമതി നല്‍കുകയെന്നതാണ്. ഇതോടെ ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയും. ഉദ്യാനത്തിനു പുറത്താകുന്ന ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് കൈവശ രേഖ കാണിക്കേണ്ടിവരില്ല.

ഇതിനായി മൂന്നംഗ മന്ത്രിസംഘം ഇടുക്കി സന്ദര്‍ശിക്കും. റവന്യൂ, വനം മന്ത്രിമാര്‍ക്കു പുറമെ ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം. മണിയും സംഘത്തിലുണ്ട്. ജോയിസ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പേരില്‍ കൊട്ടാക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ജോയിസ് ജോര്‍ജ്, എം.എം. മണി, ഇ. ചന്ദ്രശേഖരന്‍ (ഫയല്‍ ചിത്രം)

3,200 ഏക്കര്‍ കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കൈയേറ്റക്കാരുടെ പട്ടയരേഖകള്‍ പരിശോധിക്കാന്‍ തുടങ്ങി. കുറിഞ്ഞി ഉദ്യാന പരിധിയില്‍ വസ്തുവുള്ളവര്‍ കൈവശരേഖകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാരം നല്‍കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനായിരുന്നു പദ്ധതി. അതോടെ പലരും ഭൂമി കൈയേറിയെന്നാണ് തെളിഞ്ഞത്. ജോയിസ് ജോര്‍ജ് ഉള്‍പ്പെടെ പലര്‍ക്കും ഏക്കര്‍ കണക്കിന് അനധികൃത ഭൂമി ഉണ്ടെന്ന് കണ്ടെത്തി. ജോയിസിന്റെ പട്ടയം റദ്ദാക്കി.

കൈയേറ്റക്കാര്‍ക്കായി വാദിക്കുന്ന എം.എം. മണിക്ക് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെയും വനം മന്ത്രി ഇ. രാജുവിന്റെയും മേല്‍ ആധിപത്യം സ്ഥാപിക്കാനാകും. സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കൂടിയായ മണി പറയുന്നിടത്താകും തീരുമാനങ്ങളെന്നുറപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.