സബ്കളക്ടറെ ഒതുക്കാന്‍

Friday 24 November 2017 1:19 am IST

 

തൊടുപുഴ: മന്ത്രിതല സംഘത്തെ ഇടുക്കിക്ക് അയയ്ക്കുന്നത് കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനൊപ്പം സബ്കളക്ടറെ ഒതുക്കാന്‍. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ക്കെതിരെ ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ കൈക്കൊള്ളുന്ന നടപടി പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു. ഈ ഉദ്യാനത്തിനായി വിജ്ഞാപനമിറക്കിയ വസ്തുവും, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കിലെ സര്‍ക്കാര്‍ ഭൂമിയും കൈയേറിയവരെ ഒഴിപ്പിക്കുന്ന സബ്കളക്ടറുടെ നീക്കം തടയുകയാണ് ലക്ഷ്യം.

2006ലാണ് ഉദ്യാനത്തിനായി വിജ്ഞാപനമിറക്കിയത്. ഇത് കൈയേറി സിപിഎം നേതാവ് റോയല്‍ പ്ലാന്റേഷന്‍ നടത്തുന്നു. ജോയിസ് ജോര്‍ജ്ജും ബന്ധുക്കളും കൊട്ടാക്കമ്പൂരിലാണ് ഏക്കര്‍ കണക്കിന് ഭൂമി കൈയേറിയത്. വട്ടവട പഞ്ചായത്തിലെ ബ്ലോക് നമ്പര്‍ 58, 62 എന്നിവിടങ്ങളിലും കൈയേറ്റങ്ങള്‍ വ്യാപകം. ഇത് ഒഴിപ്പിക്കുമെന്നുറപ്പായതോടെ ഈ ഏപ്രില്‍ 27ന് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെ സിപിഐയും അനുകൂലിച്ചുവെന്നത് വൈരുദ്ധ്യം.

അതിര്‍ത്തി വെട്ടിച്ചുരുക്കുന്ന നടപടി നടപ്പാക്കാനൊരുങ്ങുമ്പോഴാണ് ജോയിസ് ജോര്‍ജ്ജും ബന്ധുക്കളും ഉള്‍പ്പെടെ 31 പേര്‍ക്ക് തണ്ടപ്പേര് പരിശോധനയ്ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. ഇവര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് സബ്കളക്ടര്‍ കൊട്ടാക്കമ്പൂരിലെ 24 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇത് ഇടത് മുന്നണിയെയും പിണറായി സര്‍ക്കാരിനെയും വെട്ടിലാക്കി.

സബ്കളക്ടര്‍ നിയമപരമായി മുന്നോട്ടുപോയാല്‍ ഇനിയും പല സിപിഎം നേതാക്കളുടെയും മുന്നണിയില്‍പ്പെട്ടവരുടെയും കൈയേറ്റഭൂമിയുടെ പട്ടയം റദ്ദാവും. മന്ത്രി സംഘത്തിന് കാര്യങ്ങള്‍ കൈമാറുന്നതോടെ സബ്കളക്ടറെ നിശബ്ദനാക്കാമെന്നാണ് സിപിഎം കരുതുന്നത്. ഇതിനാണ് സബ്കളക്ടറെ വെല്ലുവിളിക്കുന്ന എം.എം. മണിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറച്ചാല്‍ സബ്കളക്ടര്‍ നടത്തിവരുന്ന തണ്ടപ്പേര്‍ പരിശോധന നിലയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.