മണിയെ അയയ്ക്കുന്നത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലെ

Friday 24 November 2017 10:31 am IST

കോട്ടയം: ഇടുക്കി ജില്ലയില്‍ നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടക്കാമ്പൂരിലേക്ക് പഠനം നടത്തുന്നതിനായുള്ള റവന്യു- വനം ഉദ്യോഗസ്ഥ സംഘത്തില്‍ മന്ത്രി എം.എം.മണിയെ ഉള്‍പ്പെടുത്തിയത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു.

നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം ജോയ്‌സ് ജോര്‍ജ് എംപിയെ സഹായിക്കുന്നതിനുള്ള നീക്കമാണ്. ജനങ്ങള്‍ക്കു സഹായം നല്‍കേണ്ട സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കാണ് സഹായം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൊട്ടക്കാമ്പൂരിലേക്കു മന്ത്രി മണിയെ അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വി.എസ്.അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങള്‍ക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഉദ്യാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അത് അന്തിമമല്ലെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.