മിനിപമ്പയില്‍ സൗകര്യങ്ങളില്ല

Friday 24 November 2017 11:33 am IST

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുറ്റിപ്പുറം മിനിപമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. സര്‍ക്കാരിന്റെയും മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീലിന്റെയും പരസ്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.
മിനിപമ്പയിലും പരിസരങ്ങളിലും മന്ത്രിയുടെ ചിരിക്കുന്ന മുഖങ്ങള്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ ഇവിടെയുത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആ സന്തോഷമില്ല.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലും സ്ഥലമില്ലാത്ത അവസ്ഥ. മല്ലൂര്‍ ശിവപാര്‍വ്വതി ക്ഷേത്രത്തിന് എതിര്‍വശത്ത് റോഡരികിലാണ് പാര്‍ക്കിങ്ങ് സ്ഥലം. പക്ഷേ മൂന്നോ നാലോ വലിയ ബസുകള്‍ നിര്‍ത്തുന്നതോടെ ഇവിടം നിറയും. പാര്‍ക്കിംങ് സ്ഥലത്താണ് വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്.
മണ്ഡലകാലത്ത് സ്റ്റാളുകള്‍ക്കായി താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിക്കുകയാണ് പതിവ്. ഇതിന് പകരം ഒരു സ്ഥിരം സംവിധാനമൊരുക്കിയാല്‍ സാമ്പത്തികമായി ലാഭം കിട്ടും. പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് പാര്‍ക്കിംങ് സ്ഥലം കൂടുതലായി ഉപയോഗിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് മിനിപമ്പയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. അയ്യപ്പന്മാരെത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്നതോടെ ദേശീയപാത സ്തംഭിക്കും.
നിളാസ്‌നാനം നടത്താന്‍ ആഗ്രഹിച്ചെത്തുന്ന ഭക്തര്‍ക്ക് വിരിവെയ്ക്കാന്‍ മിനിപമ്പയില്‍ സ്ഥലമില്ല. മല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ഭാരതപ്പുഴയോരത്ത് ലക്ഷങ്ങള്‍ മുടക്കി പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തീര്‍ത്ഥാടന കേന്ദ്രമായി മാറിയ ഇവിടെ ഒരു പാര്‍ക്കിന്റെ ആവശ്യമെന്തെന്ന് നാട്ടുകാര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല.
പാര്‍ക്കിനായി ചിലവഴിച്ച തുകയുടെ പത്തിലൊന്ന് ഉപയോഗിച്ചാല്‍ അയ്യപ്പന്മാര്‍ക്ക് വിരവെയ്ക്കാനുള്ള സ്ഥലമൊരുക്കാമായിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ റോഡരികിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല. ഓരോ വര്‍ഷവും മണ്ഡലകാലത്തിന് മുമ്പ് മിനിപമ്പയിലേക്ക് കോടികള്‍ ചിലവഴിച്ചു, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി എന്നൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവകാശപ്പെടാറുണ്ട്, പക്ഷേ അത് വെറും അവകാശവാദമായി തുടരുകയാണ്.
സ്വകാര്യ ഹോട്ടലുകള്‍ മിനിപമ്പയില്‍ ഓരോ വര്‍ഷവും തഴച്ചുവളരുകയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവ മിക്കതും പ്രവര്‍ത്തിക്കുന്നത്. മതേതര മുഖം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളിലല്ല വികസനമെന്ന് മന്ത്രി മനസ്സിലാക്കണമെന്ന് ജനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.