തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

Friday 24 November 2017 11:46 am IST

ന്യൂദല്‍ഹി: കായല്‍ കയ്യേറ്റക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തനിക്കെതിരെയുള്ള ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹൈക്കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്നുമാണ് ചാണ്ടിയുടെ ആവശ്യം.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണം. മന്ത്രി എന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ തോമസ് ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക. ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കളക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.

കായല്‍ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് രൂക്ഷമായ പ്രതികൂല പരാമര്‍ശങ്ങളുണ്ടാവുകയും ചെയ്തു. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയും വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.