കുണ്ടറ: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ മുഖത്തല മുരാരിമുക്കിലുള്ള യുഐടി കോളജില്‍ മുണ്ടഴിച്ചിട്ട് ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് എസ്എഫ്ഐക്കാരായ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. ക്ലാസ്മുറിയില്‍ പ്രിന്‍സിപ്പലിന്റെ മുന്നിലായിരുന്നു മര്‍ദനം. ചോദ്യം ചെയ്ത പ്രിന്‍സിപ്പലിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ബഞ്ചുകളും ഡസ്ക്കുകളും എടുത്തെറിയുകയും ചെയ്തു. കോളേജിന് പുറത്തെത്തിച്ച ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ വീണ്ടും മര്‍ദിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. തല്ലുകൊണ്ട രണ്ടു വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഒരുകുട്ടിയുടെ തലയ്ക്കും മറ്റൊരു കുട്ടിയുടെ കണ്ണിനുമാണ് പരിക്ക്. സ്കൂളിന്റെ നിയന്ത്രണം ഇടത് അനുകൂല ട്രസ്റ്റിനാണ്. ഇതിന്റെ പിന്‍ബലത്തില്‍ ഇതിനു മുന്‍പും എസ്എഫ്ഐക്കാര്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും എസ്എഫ്ഐക്കാര്‍ രക്ഷപെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ കോളേജിന് അവധി നല്കി. മര്‍ദനത്തിന് നേതൃത്വം നല്കിയ ശബരി, വിമല്‍രാജ് എന്നിവരെ കോളേജില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: