ലൈഫ് മിഷന്‍; ആദ്യഘട്ടത്തില്‍ 4881 വീടുകള്‍ പൂര്‍ത്തിയാക്കും

Friday 24 November 2017 2:48 pm IST

കൊല്ലം: ലൈഫ് മിഷന്‍ വഴി ജില്ലയില്‍ 4881 വീടുകള്‍ 2018 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കും. വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച് പിന്നീട് മുടങ്ങിയ വീടുകള്‍ക്കാണ് ലൈഫ് മിഷനിലൂടെ പുതുജീവന്‍ ലഭിക്കുക.
ലൈഫ് മിഷന്റെ ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മാണം പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പദ്ധതിയുടെ പുരോഗതി അവലോകനം നടത്തി.
വിവിധ ഘട്ടങ്ങളിലായി നിര്‍മാണത്തിന് നല്‍കിയ തുക പരിശോധിച്ച് പൂര്‍ത്തീകരണത്തിനുള്ള ബാക്കി തുക കൂടി ലഭ്യമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനായി പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ തുക വകയിരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രൂപീകരിക്കുന്ന വാര്‍ഡുതല കര്‍മ്മ സമിതികള്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും.
നേരിട്ട് ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഗുണഭോക്താക്കളെ സഹായിക്കുന്നതിന് തേഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളുടെ (ടപിടിഎ) സേവനവുമുണ്ടാകും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയറിംഗ് കോളേജുകളിലെ വിദഗ്ധര്‍ ടിപിടിഎയുടെ ഭാഗമാകും.
ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി നിര്‍മാണത്തിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കും. ഭവന സന്ദര്‍ശന വേളയില്‍ എസ്റ്റിമേറ്റിന് അനുബന്ധമായി വീട് നിര്‍മാണത്തിന് ആവശ്യമുള്ള സാധനസാമഗ്രികളുടെ അളവും കണക്കാക്കി രേഖപ്പെടുത്തും. നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ഗുണനിലവാര പരിശോധന ടിപിടിഎകള്‍ സൗജന്യമായി നടത്തും.
യോഗത്തില്‍ പരവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. കുറുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നാസറുദ്ദീന്‍, ജി. പ്രേമചന്ദ്രനാശാന്‍, പിഎയു പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.