ജന്മഭൂമി-സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവം തുടങ്ങി ;ഭാരതം ശാസ്ത്ര വിപ്ലവങ്ങളുടെ നാട്: ഡോ. റാവു

Friday 24 November 2017 10:13 pm IST

ജന്മഭൂമി-സയന്‍സ് ഇന്ത്യ തെക്കന്‍മേഖല ശാസ്‌ത്രോത്സവം കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ ദേശീയഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്ര റാവു ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. രാധാകൃഷ്ണന്‍,സി.കെ. ചന്ദ്രബാബു, പി.എസ്. ഗോപകുമാര്‍, ഡോ. ഉമ്മന്‍ വി ഉമ്മന്‍, എം.എല്‍. അനിധരന്‍, എന്‍.ജി. ബാബു, പി. രാജശേഖരന്‍, ടി. രാജേഷ് സമീപം

കൊല്ലം: അതിരുകളില്ലാത്ത ശാസ്ത്രലോകത്തേക്ക് പുതിയ വാതില്‍ തുറന്ന് ജന്മഭൂമി-സയന്‍സ് ഇന്ത്യ തെക്കന്‍മേഖല ശാസ്‌ത്രോത്സവത്തിന് കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ജന്മഭൂമിയും വിജ്ഞാനഭാരതി സംരംഭമായ സയന്‍സ് ഇന്ത്യാ മാഗസിനും സംയുക്തമായാണ് സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള(എസ്എസ്എഫ്‌കെ-2017) സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്ര റാവു ഉദ്ഘാടനം ചെയ്തു. എക്കാലത്തും ശാസ്ത്ര വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണ് ഭാരതമെന്ന് അദ്ദേഹം പറഞ്ഞു.

ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യധാന്യ സമ്പത്ത്, ധവള വിപ്ലവത്തിലൂടെ ക്ഷീര സമ്പത്ത്, നീല വിപ്ലവത്തിലൂടെ മത്സ്യസമ്പത്ത് എന്നിവയെല്ലാം ശാസ്ത്രത്തിന്റെ സംഭാവനയാണ്. ഇന്ന് അത് വിവരസാങ്കേതിക രംഗത്തേക്ക് മാറിയിരിക്കുന്നു. ടെലികോം രംഗവും കുതിക്കുകയാണ്. ഭാരതം ആണവ ശക്തി ആയതിന് പിന്നിലും ശാസ്ത്രത്തിന്റെ മികവുണ്ട്. ബഹിരാകാശ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് ഭാരതം.

ബഹുമുഖ പ്രതിഭയായ ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നു എന്നത് ഓരോ ശാസ്ത്രജ്ഞനും അഭിമാനമാണ്. സമുദ്ര ഗവേഷണത്തിനായി പതിനായിരം കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീ നാരായണ എഡ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാര്‍ അധ്യക്ഷനായി. കേരളാ ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ഡയറക്ടര്‍ ഡോ. ഉമ്മന്‍.വി.ഉമ്മന്‍, ശ്രീനാരായണ എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് എം.എല്‍. അനിധരന്‍, ദേശീയ അധ്യാപക പരിഷത്ത് ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, വെണ്ടാര്‍ എസ്‌വിഎംഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.ബി. രാധാകൃഷ്ണന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.കെ. ചന്ദ്രബാബു, ജന്മഭൂമി യൂണിറ്റ് മാനേജര്‍ പി.രാജശേഖരന്‍, ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.ജി.ബാബു, പ്രോഗ്രാം കണ്‍വീനര്‍ ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള അറുപതിലേറെ സ്‌കൂളുകളില്‍ നിന്നായി 87 പ്രോജക്ടുകളാണ് ശാസ്‌ത്രോത്സവത്തില്‍ പ്രദര്‍ശനത്തിനും മത്സരത്തിനുമായി എത്തിയിട്ടുള്ളത്. ഇരുനൂറ്റിയന്‍പതോളം പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഇന്ന് എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. അജയഘോഷ് കുട്ടികളുമായി ശാസ്ത്ര സംവാദത്തില്‍ ഏര്‍പ്പെടും. മുപ്പതോളം ശാസ്ത്ര സിനിമകള്‍ ഇന്ന് ഉത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. വൈകിട്ട് മൂന്നിന് ശാസ്‌ത്രോത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.