രാമക്ഷേത്രം ഉടന്‍: ഡോ. മോഹന്‍ ഭാഗവത്

Saturday 25 November 2017 2:55 am IST

 

ഉഡുപ്പി: അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം ഉയരാന്‍ വൈകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത്. ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത് ധര്‍മ്മ സംസദില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമജന്മസ്ഥാനത്ത് രാമക്ഷേത്രമേ ഉയരൂ. അത് ഏറെ വൈകില്ല. ക്ഷേത്രം അവിടെ എത്തിച്ചിരിക്കുന്ന കല്ലുകള്‍കൊണ്ടു തന്നെ നിര്‍മ്മിക്കും. ക്ഷേത്രത്തിനു മുകളില്‍ കാവിക്കൊടി പാറും, അദ്ദേഹം പറഞ്ഞു.

കാല്‍നൂറ്റാണ്ടിലേറെയായി ആരാണോ ക്ഷേത്രനിര്‍മ്മാണത്തിന് പ്രയത്‌നിക്കുന്നത് അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും തന്നെ ക്ഷേത്രം നിര്‍മ്മിക്കും. എന്നാല്‍, ക്ഷേത്രനിര്‍മ്മാണത്തിന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. നാം ലക്ഷ്യത്തിന് ഏറെ അടുത്താണ്. ഈ സമയം ഏറെ ജാഗ്രത വേണം, അദ്ദേഹം പറഞ്ഞു.
രാമജന്മഭൂമി പ്രക്ഷോഭം മുപ്പതാണ്ട് പിന്നിട്ടിരിക്കുന്നു. ഏറ്റവും അനുകൂലമായ സാഹചര്യമാണിപ്പോള്‍. ഇനി വൈകില്ല. രാമക്ഷേത്ര നിര്‍മാണം ഏറ്റവും അടുത്തിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

ഗോസംരക്ഷണത്തിനു നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപക ശ്രമമുണ്ട്. ഗോരക്ഷ നമ്മുടെ പൈതൃകമാണ്. രാജ്യത്ത് പൂര്‍ണ്ണ ഗോവധ നിരോധനം ഏര്‍പ്പെടുത്താതെ നമുക്ക് വിശ്രമിക്കാനാവില്ല. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഗോസംരക്ഷണത്തിനു ശ്രമിക്കുന്നവരെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഗോസംരക്ഷണ പ്രവര്‍ത്തനങ്ങളെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കത്തെ കരുതിയിരിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദു സമാജത്തിനു വഴികാട്ടാനാണ് ധര്‍മ സംസദ് ചേര്‍ന്നിരിക്കുന്നത്. നമ്മുടെ ഭാവി നാം തന്നെ നിശ്ചയിക്കും. സംസ്‌കാരത്തിന്റെ അടിവേരുകള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹത്തെയാണ് നമുക്കാവശ്യം, സര്‍സംഘചാലക് പറഞ്ഞു.ജഗദ്ഗുരു ശിവരാത്രി ദേശികേന്ദ്ര സ്വാമി സംസദ് ഉദ്ഘാടനം ചെയ്തു. സ്വാമി നിര്‍മലാനന്ദനാഥ്, ഉടുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ തുടങ്ങിയ സന്ന്യാസശ്രേഷ്ഠരും വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ സംഘടനാ നേതാക്കളും സംസാരിച്ചു.

കേരളത്തില്‍ നിന്ന് 32 സംന്യാസിമാരാണ് പങ്കെടുക്കുന്നത്. സദ്‌സ്വരൂപാനന്ദ സ്വാമി, ആത്മസ്വരൂപാനന്ദ സ്വാമി, സ്വാമി അയ്യപ്പദാസ്, സ്വാമി സുകൃതാനന്ദ എന്നിവര്‍ ഉദ്ഘാടനവേദിയില്‍ സന്നിഹിതരായിരുന്നു. 2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ധര്‍മ്മ സംസദ് മറ്റന്നാള്‍ സമാപിക്കും. സമാപന ദിവസം സംസദിന്റെ പ്രമേയം അവതരിപ്പിക്കുമെന്ന ് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ അറിയിച്ചു.

ഇന്നും നാളെയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ട്ട് ഒാഫ് ലിവിങ് മേധാവി ശ്രീ ശ്രീ രവിശങ്കര്‍, യോഗ ഗുരു രാംദേവ് തുടങ്ങിയവരും പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.