ഗതാഗതക്കുരുക്കഴിയാതെ കൊല്ലങ്കോട്

Friday 24 November 2017 8:27 pm IST

കൊല്ലങ്കോട്:ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താനാകാതെ കുടുങ്ങി കൊല്ലങ്കോട്. മണ്ഡലമാസമായതോടെ അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ അയ്യപ്പ അക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വര്‍ദ്ധനവും സ്‌ക്കൂള്‍ ഓഫീസ് സമയങ്ങളിലെ വാഹനങ്ങളുടെ വരവുംകൂടെയാവുന്നതോടെ വീതി കുറഞ്ഞ കൊല്ലങ്കോട് ടൗണില്‍ ഗതാഗതകരുക്കില്‍പ്പെട്ട് വലയുകയാണ് യാത്രക്കാര്‍.
ഇരു ചക്രവാഹനവും ഓട്ടോറിക്ഷകളുടെ വര്‍ദ്ധനവും സ്‌ക്കൂള്‍ സമയത്തു പോലും ടിപ്പര്‍ ടോറസ്സ് വാഹനങ്ങളുടെ ഓട്ടവും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.ഇതിന് പരിഹാരമായി ബൈപ്പാസ് എന്നത് നടപ്പിലാക്കാന്‍ കഴിയാത്തതും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.കരുവിക്കൂട്ടുമരം മുതല്‍ വട്ടേക്കാട് വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം ബൈപാസിന് സര്‍വേ നടത്തിയെങ്കിലും കൊല്ലങ്കോട് വില്ലേജ് ഒന്ന്,രണ്ട് എലവഞ്ചേരി വില്ലേജുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കൃഷിഭൂമി നികത്തി വേണം ബൈപാസ് നിര്‍മ്മിക്കാന്‍.
നിലവില്‍ കൃഷിഭൂമി സംരക്ഷിക്കുക എന്ന നയം സര്‍ക്കാര്‍ എടുത്തതോടെ ബൈപാസ് നിര്‍മ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ പണികള്‍ക്ക് തടസമായി.ഇതോടെ ബൈപാസ് എന്ന സ്വപ്‌ന പദ്ധതി അകലെയായി.നിലവിലുള്ള പാതയുടെ ഇരുവശങ്ങളും വീതി കൂട്ടുന്നതിനായുള്ള സര്‍വ്വേ പൊതുമരാമത്ത് റോഡ് നിര്‍മാണ വിഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും ചന്തപ്പുര മുതല്‍ കോവിലകം മൊക്ക് വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ബാക്കിയാണ്. മണ്ഡല മാസക്കാലം മുതല്‍ ജനുവരി മൂന്നാം തിയ്യതി വരെ കൊല്ലങ്കോട് ഹൃദയ ഭാഗത്തുള്ള പുലിക്കോട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന നിരവധി ക്ഷേത്രങ്ങളുടെ അയ്യപ്പന്‍ വിളക്ക് ഉത്സവ തിരക്കും ദേശവിളക്കുകള്‍ ആറാട്ട് മറ്റു സാംസ്‌ക്കാരിക കമ്മറ്റികളുടെ ഉത്സവങ്ങളുംഗതാഗതകുരുക്ക് വര്‍ദ്ധിപ്പിക്കും.
പഞ്ചായത്ത്തലത്തില്‍ ട്രാഫിക് റെഗുലറ്റി കമ്മറ്റി വിളിച്ച് ചേര്‍ത്ത് യുക്തമായ തീരുമാനത്തില്‍ എത്താത്ത പക്ഷം യാത്രക്കാര്‍ക്ക് മണിക്കൂറോളം ഗതഗാത കുരുക്കില്‍ കഴിയേണ്ടി വരും.ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഹോം ഗാര്‍ഡ് എന്നിവരുടെ സേവനം കാര്യക്ഷമാകാത്തതും കൂടുതല്‍ നേരം ബസുകള്‍ പാര്‍ക്ക് ചെയ്ത് ഇടുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു.സ്‌ക്കൂള്‍ സമയങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ ചരക്കുകള്‍ കയറ്റിറക്കുകള്‍ നടത്തുന്നതും ഗതാഗത തടസത്തിനും കാരണമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.