കള്ളി വെളിച്ചത്തായ കുപ്രചാരണങ്ങള്‍

Saturday 25 November 2017 2:45 am IST

വാവടുക്കുമ്പോള്‍ ചിലര്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടാകുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പെരുമാറ്റം. പരാജയഭീതി പൂണ്ട്, വിവേചന ശക്തി നശിക്കുന്ന അവര്‍ എന്തൊക്കെയാണ് വിളിച്ചുപറയുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ക്കും, നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ അഴിമതിയാരോപണങ്ങള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റും പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ ഒന്നിനുപുറകെ ഒന്നായി പൊളിയുകയാണ്.

റഫാലെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായുണ്ടാക്കിയ ഇടപാടില്‍ പ്രധാനമന്ത്രി പ്രത്യേകമായി ഇടപെട്ടുവെന്നും വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും കോണ്‍ഗ്രസ് പ്രചരിപ്പിച്ച ഒരു കള്ളക്കഥകൂടി ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറില്‍ മോദി സര്‍ക്കാര്‍ വരുത്തിയ മാറ്റത്തിലൂടെ 12,600 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞുവെന്ന സത്യം വെളിപ്പെട്ടതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഖം നഷ്ടമായിരിക്കുകയാണ്. ‘ടൈംസ് ഓഫ് ഇന്ത്യ’ ദിനപ്പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് യുപിഎ സര്‍ക്കാര്‍ കാണിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര കൃത്യവിലോപമായിരുന്നു ഇത്. കഴിവുകേടിന്റെ പര്യായമായ എ.കെ. ആന്റണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി.

രാജ്യസുരക്ഷയെക്കാള്‍ സ്വന്തം പാര്‍ട്ടി അധ്യക്ഷയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിലായിരുന്നു ആന്റണിക്ക് ശ്രദ്ധ. സായുധസേനയ്ക്കാവശ്യമായ യുദ്ധോപകരണങ്ങള്‍ വാങ്ങാനോ, കൈവശമുള്ളവ നവീകരിക്കാനോ ശുഷ്‌കാന്തി കാണിക്കാതെ പ്രതിരോധരംഗത്തെ ഫലത്തില്‍ തളര്‍ത്തുകയാണ് ആന്റണി ചെയ്തത്. അതേസമയം, അഴിമതിക്ക് വകുപ്പുള്ള അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ പതിവില്‍ കവിഞ്ഞ താല്‍പര്യമെടുക്കുകയും ചെയ്തു ഈ ആദര്‍ശധീരന്‍. ഇങ്ങനെയൊരാളുടെ സ്ഥാനത്ത് കാര്യങ്ങള്‍ പഠിച്ച്, മുന്‍ഗണനാക്രമം നോക്കി, സമയബന്ധിതമായി തീരുമാനമെടുക്കുന്ന ഒരു പ്രതിരോധമന്ത്രി, അതും ഒരു വനിത വന്നതില്‍ കോണ്‍ഗ്രസിന് അസൂയയാണ്. കാര്യശേഷിയുടെ കാര്യത്തില്‍ നിര്‍മലാ സീതാരാമന്‍ എന്ന പ്രതിരോധമന്ത്രിയുടെ നാലയലത്തുപോലും നില്‍ക്കാനുള്ള യോഗ്യത ആന്റണിക്കില്ല. അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള കലിപ്പ് ആര്‍ക്കും മനസ്സിലാവുമല്ലോ.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാല്‍ തങ്ങളെപ്പോലെ മോദി സര്‍ക്കാരിലുള്ളവരും അഴിമതിക്കാരാണെന്ന് ജനങ്ങള്‍ കരുതിക്കൊള്ളുമെന്നാണ്‌കോണ്‍ഗ്രസ് നേതൃത്വം വ്യാമോഹിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷാക്കെതിരെയും, കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെയും പരിഹാസ്യമായ ആരോപണങ്ങളുന്നയിച്ചത് ഈ ദുഷ്ടലാക്കോടെയാണ്. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ഈ തട്ടിപ്പ് എട്ടുനിലയില്‍ പൊട്ടി. അഴിമതിക്ക് തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ ബിജെപി ആവര്‍ത്തിച്ച് വെല്ലുവിളിച്ചിട്ടും അതിന് നില്‍ക്കാതെ ഭീരുക്കളെപ്പോലെ മാളത്തിലൊളിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.

യുപിഎ ഭരണകാലത്ത് നടന്ന സഹസ്രകോടികളുടെ അഴിമതികള്‍ക്കെതിരെ അന്നത്തെ പ്രതിപക്ഷമായ ബിജെപിയും മറ്റും കോടതിയെ സമീപിക്കുകയായിരുന്നു. അധികാരത്തില്‍ ആര്‍ത്തിപൂണ്ട് കള്ളകഥകള്‍ മെനഞ്ഞ് പ്രചരിപ്പിച്ചാല്‍ കാല്‍നൂറ്റാണ്ടുകാലമായി ബിജെപി ഭരണമുള്ള ഗുജറാത്ത് തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അഴിമതിയുടെ കാര്യത്തില്‍ ‘തിന്നുകയോ തീറ്റിക്കുകയോ ഇല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഈ നിമിഷംവരെ പാഴായിട്ടില്ല. ഗുജറാത്ത്- ഹിമാചല്‍ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ഇതിന്റെകൂടി അംഗീകാരമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.