കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് ചട്ടലംഘനം

Saturday 25 November 2017 2:50 am IST

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ സെറ്റില്‍മെന്റ് ഓഫീസറോട് കളക്ടര്‍ നിര്‍ദ്ദേശിക്കണമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഭാഗം

ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി ഇടുക്കി കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വിവാദത്തില്‍. റിപ്പോര്‍ട്ട് വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. നിയമത്തിന്റെ 18ാം വകുപ്പ് പ്രകാരം ജൈവിക പ്രാധാന്യമെന്ന് തോന്നുന്ന ഏത് പ്രദേശവും സംരക്ഷിത പ്രദേശമാക്കാം. ഇങ്ങനെ ഏറ്റെടുക്കുന്ന വസ്തുവില്‍ അവകാശികള്‍ ഉണ്ടാകുന്നത് സ്വാഭാവികം്. ഇത്തരം അവകാശികളുടെ വസ്തുവിവരങ്ങള്‍ വ്യക്തമായി പരിശോധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാന്‍ വന്യമൃഗ സംരക്ഷണ നിയമം 19 ാം വകുപ്പ് പ്രകാരം സെറ്റില്‍മെന്റ് ഓഫീസറെ നിര്‍ദ്ദേശിക്കണം.

സംസ്ഥാന സര്‍ക്കാര്‍ 2006ല്‍ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനത്തിനായി ദേവികുളം സബ്കളക്ടറെ നിര്‍ദ്ദേശിച്ചത് വന്യമൃഗ സംരക്ഷണ നിയമ പ്രകാരമാണ്. ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ വന്യമൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് ഉദ്യാനത്തിന്റെ സംരക്ഷണ അധികാരം ലഭിക്കുകയുള്ളൂ. സെറ്റില്‍മെന്റ് ഓഫീസര്‍ക്ക് സിവില്‍ കോടതിയുടെ ചുമതലയുണ്ടെന്നിരിക്കെയാണ്, കുറിഞ്ഞി ഉദ്യാനത്തില്‍ കൃഷിക്കാരുണ്ടെന്നും അവരുടെ വസ്തു സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സെറ്റില്‍മെന്റ് ഓഫീസറെ മറികടന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മാത്രമല്ല ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ സെറ്റില്‍മെന്റ് ഓഫീസറുടെ മേല്‍ കളക്ടര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടിലുണ്ട്. സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടറെ സ്വാധീനിക്കാനുള്ള ശ്രമവും റിപ്പോര്‍ട്ടിലുണ്ട്. ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ വിവാദ ഉദ്യോഗസ്ഥയ്‌ക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കേണ്ടി വരും.

കൈയേറ്റക്കാരെ രക്ഷിക്കാന്‍:ജയചന്ദ്രന്‍

വന്യമൃഗ സംരക്ഷണ വാര്‍ഡന്‍ നിയമനം വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. ഇത് മറികടന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൈയേറ്റക്കാരെ രക്ഷിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന അദ്ധ്യക്ഷന്‍ എം.എന്‍ ജയചന്ദ്രന്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം 1972 26 എ-മൂന്ന് പ്രകാരം ഒരു ഉദ്യാനത്തിന്റെ അതിര്‍ത്തിമാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ഇതിനായി നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ശുപാര്‍ശ അത്യാവശ്യമാണ്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥ-ഭൂമാഫിയ കൂട്ടുകെട്ട് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.എന്‍ ജയചന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.