സത്യപാലിന്റെ രാജി :സിപിഎം സമ്മര്‍ദ്ദം താങ്ങാനാകാതെ പീഡനക്കേസില്‍ കുടുക്കാനും ശ്രമം

Saturday 25 November 2017 2:30 am IST

തൃശൂര്‍: ലളിതകലാ അക്കാദമി അധ്യക്ഷന്‍ സത്യപാലിന്റെ രാജി സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. അക്കാദമിയിലെ കുത്തഴിഞ്ഞ ഇടപാടുകളും അഴിമതികളുമാണ് ചെയര്‍മാന്റെ രാജിയിലെത്തിയത്. സിപിഎമ്മിലെ പുതിയ വിഭാഗീയതയും പോരിന് ചൂടേറ്റി. എം.എ.ബേബിയുടെ നോമിനിയായ സത്യപാലിനെ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പുകച്ചുപുറത്തുചാടിക്കുകയായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകാതെയാണ് രാജിയെന്ന് സത്യപാലും സമ്മതിക്കുന്നു.

മാര്‍ച്ച് മുതല്‍ താന്‍ രാജിക്കത്ത് പോക്കറ്റിലിട്ട് നടക്കുകയായിരുന്നു എന്നാണ് സത്യപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. സെക്രട്ടറിയേറ്റില്‍ സത്യപാലിനെതിരെ ബാലന്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. സത്യപാലിനെ അദ്ധ്യക്ഷനാക്കിവച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല എന്ന് ബാലന്‍ തീര്‍ത്തു പറഞ്ഞതോടെയാണ് രാജി ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചത്.

മാര്‍ച്ചില്‍ അക്കാദമിയിലെ 12ഓളം ജീവനക്കാര്‍ ഒപ്പിട്ട പരാതി മന്ത്രിക്ക് നല്കിയിരുന്നു. സത്യപാലും അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും തമ്മിലുള്ള ശീതസമരമാണ് പരാതിക്ക് പിന്നില്‍. അക്കാദമിയുടെ മുന്‍ഭാഗത്ത് രണ്ട് പരസ്യക്കമ്പനികള്‍ക്ക് വലിയ ഹോര്‍ഡിങ്ങ് വയ്ക്കാന്‍ അനുവാദം നല്‍കുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കണക്കില്‍ പെടാത്ത ലക്ഷങ്ങള്‍ വാങ്ങിയാണ് ഹോര്‍ഡിങ്ങിന് അനുമതി നല്‍കിയത്.

ഇതിന് പിന്നില്‍ ചില പാര്‍ട്ടി നേതാക്കളുടെ താത്പര്യമാണ്. കഴിഞ്ഞ ഇടതു ഭരണകാലത്ത് സംഗീത നാടക അക്കാദമിയുടെ കോമ്പൗണ്ടില്‍ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് കേസുണ്ട്. അന്നത്തെ സെക്രട്ടറി സി.രാവുണ്ണി ഉള്‍പ്പടെയുള്ളവര്‍ പ്രതികളാണ്.

അക്കാദമിയുടെ പേരില്‍ മാസിക തുടങ്ങാന്‍ തീരുമാനിച്ചതും പാര്‍ട്ടി ഇടപെട്ടതോടെ വിവാദമായി. പത്രാധിപസമിതിയില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവരെ വയ്ക്കണമെന്ന നിര്‍ദ്ദേശം സത്യപാല്‍ അംഗീകരിച്ചില്ല. ഇതേച്ചൊല്ലി സെക്രട്ടറിയും ചെയര്‍മാനും തമ്മില്‍ വാക്‌പോരുമുണ്ടായി.
സെക്രട്ടറി പൊന്ന്യം ചന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മാര്‍ച്ചില്‍തന്നെ പരാതി നല്‍കിയിരുന്നെങ്കിലും എം.എ.ബേബി ഇടപെട്ട് പ്രശ്‌നം താത്കാലികമായി ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.

ഇതിനിടെയാണ് സത്യപാല്‍ പീഡിപ്പിക്കുന്നതായി കാണിച്ച് വനിതാജീവനക്കാരിയുടെ പരാതി. സെക്രട്ടറിയുടെയും പാര്‍ട്ടിയുടെയും താത്പര്യപ്രകാരമാണ് പരാതിയെന്നാണ് സത്യപാലിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. എം.എ.ബേബിയുമായുള്ള അടുപ്പവും അഴിമതിക്കാര്‍ക്കെതിരെ നിലപാടെടുത്തതുമാണ് സത്യപാലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കാന്‍ മറുവിഭാഗത്തെ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. രാജിവെച്ചെങ്കിലും സത്യപാലിനെതിരെ തുടര്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് മന്ത്രി എ.കെ.ബാലന്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.