ലക്ഷങ്ങള്‍ ചോര്‍ത്തുന്ന ബിനാമി കമ്പനിക്ക് വീണ്ടും കരാര്‍

Saturday 25 November 2017 2:30 am IST

കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടി യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത് മഹാരാഷ്ട്ര ആസ്ഥാനമായ ബിനാമി കമ്പനിക്ക്. 1. 27 കോടി രൂപ കരാറെടുത്ത കമ്പനി 40 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല. ലോട്ടറി അച്ചടിക്കുന്ന ഹാരീസ് മെഷീന്റെ ഓവറോള്‍ റിപ്പയറിങ് നടത്താനാണ് ലക്ഷ്യമിട്ടത്.

ഗുണമേന്മയില്ലെന്ന് പറഞ്ഞ് മണിപ്പാലിലെ ഒരു പ്രസ് മടക്കി വിട്ട ബാര്‍കോഡിങ് മെഷീന്‍ കെബിപിഎസ്സിന് കൈമാറിയ അതേ കമ്പനിക്കാണ് അറ്റകുറ്റപ്പണി നടത്താനും കരാര്‍ നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ആധുനിക മെഷീന്‍ ഇറക്കുമതി ചെയ്യുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര കമ്പനിക്ക് മെഷീനുകള്‍ റിപ്പയറിങ് നടത്താനുള്ള സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 1985ല്‍ കെബിപിഎസ് വാങ്ങിയ ഹാരീഷ് മെഷിനിലാണ് ലോട്ടറി പ്രിന്റ് ചെയ്യുന്നത്.

ലോട്ടറി ടിക്കറ്റുകളില്‍ നമ്പറുകള്‍ രേഖപ്പെടുത്താന്‍ എട്ടരക്കോടി ചെലവഴിച്ച് ഒരു വര്‍ഷം മുമ്പ് വാങ്ങിയ ബാര്‍കോഡിങ് മെഷീന്‍ ഹാരീസ് അച്ചടി യന്ത്രവുമായാണ് ഘടിപ്പിച്ചരിക്കുന്നത്. ലോട്ടറി ടിക്കറ്റില്‍ ബാര്‍കോഡിങ് നടത്താന്‍ കരാര്‍ നല്‍കി ദിനം പ്രതി ലക്ഷങ്ങള്‍ ചോര്‍ത്തുന്ന മഹാരാഷ്ട്ര കമ്പനിക്കാണ് ഹാരീസ് മെഷീന്റെയും അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത്.

ടിക്കറ്റിന് മൂന്ന് പൈസക്കാണ് മഹാരാഷ്ട്ര കമ്പനിക്ക് ബാര്‍കോഡിങ് കരാര്‍. ദിവസം 94 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുന്ന കെബിപിഎസ്സില്‍ നിന്ന് ലക്ഷങ്ങളാണ് മഹാരാഷ്ട്ര കമ്പനി ചോര്‍ത്തുന്നത്. എന്നാല്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയും ബാര്‍കോഡിങും ചെയ്യുന്ന മറ്റൊരു കരാറുകാരന് ടിക്കറ്റിന് നാല് പൈസയാണ് നല്‍കുന്നത്. സെക്യൂരിറ്റി പ്രസ് വാടകക്കെടുത്തിരിക്കുന്നത് കരാറുകാരനാണെങ്കിലും അച്ചടിയും ബാര്‍കോഡിങും അടക്കമുളള ജോലികള്‍ ചെയ്യുന്നത് കെബിപിഎസ്സിലെ തൊഴിലാളികളാണ്. പേപ്പര്‍ മാത്രമാണ് കരാറുകാരന് കെബിപിഎസ് നല്‍കുന്നത്.

എന്നാല്‍ ബാര്‍കോഡിങ് ജോലി മാത്രം കരാറെടുത്തിരിക്കുന്ന മഹാരാഷ്ട്ര കമ്പനിക്ക് തുക അതത് ദിവസം നല്‍കുമ്പോള്‍ നാല് പൈസക്ക് ലോട്ടറി അച്ചടിക്കുന്ന കരാറുകാരന് 1.32 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. കെബിപിഎസ്സില്‍ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകളില്‍ ബാര്‍കോഡിങ് ജോലി നിര്‍വഹിക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികള്‍ ഇല്ലെന്ന് പറഞ്ഞ് മെഷീന്‍ ഇറക്കുമതി ചെയ്ത മഹാരാഷ്ട്ര കമ്പനിക്ക് തന്നെ ബാര്‍കോഡിങ് നടത്താന്‍ കരാര്‍ നല്‍കിയത് ദുരൂഹതക്ക് ഇടയാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.