വിരുപ്പാക്ക മില്ലില്‍ വിജിലന്‍സ് പരിശോധന

Friday 24 November 2017 9:26 pm IST

വടക്കാഞ്ചേരി: വ്യവസായ വകുപ്പിനു കീഴിലുളള പൊതുമേഖലാ സ്ഥാപനമായ തൃശൂര്‍ വാഴാനി സഹകരണ സ്പിന്നിംഗ് മില്ലില്‍ വിജിലന്‍സ് വിശദമായ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം മില്ലില്‍ എത്തിയ വിജിലന്‍സ് സംഘം ആറ് മണിക്കൂറില്‍ കൂടുതല്‍ ഓഫീസില്‍ രേഖകള്‍ പരിശോധിക്കുകയും, തുടര്‍ന്ന് രണ്ട് മണിക്കൂറോളം മാനേജിംഗ് ഡയറക്ടറെ ചോദ്യം ചെയ്യുകയും ചെയ്തു.
അഴിമതി സംബസിച്ച് സുപ്രധാന തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായി സൂചനയുണ്ട്. എം.ഡി തല്‍സ്ഥാനത്ത് തുടരുന്നത് തെളിവു നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും കാരണമാകുമെന്നും എം.ഡി യെ തൃശൂര്‍ മില്ലില്‍ നിന്നും നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി.
സ്വകാര്യ പാര്‍ട്ടിയില്‍ നിന്നും യാതൊരു ടെന്‍ഡറും വിളിക്കാതെ ഉയര്‍ന്ന വിലക്ക് കോട്ടണ്‍, പോളിസ്റ്റര്‍ എന്നിവ വാങ്ങിയതിലും, മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് നൂല്‍ വില്‍പ്പന നടത്തിയതിലും ക്രമക്കേടാണ്. തൊഴിലാളികളില്‍ നിന്നും പിരിച്ച ഇ.പി.എഫ്, ഇ.എസ്.ഐ, എല്‍.ഐ.സി, എന്നീ ഫണ്ട് തിരിമറി, വാഹനം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉയര്‍ന്ന യാത്രാബത്ത കരസ്ഥമാക്കിയത് തുടങ്ങിയവയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മില്ലിലെ ട്രേഡ് യൂണിയന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
വ്യവസായ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മില്ലാണ് തൃശൂര്‍ വാഴാനിയിലുളള സഹകരണ സ്പിന്നിംഗ് മില്‍. മന്ത്രിയെ നേരില്‍ കണ്ട് ട്രേഡ് യൂണിയനുകള്‍ എം.ഡിയെ മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. എം.ഡി.യുടെ ഡെപ്യൂട്ടേഷന്‍ കാലാവധി 2016 ഒക്ടോബറില്‍ അവസാനിച്ചു. പിന്നീട് സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടില്ല. ഇപ്പോള്‍ എംഡി കുറ്റിപ്പുറം മാല്‍ കോടെക്‌സ് സ്പിന്നിംഗ് മില്ലിന്റെ അധിക ചുമതല കൂടി വഹിക്കുന്നുണ്ട്. മാല്‍ കോ ടെക്‌സിലെ അഴിമതി സംബന്ധിച്ച കേസിലും അന്വേഷണം നടക്കുകയാണ്.
ഉന്നത തലങ്ങളിലെ അഴിമതിയും ധൂര്‍ത്തുമാണ് മില്ലിനെ ഇത്ര വലിയ തകര്‍ച്ചയിലേക്ക് തളളിവിടുവാന്‍ കാരണമായതെന്ന് തൊഴിലാളികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.