റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Friday 24 November 2017 9:28 pm IST

ചാലക്കുടി: ചാലക്കുടിയില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ബി.ഡിദേവസി എം.എല്‍.എ അറിയിച്ചു.
27 മുതല്‍ 30വരെയാണ് മേള. പ്രധാന വേദിയായ ട്രങ്ക് റോഡ് ജംഗ്ഷനിലെ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളില്‍ 28 നാണ് ഔപചാരിക ഉദ്ഘാടനം. രാവിലെ 10 ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
ബി.ഡിദേവസി എം. എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി മേള നടത്തുന്നത്. വിധി നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സബ് ജില്ലയില്‍ വിധി കര്‍ത്താക്കളായവര്‍ ഇത്തവണ ജില്ലാ കലോത്സവത്തില്‍ ഉണ്ടാകില്ല. ഈ രണ്ടു വിഭാഗത്തിനെയും സംസ്ഥാന കലോത്സവത്തില്‍ നിന്നൊഴിവാക്കും.
ഗ്രീന്‍ പ്രോട്ടോക്കോളും ചാലക്കുടിയിലെ മേള മുതല്‍ നിലവില്‍ വരും. ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും മേളയില്‍ നിന്നും ഒഴിവാക്കും. പകരം സ്റ്റീല്‍, വസ്തി എന്നിവ ഉപയോഗിക്കും.
ഫ്‌ളക്‌സുകള്‍ക്കു പകരം തുണിയില്‍ നിര്‍മ്മിച്ച ബാനറുകള്‍ ഉപയോഗിക്കും. കുട്ടികളെ മണിക്കൂറുകളോളം വെയിലത്തു നിര്‍ത്തുന്ന ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്.
മൊത്തം 16 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. ക്രസന്‌റ് പബ്ലിക് സ്‌കൂള്‍ വേദിയിലായിരിക്കും ഭക്ഷണശാല. എല്ലാ വേദികളില്‍ നിന്നും മത്സരാര്‍ത്ഥികളെ ഇവിടേയ്ക്ക് കൊണ്ടു പോകുന്നതിനും തിരിച്ചെത്തിക്കുന്നതിനും സംഘാടക സമിതി വാഹനങ്ങള്‍ ഏര്‍പ്പെടുത്തും.
എല്ലാ വേദികളിലും കുടിവെള്ളത്തിനും സൗകര്യമൊരുക്കും. മേളയുടെ ഫലം അറിയുന്നതിന് ക്യൂ.ആര്‍. കോഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ എന്‍ട്രി ചെയ്യുന്നതിനും ഇക്കുറി സംവിധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
30 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ സമ്മാന ദാനം നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.