എസ്.ദുര്‍ഗ; സെന്‍സര്‍ ചെയ്ത ചിത്രം കണ്ട് ജൂറിക്ക് തീരുമാനിക്കാം

Saturday 25 November 2017 2:30 am IST

കൊച്ചി : ഗോവ ചലച്ചിത്രമേളയില്‍ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കണ്ട ശേഷം ജൂറി തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്റെ ആദ്യപേരായിരുന്നില്ലേ പ്രശ്‌നമെന്നും അതുമാറ്റിയില്ലേയെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. എന്നാല്‍ മേള തുടങ്ങിക്കഴിഞ്ഞതിനാല്‍ ചിത്രം വീണ്ടും ഉള്‍പ്പെടുത്തുന്നത് മേളയുടെ ക്രമീകരണത്തെ തന്നെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് വാദിച്ചു. നവംബര്‍ 28 വരെ മേള തുടരുമെന്നും വരും ദിനങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സമയക്രമത്തില്‍ ഒഴിവ് ഉണ്ടെന്നും ചിത്രത്തിന്റെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ വാദിച്ചു.

സിനിമ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഇത് ഡിവിഷന്‍ ബെഞ്ച് നിഷേധിച്ചു. തുടര്‍ന്നാണ് ജൂറി ചിത്രം കണ്ട് തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദേശിച്ചത്. ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നും കേന്ദ്രം വാദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.