മനോജ് വധം: ഒരാള്‍കൂടി നുണപരിശോധനയ്ക്ക് ഹര്‍ജി നല്‍കി

Thursday 20 September 2012 4:29 pm IST

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി തീരുമാനം മറികടന്ന് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി നുണപരിശോധനക്ക് ഹര്‍ജി നല്‍കി. നേരത്തെ അഞ്ച് പ്രതികള്‍ നുണപരിശോധനക്ക് ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പ്രതികള്‍ വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി ആവശ്യപ്രകാരം പ്രതിയായതാണെന്നുമാണ്‌ പ്രതികള്‍ പറയുന്നത്‌. കേസിലെ 15 പ്രതികളില്‍ 14 പേരാണ്‌ വിചാരണ നേരിടുന്നത്‌. ഒന്നാം പ്രതി അജിത്‌ കുമാര്‍ അടക്കമുള്ളവരാണ്‌ നുണപരിശോധന ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. മൂന്നു മാസത്തിനുള്ളില്‍ ഇറക്കിത്തരാം എന്ന്‌ പാര്‍ട്ടി പറഞ്ഞിട്ടാണ്‌ താന്‍ കീഴടങ്ങിയതെന്ന്‌ അജിത്കുമാര്‍ പറഞ്ഞു. നേരത്തെ പാര്‍ട്ടി നേതൃത്വം ഹര്‍ജി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. സ്വന്തമായി ഇവര്‍ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തിരുന്നു. കൊയിലാണ്ടി, പയ്യോളി മേഖലയില്‍ സിപിഎമ്മിനകത്ത്‌ നിലനില്‍ക്കുന്ന വിഭാഗീയതയാണ്‌ ഈ നീക്കത്തിന്‌ ഇടയാക്കിയതെന്നാണ്‌ വിവരം. ബിഎംഎസ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട മനോജ്. ആഗസ്ത് 24നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രതികളുടെ അപേക്ഷകള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.